ഇന്ത്യയിലെ മാത്രമല്ല ലോകത്തെ ഏതൊരു വികസിതരാജ്യങ്ങളിലെ പോലീസ് സംവിധാനത്തിനോടും കിടപിടിക്കുന്ന വൈദഗ്ധ്യമുള്ള പോലീസ് സേനയാണ് കേരളത്തിലേത്. ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലുമുള്ള അവരുടെ വൈദഗ്ധ്യം പ്രശംസനീയംതന്നെ. കേരളപോലീസിന്റെ കുറ്റാന്വേഷണചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ക്രൈം ഫയലുകളും രാജാധിപത്യകാലത്ത് രൂപംകൊണ്ട പോലീസ് സേനയുടെ ആദ്യകാല ചരിത്രം മുതല്‍ ഇന്നോളമുള്ള നാള്‍വഴികളും വരിച്ചിടുകയാണ് ‘കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം‘ എന്ന പുസ്തകം.
ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ഫോറന്‍സിക് വിദഗ്ധരില്‍ ഒരാളായ ഡോ. ബി. ഉമാദത്തനാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ‘ഒരു പോലീസ് സര്‍ജ്ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍‘ ,’കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം‘ എന്നീ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് സുപരിചതനാണ് ഇദ്ദേഹം. കേരളപോലീസിന്റെ ആധികാരികമായ ചരിത്രം രേഖപ്പെടുത്തപ്പെടുന്ന മലയാളത്തിലെ ആദ്യപുസ്തകമാണ് ‘കേരളത്തിന്റെ കുറ്റന്വേഷണചരിത്രം‘. പുസ്തകത്തിന്റെ രചനയക്കായി വളരെ വലിയരീതിയുള്ള ഗവേഷങ്ങള്‍ വേണ്ടിവന്നുവെന്ന് ഡോ. ഉമാദത്തന്‍ പറയുന്നു. തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി എന്നി രാജ്യങ്ങളുടെ സ്വ്തന്ത്യപ്രാപ്തിവരെയുള്ള ഏകദേശചരിത്രവും അവിടത്തെ പോലീസ് സംവിധാനത്തെ സംബന്ധിച്ച പരിപൂര്‍ണ്ണമായ ചിത്രവും അദ്ദേഹം ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സ്വാതന്ത്യലബ്ധിക്കുശേഷം കേരളത്തില്‍ പോലീസ് സേനയില്‍ നടപ്പില്‍വരുത്തിയ പരിഷ്‌കാരങ്ങള്‍, പോലീസ് സേനയിലെ തലവന്‍മാരെസംബന്ധിച്ച സമഗ്രവിവരങ്ങള്‍, രാസപരിശേധന ലാബറട്ടറി, ഫിഗര്‍പ്രെിന്റ് ബ്യൂറോ,ഫോറന്‍സിക് സയന്‍സ് ലാബറട്ടറി, സൈബര്‍സെല്‍ തുടങ്ങി കുറ്റാന്വേഷണത്തിനായി രൂപംകൊടുത്ത ആധുനികമായ എല്ലാ സംവിധാനങ്ങളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനരീതികളും പുസ്തകത്തില്‍ പൂര്‍ണ്ണമായി വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കേരളപോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ നാഴിക്കല്ലുകളായ അന്വേഷണ നാള്‍വഴികളും കേസ്സ്‌വിവരങ്ങളും പങ്കുവയ്ക്കുന്നു.
സാധാരണവായനക്കാര്‍ക്കു മാത്രമല്ല ചരിത്രവിദ്യര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വഴികാട്ടിയാകുന്ന അക്കാദമിക് മൂല്യമുള്ള റഫറന്‍സ് പുസ്തകംതന്നെയാണ് കേരളത്തിന്റെ കുറ്റാന്വേഷണചരിത്രം. കേരളപ്പിറവിയുടെ അറുപതാം വര്‍ഷത്തില്‍ കേരളത്തിന്റെ സാസമൂഹ്യസാസംസ്‌കാരികമേഖലകളെ അടയാളപ്പെടുത്തുന്ന ‘കേരളം 60 ‘ എന്ന പുസ്തകപരമ്പയിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.