എണ്ണത്തില്‍ കുറവെങ്കിലും കാമ്പുള്ള നോവലുകള്‍ മലയാളിയ്ക്ക് സമ്മാനിച്ചാണ് 2016 വിടപറയുന്നത്. എഴുത്തിന്റെ ലോകത്ത് ലബ്ധപ്രതിഷ്ഠ നേടിയവരും എഴുത്തിലെ പുതുനാമ്പുകളും ചേര്‍ന്ന് സൃഷ്ടിച്ച അക്ഷരലോകത്തെ ഈ വര്‍ഷാന്ത്യവേളയില്‍ പരിചയപ്പെടാം. ഇതാ മികച്ച ആറ് നോവലുകള്‍….
ചാരസുന്ദരി
വിവര്‍ത്തനകൃതിയെങ്കിലും 2016 ല്‍ നമ്മുടെ ഭാഷയിലിറങ്ങിയ പുസ്തകമെന്നപോലെ ചാരസുന്ദരിയെ സ്വീകരിച്ചു. ജീവിതത്തിലൂടെ കടന്നുപോകുന്ന നോവലാണ് ചാരസുന്ദരി. സര്‍പ്പസൗന്ദര്യകൊണ്ട് പാരീസിലെ പണക്കാരനെയും പാമരനെയും ഒരേപോലെ ആകര്‍ഷിച്ച.., ലോകത്തിലെ ഏറ്റവും കുപ്രസിദ്ധയായ ചാരവനിതയായ മാതാഹരിയുടെ സാഹസിക ജീവിതം തുറന്നുപറഞ്ഞ നോവലാണ് ചാരസുന്ദരി. പൗലോ കൊയ്‌ലോയുടെ ദി സ്‌പൈ എന്ന നോവലിന്റെ പരിഭാഷയാണിത്.
ആകാശ ഊഞ്ഞാല്‍
ഉള്‍ക്കടല്‍, ഇല്ലം, ഹൃദയത്തില്‍ ഒരു വാള്‍, കല്‍ത്താമര തുടങ്ങിയ നോവലുകളിലൂടെ വായനക്കാരുടെ മനസ്സുകീഴടക്കിയ ജോര്‍ജ്ജ് ഓണക്കൂറിന്റെ ഏറ്റവും പുതിയ നോവലായ ആകാശ ഊഞ്ഞാല്‍ പ്രസിദ്ധീകരിച്ചതും 2016 ലാണ്. ‘അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളറകളിലേക്ക് കടന്നുചെന്ന് അഴുകിയ മനസ്സുകളുടെ അവിശുദ്ധലോകത്തെ വെളിവാക്കുന്ന നോവലാണ് ആകാശ ഊഞ്ഞാല്‍. സിദ്ധാര്‍ത്ഥന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഒരു ഫഌഷ്ബാക് ചിത്രം പോലെ വര്‍ത്തമാനകാല സാഹചര്യത്തില്‍ നിന്ന് പഴയകാല ഓര്‍മ്മകളിലേക്ക് നയിക്കുന്ന തരത്തിലാണ് ആകാശ ഊഞ്ഞാലിന്റെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘
പെണ്‍മയുടെ വഴികള്‍
വിവാദമായ രചകളിലൂടെ തുറന്നെഴുത്തിന് പുതിയ വാതായനങ്ങള്‍ നല്‍കിയ സിസ്റ്റര്‍ ജസ്മിയുടെ പുതിയ നോവലാണ് പെണ്‍മയുടെ വഴികള്‍. സ്ത്രീയുടെ വൈകാരിക ജീവിതത്തെയും അവള്‍ തിരഞ്ഞെടുക്കുന്നതോ അവളെ അടിച്ചേല്‍പ്പിക്കുന്നതോ ആയ നിരവധി വഴികളുടെയും അവസ്ഥകളുടെയും നേര്‍ക്കാഴ്ചകളാണ് പെണ്‍മയുടെ വഴികള്‍ എന്ന നോവല്‍. ‘ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നിലവിളിയും പ്രതിഷേധങ്ങളും പൊരുതലുകളുമെല്ലാം ഉയര്‍ന്നുകേള്‍ക്കുന്നു. പുരുഷേധിപത്യ സമൂഹത്തിന്റെ അതിക്രമങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ശാരീരികവും മാനസികവുമായ ശക്തി അവള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അപൂര്‍വ്വം പേരെ അതില്‍നിന്ന് തലയുയര്‍ത്തി ജീവിക്കുന്നുള്ളു. സമൂഹത്തിലെല്ലാം സ്ത്രീയെ കുരുക്കുവീഴ്ത്താനുള്ള കെണികളാണ് ഒരുക്കിയിരിക്കുന്നത്. ഇങ്ങനെയുള്ള സാമൂഹ്യ സാഹചര്യത്തിലാണ് ജെസ്മിയുടെപെണ്‍മയുടെ വഴികള്‍ എന്ന നോവല്‍ പ്രസക്തമാകുന്നത്.’
നീട്ടിയെഴുത്തുകള്‍
നോവലുകളുടെയും ജര്‍മ്മന്‍ പുസ്തകങ്ങളിലൂടെയും വായനക്കാര്‍ക്ക് പ്രിയങ്കരിയായ എഴുത്തുകാരി ഖദീജാ മുംതാസിന്റെ പുതിയ നോവലാണ് നീട്ടിയെഴുത്തുകള്‍. ഇന്ത്യാചരിത്രത്തോടും കേരളത്തിന്റെ സവിശേഷ ചരിത്രാനുഭവങ്ങളോടും ചേര്‍ത്തുവെച്ച് മുസ്‌ലിം സ്ത്രീയുടെ മൂന്നുതലമുറ ജീവിതങ്ങളെയാണ് നീട്ടിയെഴുത്തുകളില്‍ ഖദീജാ മുംതാസ് അവതരിപ്പിയ്ക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അതില്‍ മുസ്‌ലിങ്ങള്‍ വഹിച്ച വിലയേറിയ പങ്കും ‘ഖിലാഫത്ത്’ പ്രസ്ഥാനവും സ്വാതന്ത്ര്യവും വിഭജനവും ലീഗിന്റെ ഉത്ഭവവുമൊക്കെ ‘അയിഷു’ എന്ന നായികാകഥാപാത്രത്തെ എങ്ങനെയൊക്കെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്ന്, ആത്മകഥാപരമെന്ന് തോന്നിപ്പിക്കും വിധം ഖദീജാ മുംതാസ് ആവിഷ്‌കരിക്കുന്നു. ഇതുവരെ പ്രകാശിപ്പിക്കപ്പെടാതെ കിടന്ന ചില ഇടങ്ങളെ ടോര്‍ച്ച് വെളിച്ചം വീശി പ്രകാശിപ്പിച്ചു കാണിക്കുംപോലെയാണ് ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ കണ്ണിലൂടെ ചരിത്രം കടന്നുപോകുന്ന വഴികള്‍ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്.
മറപൊരുള്‍
സാത്താന്‍ ആരാധനയുടെ പിന്നാമ്പുറത്തുകൂടി സഞ്ചരിച്ച തമോവേദം, ജീവന്റെ സഞ്ചാരങ്ങളുടെ കഥ പറഞ്ഞ പ്രാണസഞ്ചാരം എന്നീ നോവലുകളിലൂടെ ആഖ്യാനത്തിന്റെയും എഴുത്തിന്റെയും പുതുവഴികള്‍ പരിചയപ്പെടുത്തിയ രാജീവ് ശിവശങ്കരന്റെ നോവലാണ് മറപൊരുള്‍. ‘അദൈ്വതവേദാന്തത്തിന്റെ പരമാചാര്യന്‍, വശ്യവചസ്സായ കവി, സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതന്‍, സര്‍വ്വസംഗപരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനമാണ് മറപൊരുള്‍ എന്ന നോവല്‍. കല്പിതകഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍ നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനുള്ള ശ്രമമാണ് ഈ നോവല്‍ ശ്രമിക്കുന്നത്.’
കുഞ്ച്‌രാമ്പള്ളം
പരിസ്ഥിതിപ്രവര്‍ത്തകരായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ചേര്‍ന്നെഴുതിയ നോവലാണ് കുഞ്ച്‌രാമ്പള്ളം. ‘മനുഷ്യര്‍ പ്രകൃതിയോട് ചെയ്യുന്ന ചതികളുടെ ആഴവും പരപ്പും എത്രയാണെന്ന് അന്വേഷിക്കുന്ന ഒരു പാരിസ്ഥിതിക നോവലാണ് കുഞ്ച്‌രാമ്പള്ളം. കുഞ്ച്‌രാന്‍ എന്ന കാട്ടുപന്നിയുടെയും അവന്‍ സംരക്ഷിച്ചുപോന്ന കുഞ്ച്‌രാമ്പള്ളം എന്ന വനത്തിന്റെയും കഥയാണ് ഈ നോവലിലൂടെ പറഞ്ഞുപോകുന്നത്. ഈ വനം സംരക്ഷിക്കുന്നതിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷകര്‍ നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കുന്നതിനൊപ്പം ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെയും നോവല്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നു.’
പുതിയ കാലത്തിലെ എഴുത്തുകാരെയും പുതിയ നോവലുകളെയും വരും നാളുകളില്‍ പരിചയപ്പെടാം..