പാപത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തേണ്ട കാലമായെന്ന് സാഹിത്യകാരി എസ്. ശാരദക്കുട്ടി. ഇഷ്ടമില്ലാത്ത പുരുഷന്‍ ഒരിക്കലെങ്കിലും സ്പര്‍ശിക്കാത്ത സ്ത്രീകള്‍ ഭാഗ്യവതികളെന്നും അവര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബും കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ‘സ്ത്രീകള്‍ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ‘എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മലയാള മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ എഴുത്തച്ഛന്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ‘ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സെമിനാര്‍.
ഒരു നേരത്തെ അന്നത്തിനായി ശരീരം വില്‍ക്കേണ്ടി വരുന്നവളെ പാപിയെന്ന് വിളിക്കുന്ന സമൂഹം അവളെ ആസ്വദിക്കാനെത്തുന്നവനെ വെറുതെവിടുന്നു. യഥാര്‍ഥത്തില്‍ ഇവിടെ പുരുഷനല്ലേ പാപം ചെയ്യുന്നത്. മാറുമറച്ചപ്പോള്‍ കീറിയെറിഞ്ഞവരുടെ പിന്‍മുറക്കാരിന്ന് ചുരിദാറിന് മുകളില്‍ വീണ്ടും വസ്ത്രം ധരിക്കാനാവശ്യപ്പെടുന്നു. പുരുഷന്‍ പറയുന്നതിനനുസരിച്ചേ സ്ത്രീ വസ്ത്രം പോലും ധരിക്കാവൂ എന്ന അവസ്ഥയാണിത്. കേരളത്തിനു പുറത്ത് വിശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത വേശ്യാവൃത്തി പ്രോല്‍സാഹിപ്പിക്കുന്നവര്‍ തന്നെ സദാചാര ഗുണ്ടകളാവുന്നതും വൈരുധ്യം. മതങ്ങളുടെ സങ്കുചിതത്തോട് പുരോഗമന പ്രസ്ഥാനങ്ങള്‍ പോലും ചേര്‍ന്നു നില്‍ക്കുന്നത് ഭീകരമായ അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ സ്വമേധയാ എഴുന്നേറ്റു നിന്നിരുന്ന നമ്മുടെ ആന്തരിക ചൈതന്യത്തിന് ക്ഷതമേല്‍പ്പിക്കലാണ് ഇപ്പോഴുള്ള നിര്‍ബന്ധിത എഴുന്നേല്‍പ്പിക്കല്‍. നൈമിഷിക ഇക്കിളികള്‍ക്കപ്പറുത്ത് സമൂഹത്തിന്റെ ജാഗ്രത നഷ്ടപ്പെട്ടിരിക്കുന്നു. ഉപരിപ്ലവ ചര്‍ച്ചകള്‍ മാത്രമാണിപ്പോള്‍ നടക്കുന്നത്. ആന്തരിക നവോത്ഥാനമാവണം പുസ്തകങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീയുടെ ഉന്നമനത്തിന് സമൂഹത്തിന്റെ സ്‌ത്രൈണതയുടെ സാന്ത്വന സ്പര്‍ശം വേണം. വിവാഹത്തില്‍ പോലും മതം അധികാരം സ്ഥാപിക്കുന്നതില്‍ നിന്ന് മോചനം വേണം- അവര്‍ പറഞ്ഞു.
കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി വി. രാജീവ് പുസ്തക പരിചയം നടത്തി. സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് അരുണ്‍ എഴുത്തച്ഛന്‍ മറുപടി നല്‍കി. പ്രസ്‌ക്ലബ് സെക്രട്ടറി ഏബ്രഹാം തടിയൂര്‍, കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ വിനോദ് ഇളകൊള്ളൂര്‍, നിര്‍വാഹക സമിതിയംഗം നസീബ് കാരാട്ടില്‍, ഷാന്‍ രമേശ് ഗോപന്‍, കോന്നിയൂര്‍ ദിനേശന്‍, അധ്യാപകരായ ഡോ. പി.ടി. അനു, ഡോ. ആര്‍. രേഖ, ഗവേഷക വിദ്യാര്‍ഥി ആര്‍. ഇന്ദു എന്നിവര്‍ പ്രസംഗിച്ചു.