മലയാളകാവ്യ ചരിത്രത്തിലേക്കുള്ള ഒരു മഹദ് സംഭാവനയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. പ്രമേയ സ്വീകാര്യതയിലും ആവിഷ്കരണത്തിലും അനുവാചക അംഗീകാരം കൊണ്ട് ശ്രദ്ധേയനായ കവി. ജനകീയമായ കവിതകളിലൂടെ അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചു. മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു.
തീക്ഷ്ണമായ ഊർജ്ജ പ്രസാരം കവിതയ്ക്കു നൽകിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പതിനെട്ടു കവിതകൾ , അമാവാസി , ഗസൽ , മാനസാന്തരം , ഡ്രാക്കുള , പ്രതിനായകൻ എന്നീ ആറു പുസ്തകങ്ങളിലായി വന്ന 79 കവിതകളുടെ സമാഹരണമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന ഈ പുസ്തകം.പറയത്തക്ക എഴുത്ത് പാരമ്പര്യമൊന്നും എടുത്തു പറയാനില്ലാത്ത ബാലചന്ദ്രൻ ചുള്ളിക്കാട് ആത്മരക്ഷാർത്ഥമാണ് കവിയായി മാറിയതെന്ന് ആമുഖത്തിൽ പറയുന്നു.രതിയും മൃതിയുമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിൽ. പ്രണയത്തിന്റെയും മരണത്തിന്റെയും സകല രൂപങ്ങളുമുണ്ട് കവിയുടെ ഓരോ വരികളിലും
സ്വന്തം കുരുതിയിലേക്ക് പോകുന്നൊരീ –
ക്കൊമ്പു ചുവന്നോരറവു മൃഗങ്ങൾക്കു
പിമ്പേ നടക്കുമ്പോഴും നമ്മെ ബന്ധിപ്പ-
ത്തെന്താഭിചാരം ? പ്രണയമോ പാപമോ ?
മലയാളകവിത അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ കാലഘട്ടത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയുടെയും ഉദയം. അദ്ദേഹത്തിന്റെ ആദ്യകാല കവിതകള്‍ സമാഹരിച്ച പുസ്തകമായ പതിനെട്ടു കവിതകള്‍ വിറ്റഴിഞ്ഞത് ഒരു നല്ല വിതരണ ശൃംഖല പോലും ഇല്ലാതെയായിരുന്നു.
ബാലചന്ദ്രന്റെ കാവ്യപ്രതിഭയെ നിർവചിക്കുന്ന സ്വഭാവങ്ങളിലൊന്നാണ് അതിൽ അതിഭാവുകത്വം കലരുന്ന നാടകീയത. ഒരു വലിയ വിഭാഗം സഹൃദയരെ കവിതയിലേക്കാകർഷിച്ചു നിർത്തുന്നതും കവിതയിലെ ആ നാടകീയത തന്നെയെന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന പുസ്തകത്തെ ആധാരമാക്കി കവി കെ സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു.
ചൂടാതെ പോയ് നീ നിനക്കായ് ഞാൻ ചോര
ചാറിച്ചുവപ്പിച്ചൊരെൻ പനിനീർപൂവുകൾ
കാണാതെ പോയ് നീ നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്ന് തൊടാതെ പോയീ വിരൽത്തുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമീ തന്ത്രികൾ …
നിരന്തരം വേട്ടയാടുന്ന അസഫലീകൃത പ്രണയത്തിന്റെ പിടയുന്ന സ്മൃതികളോടുള്ള സംവാദമാണ് ചുള്ളിക്കാടിന്റെ മിക്ക കവിതകളിലും . ആനന്ദധാരയിൽ ഈ പ്രണയിനി താൻ ചോരയേറ്റി ചുവപ്പിച്ച പനിനീർ കൂടാതെ പോയല്ലോ എന്ന പരിദേവനമുണ്ട്. ക്ഷമാപണം എന്ന കവിതയിലെ ‘പ്രേമം ജ്വലിക്കുകയാണ് നിരന്തരമെന്റെ ജഡാന്തര സത്തയിൽ’ എന്ന പ്രണയിനിയോടുള്ള മാപ്പിരക്കലും എല്ലാം കവിയുടെ തീക്ഷ്ണമായ കാവ്യഭാവനയുടെ കറപുരളാത്ത പിറവിയാണ്.
കവിതയുടെ ആത്മീയത സാക്ഷാത്കരിക്കപ്പെടുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിൽ.’ഗസൽ ‘ പോലൊരു രചനയിൽ കവിയുടെ പ്രിയപ്രമേയങ്ങളെല്ലാം ഒരു കൊളാഷിലെന്ന പോലെ അന്വയിക്കപ്പെടുന്നു. കവിതയുടെ ആധുനിക – ഉത്തരാധുനിക വിഭജനങ്ങൾ അസാധുവാക്കി കവിതയുടെ പരാമസ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന പുസ്തത്തിലൂടെ.
ഡിസംബർ 2010 ലാണ് ഡി സി ബുക്സ് ആദ്യമായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ പന്ത്രണ്ടാമത്തെ പതിപ്പാണിത്. ഡി സി ബുക്സിന്റെ എല്ലാ ഷോറൂമുകളിലും പുസ്തകം ലഭ്യമാണ്.