ഈ 2016ല്‍ മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെയും പുതിയ എഴുത്തുകാരുടെയും മികച്ച രചനകള്‍ പുറത്തിറങ്ങിയത് ഡി സി ബുക്‌സിലുടെയായിരുന്നു. മുന്‍വര്‍ഷങ്ങളിലേതുപോലെതന്നെ ഇക്കൊല്ലവും ഓരോ വിഭാഗത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കുന്നതിനായി ജനപ്രിയനോവലുകള്‍, ചെറുകഥകള്‍, വിവര്‍ത്തന കൃതികള്‍, ആത്മകഥ, ജീവചരിത്രം, നിരൂപണം, പഠനം, ചരിത്രം, സെല്‍ഫ്‌ഹെല്പ്, പാചകം, തുടങ്ങി മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ഗരിമയാര്‍ന്ന പുസ്തകങ്ങള്‍ കൈരളിക്കു സമര്‍പ്പിക്കുവാന്‍ ഡി സി ബുക്‌സിനു സാധിച്ചു.
എങ്കിലും ചെറുകഥാപുസ്തകങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു ഈ വര്‍ഷം. എം മുകുന്ദന്‍, സക്കറിയ, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ പ്രശസ്തരുടേതുള്‍പ്പെടെ നിരവധി കഥാപുസ്തകങ്ങളാണ് വായനക്കാരിലെത്തിയത്. അവയില്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത പുസ്തകങ്ങളെ പരിചയപ്പെടാം…
തേന്‍- സക്കറിയ
സക്കറിയ അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ കഥകളുടെ സമാഹാരമാണ് തേന്‍. പുതിയ തലമുറയിലെ എഴുത്തുശൈലികള്‍ക്കപ്പുറമുള്ള ആവീഷ്‌കാരതന്ത്രമായാണ് അദ്ദേഹം തന്റെ പുതിയ കഥാസമാഹാരത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. തേന്‍, സിനിമാകമ്പം, മദ്യശാല, റാണി, കുഞ്ഞുദിവസം, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും,അറുപത് വാട്ടിന്റെ സൂര്യന്‍, രണ്ടു സാഹിത്യ സ്മരണകള്‍, അല്ലിയാമ്പല്‍ക്കടവില്‍, ങ്ഹും, പണിമുടക്ക് തുടങ്ങിയ ചെറുതും രസകരവുമായ ഒരു ഡസന്‍ കഥകളാണ് തേനില്‍ സമാഹാരിച്ചിരിക്കുന്നത്. സമകാലികപ്രസക്തിയുള്ള പ്രമേയങ്ങള്‍കൊണ്ടും ആഖ്യാനഭംഗികൊണ്ടും വേറിട്ടുനില്‍ക്കുന്നവയാണ് ഇതിലെ ഒരോ കഥയും.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ- എം മുകുന്ദന്‍
സമകാലിക സമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷമമായി അടയാളപ്പെടുത്തുന്ന കഥകളാണ് എം . മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥാ സമാഹാരം. ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, അച്ചന്‍, അമ്മമ്മ , രക്ഷിതാക്കള്‍ , മലയാളി ദൈവങ്ങള്‍ , ചാര്‍ളി സായ്‌വ് , സന്ത്രാസം എന്നീ 7 കഥകളാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമകാലീക സംഭവങ്ങളുടെ വളരെ ലളിതമായ ആവിഷ്‌കരണമാണ് കഥകളിലെല്ലാം നമുക്ക് കാണാന്‍ സാധിക്കുന്നത്.
ബിരിയാണി- സന്തോഷ് ഏച്ചിക്കാനം
2016ല്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി. മലബാറിലെ ഭക്ഷണധൂര്‍ത്തിന്റെ കഥവെളുപ്പെടുത്തിയതിലൂടെ മതവര്‍ഗ്ഗീയവാദികളുടെ ഭീക്ഷണിപോലും നേരിടേണ്ടി വന്നു കഥാകൃത്തിന്. ഇറങ്ങിയ അടുത്തനാളുകളില്‍ തന്നെ പുതിയപതിപ്പ് പുറത്തിറക്കേണ്ടിവന്ന അപൂര്‍വ്വം ചില പുസ്തകങ്ങളുടെ സ്ഥാനത്താണ് ബിരിയാണിയുടെയും ഉള്‍പ്പെടുന്നത്. മാത്രമല്ല പുസ്തകവിപണിയില്‍ ഇന്നും മുന്നില്‍ നില്‍ക്കുന്നതും ഈ കഥാപുസ്തകം തന്നെയാണ്. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, മരപ്രഭു, ലിഫ്റ്റ്, ആട്ടം, u v w x y z തുടങ്ങി ഏഴ് കഥകളാണ് ബിരിയാണി എന്ന കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കല്‍പ്പണിക്കാരന്‍- അശോകന്‍ ചരുവില്‍
ആത്മകഥയ്ക്ക് ഒരാമുഖം, നോക്കുകൂലി, കാട്ടൂര്‍ക്കടവിലെ കല്‍പ്പണിക്കാരന്‍, മദ്യമുക്തമായ പുളിക്കടവ്, വെള്ളിലംകുന്നിലെ ഒരുരാത്രി, നിലാവിന്റെ തേര്‍വാഴ്ച, നിറഭേദങ്ങള്‍; ഒരു പഴയനോവല്‍, സുരക്ഷിതം എന്നിങ്ങനെ സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട എട്ട് കഥകളാണ് കല്‍പ്പണിക്കാരന്‍ എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഉത്തരാധുനിക എഴുത്തുകാരില്‍ പ്രശസ്തനായ അശോകന്‍ ചരുവിലിന്റെ തൂലികയില്‍ വിരഞ്ഞ ഈ കഥകളില്‍ മുനുഷ്യനായിരിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ നിതാന്തസത്യമെന്നും അതുപേക്ഷിച്ചുകൊണ്ടുള്ള മനവികത വെറും യാന്ത്രികാനുഭവങ്ങളുടെ ആവര്‍ത്തനവിധിമാത്രമായിരിക്കുമെന്നും ഉദ്‌ഘോഷിക്കുന്ന കഥകളാണ് ഇവ. ഞാന്‍ എന്ന വ്യക്തിയിലൂടെ..സമൂഹത്തെ കാണാനാണ് അശോകന്‍ ചരുവില്‍ ഈ കഥകളിലൂടെയെല്ലാം ശ്രമിക്കുന്നത്. എന്നിരുന്നാലും സമൂഹത്തിലെ എല്ലാത്തരക്കാരായ ആളുകളുടെയും ജീവതാന്തരീക്ഷത്തിലൂടെയാണ് കല്‍പ്പണിക്കാരനിലെ ഓരോകഥയും കടന്നുപോകുന്നത്.
കൊല്ലപ്പാട്ടി ദയ- ജി ആര്‍ ഇന്ദുഗോപന്‍
ചട്ടമ്പിസ്സദ്യ, പാലത്തിലാശാന്‍, ഒരു പെണ്ണും ചെറുക്കനും പിന്നെ… ആരാണ് ആ മുറിയില്‍?, എലിയാവണം, വില്ലന്‍, കൊല്ലപ്പാട്ടി ദയ തുടങ്ങി ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ പ്രേരിപ്പിക്കുന്ന 16 കഥകളുടെ സമാഹാരമാണ് ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ. വ്യത്യസ്തമായ ഭൂമികയിലൂടെ സഞ്ചരിക്കുന്ന, ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാവുന്ന കഥകളാണ് ഇവയെല്ലാം. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് കൊല്ലപ്പാട്ടി ദയ. മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദമായും വിലയിരുത്താവുന്ന കൃതിയാണിതെന്ന് എന്ന് ഡോ. എസ്.എസ്.ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നു.
സിറാജുനിസ- ടി ഡി രാമകൃഷ്ണന്‍
ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ആല്‍ഫ, എന്നീ നോവലിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് സിറാജുന്നീസ. 1991 ഡിസംബര്‍ 15ന് പാലക്കാട് പട്ടണത്തിലെ പുതുപ്പള്ളി തെരുവില്‍ വെച്ച് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പതിനൊന്നു വയസ്സുകാരിയായ സിറാജുന്നീസ എന്ന പെണ്‍കുട്ടിയെ ഓര്‍മ്മിക്കുന്ന കഥയാണിത്. ഇന്ത്യയില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ ജീവിതം എത്രത്തോളം ദുഷ്‌കരമാണെന്ന് വരച്ചിടുകയാണ് സിറാജുന്നീസ എന്ന കഥയിലൂടെ ടി.ഡി.രാമകൃഷ്ണന്‍. ഓരോ നിമിഷവും ഒരു ചീത്ത വാര്‍ത്ത കേള്‍ക്കാന്‍ തയ്യാറായിരിക്കുന്ന തരത്തിലേക്ക് മാറിയ കാലത്തിന്റെ അങ്കലാപ്പില്‍ പിറന്ന ഏഴ് കഥകളുടെ സമാഹാരമാണിത്. സമകാലിക ഇന്ത്യന്‍ അവസ്ഥകളുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഈ കഥകള്‍ വരച്ചിടുന്നത്.