ബഹുരൂപിയായ ജീവിതത്തെ അഭിമുഖീകരിക്കാനും അടയാളപ്പെടുത്താനുമുള്ള വഴിയാണ് ശിവകുമാർ അമ്പലപ്പുഴയ്ക്ക് കവിത. ഒരുതരം നഗരനാടോടിത്ത ഭാവത്തോടെ മണ്ണിലും മരത്തിലും തെരുവിലും അടുക്കളയിലും അത് സഞ്ചരിക്കുന്നു. പല സ്വരങ്ങളിൽ അത് മൊഴിയുന്നു. നിത്യ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യ സങ്കുലത വാറ്റിക്കുറുക്കിയ വാക്കെന്നും ആ കവിതകളെ വിളിക്കാം. അത്തരത്തിൽ പരിഭാഷപ്പെടുത്തിയ 29 കവിതകളുടെ സമാഹരണമാണ് ശിവകുമാർ അമ്പലപ്പുഴയുടെ പാവലേ എൻ പാവലേ .
ലോകവുമായുള്ള നേർബന്ധത്തെ ആധാരമാക്കിയുള്ള കവിതയുടെ നിർമ്മിതിക്കുള്ള ശ്രമങ്ങളാണ് പാവലേ എൻ പാവലേ യിലെ കവിതകൾ. നാട്ടുമൊഴിയുടെയും , തുള്ളൽപ്പാട്ടിന്റേയും ഭാഷാപരമായ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് സമകാലിക കേരളീയജീവിതത്തിന്റെ സത്യസന്ധമായ ചിത്രമാണ് ഈ കവിതകൾ കാട്ടിത്തരുന്നത്.നഗരത്തിലെ കവിയേയാണ് ‘മൂക്കുന്നി’യിൽ നാം കാണുന്നത് ‘പരമ(വ)സ്തവ ‘ ത്തിൽ ഗ്രാമത്തിലെ കവിയേയും.തിരുവനന്തപുരം നഗരത്തിലെ ഒരു ബഹുനില ഭവനസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും അകലെയുള്ള മൂക്കുന്നി മലയിലേക്കുള്ള നോട്ടമാണ് മൂക്കുന്നി.
”അടർന്നതിന്നവശേഷങ്ങളിൽ
അദൃശ്യദൃശ്യങ്ങൾ
ആനകുതിര തേര് കാലാൾ
കോട്ട കൊത്തളം അന്തഃപുരങ്ങൾ
നാടകശാല ദേവാലയങ്ങൾ
തേവിടിശ്ശിപ്പുരകൾ
തെമ്മാടിക്കുഴികൾ
തെരുവിലമ്മത്തൊട്ടിലുകൾ”
നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്ന ഭർത്താവ് മറന്നത് ഓർമ്മിക്കാനായി നടത്തുന്ന ഒരു ശ്രമമാണ് ‘സ’ എന്ന കവിത. ‘സ’ യിൽ തുടങ്ങുന്ന പരിചിത വസ്തുക്കളെല്ലാം അയാളുടെ സ്മൃതിയിൽ മാറിമറിയുന്നു. കവിതയുടെ സന്ദർഭത്തിൽ പ്രത്യക്ഷമായ പദങ്ങളുടെ ക്രമരഹിതവിന്യാസം വഴി സമകാലിക സംസ്കാരത്തിന്റെ വിമർശനവും ,വിശകലനവുമായി മാറുന്നു കവിത. കവിത തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്.
കുറിച്ച് തരാമെന്നവൾ പറഞ്ഞതാണ്
വേണ്ടെന്നു ഞാൻ
എന്നിട്ടും മറന്നല്ലോ
സവാള സോസ് സിന്ദൂരം
നാലാമത്തേതായിരുന്നു ‘സ’
പാവലേ എൻ പാവലേ യിൽ ഒരിടത്തും ചിഹ്നങ്ങൾ നാം കാണുന്നില്ല. വിരാമങ്ങൾ , അർദ്ധവിരാമങ്ങൾ , വലയങ്ങൾ , തുടങ്ങിയ ആഖ്യാന ഭാഷയിലെ ചിഹ്നങ്ങൾ തിരസ്കരിക്കപ്പെട്ട ഈ ഉത്തരാധുനിക കവിതയിൽ അർത്ഥങ്ങൾ ദ്രവത്വത്തിലേക്ക് സ്വാതന്ത്രമാകുന്ന കാവ്യസമ്പ്രദായമാണ് കവി പ്രയോഗിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയാണ് ശിവകുമാർ അമ്പലപ്പുഴയുടെ സ്വദേശം.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉദ്യോഗസ്ഥനാണ്. നവംബർ 2016 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.