ഒറ്റമൂലി വൈദ്യം ഒരിക്കലും ഒരു ഡോക്ടർക്കു സമാനമാകില്ലെങ്കിലും പല അടിയന്തിര ഘട്ടങ്ങളിലും ഒറ്റമൂലികൾ വളരെയേറെ ഉപയോഗപ്രദമാണ്. നമ്മുടെ വീട്ടു മുറ്റങ്ങളിലും , തൊടികളിലും വയലുകളിലും , കാവുകളിലും കാണുന്ന സുപരിചിതങ്ങളായ ചെടികളും ഇലകളും തണ്ടുകളും എല്ലാം ഒറ്റമൂലി പ്രയോഗത്തിലെ അവശ്യ വസ്തുക്കളാണ്. വേണ്ട വിധത്തതിൽ അറിഞ്ഞു പ്രയോഗിക്കുകയാണെങ്കിൽ ഔഷധ സസ്യങ്ങളുടെ ഒരപൂർവ്വ പ്രപഞ്ചം തന്നെ നമുക്ക് ചുറ്റുമുണ്ട്. ചെറുതും വലുതുമായ മിക്ക അസുഖങ്ങളും അസ്വാസ്ഥ്യങ്ങളും പണച്ചിലവില്ലാതെ തന്നെ ഒറ്റമൂലി വൈദ്യത്തിലൂടെ നമുക്ക് സുഖപ്പെടുത്താം. നമുക്ക് നിത്യപരിചയമുള്ള ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഒരമൂല്യ ഗ്രന്ഥമാണ് വേലായുധൻ പണിക്കശ്ശേരിയുടെ ഒറ്റമൂലി വിജ്ഞാന കോശം.
ഡോ. ശർമ്മ എന്ന തൂലികാനാമത്തിൽ 24 വർഷക്കാലം താളിയോല ത്രൈമാസികയിൽ ഒറ്റമൂലികൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്ന വേലായുധൻ പണിക്കശ്ശേരിയുടെ മാർഗദർശിയായ ഒരു പുസ്തകമാണ് ഒറ്റമൂലി വിജ്ഞാന കോശം. അനാവശ്യ പണച്ചിലവുകളോ പാർശ്വഫലങ്ങളോ ഇല്ലാത്ത ഈ ഒറ്റമൂലി പ്രയോഗങ്ങൾ ഒരു മികച്ച പ്രതിവിധിയാണ്. പലവിധ ഗൃഹചികിത്സാമുറകളും നാം മറന്നു തുടങ്ങിയിരിക്കുന്നു. ഇത്തരം ചികിത്സകൾ അപായരഹിതവും അനുഭവ സിദ്ധങ്ങളുമാണ്.
മുന്നൂറ്റിയമ്പതോളം രോഗങ്ങൾക്കുള്ള നാലായിരത്തോളം ഫലപ്രദമായ ഒറ്റമൂലി പ്രതിവിധികൾ , ആയുർവേദം യുനാനി , സിദ്ധ , മർമ്മചികിത്സ തുടങ്ങിയ വൈദ്യസമ്പ്രദായങ്ങളിലെ അനുഭവ സിദ്ധമായ പ്രയോഗങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അകാലനര , നിത്യയൗവ്വനം , സൗന്ദര്യം , വന്ധ്യതാ , വയറു വേദന , വരണ്ട മുഖചർമ്മം , ശ്വാസ തടസം ,സന്ധിവേദന , സന്ധിവാതം തുടങ്ങി ഒരു മനുഷ്യജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ അസ്വസ്ഥതകൾക്കും ഒരു പ്രതിവിധിയാണ് ഈ അമൂല്യ ഗ്രന്ഥം.
ചരിത്ര ഗവേഷണം , ജീവ ചരിത്രം , തൂലികാ ചിത്രം , ബാലസാഹിത്യം ,ഫോക്ക്‌ലോർ , ആരോഗ്യം എന്നീ വിഭാഗങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് വേലായുധൻ പണിക്കശ്ശേരി. രണ്ടു വ്യാഴവട്ടകാലത്തോളം താളിയോല എന്ന ഗവേഷണ മാസിക നടത്തി വന്ന പണിക്കശ്ശേരിയുടെ ഒറ്റമൂലി വിജ്ഞാനകോശം ഡി സി ബുക്സ് 2014 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.