മാതൃരാജ്യത്തിന്റെ ചരിത്രം നമുക്ക് നല്ലതുപോലെ അറിയാമോ എന്ന ചോദ്യം നാം നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. അറിഞ്ഞുകൂടായെങ്കിൽ നമുക്ക് അല്പം ലജ്ജിക്കേണ്ടതായി വന്നേക്കും. ചരിത്രത്തിൽ നമുക്കറിയുന്നതിനേക്കാൾ കൂടുതൽ അറിയാത്തകാര്യങ്ങൾ തന്നെ. ഏറ്റവും പഴയ ഭൂതകാലത്തിലെ സംഭവങ്ങൾ വളരെ കുറച്ചു മാത്രമേ നമുക്കറിയുകയുള്ളൂ. അതും സത്യസന്ധമായഅറിവുകളായിരിക്കില്ല വെറും ഊഹാപോഹം മാത്രം. ചരിത്ര തെളിവുകളുടെ മൂകമായ കഥകളാണ് മാലിയുടെ കുട്ടികൾക്ക് ഇന്ത്യാ ചരിത്രം എന്ന പുസ്തകം.
കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അൻപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളിൽ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. മാവേലി എന്ന തൂലികാ നാമവും വനമാലി എന്ന തൂലികാനാമവും ഉപയോഗിച്ചാണ് മാലി കഥകൾ എഴുതിയിരുന്നത്.
ചരിത്രത്തിലെ പ്രധാനപ്പെട്ട വസ്തുതകൾ മാത്രം കോർത്തിണക്കിയാണ് മാലി കുട്ടികൾക്ക് ഇന്ത്യാ ചരിത്രം എന്ന പുസ്തകം രചിച്ചിരിക്കുന്നത്. കുട്ടികൾക്ക് എളുപ്പത്തിൽ വായിക്കാൻ സാധിക്കുന്ന തരത്തിൽ വലിയ അക്ഷരങ്ങളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ചരിത്ര പുസ്തകങ്ങളിൽ കാണുന്നതു പോലെ അധ്യായങ്ങളായി പുസ്തകം തരം തിരിച്ചിട്ടില്ല. കൂടാതെ തലക്കെട്ടുകളും അടിക്കുറിപ്പുകളും ഇല്ല. ചെറിയ ചരിത്രകഥകൾ കോർത്തിണക്കിയ നീണ്ട ചിത്രകഥ. അതാണ് കുട്ടികൾക്ക് ഇന്ത്യാ ചരിത്രം എന്ന പുസ്തകത്തിന്റെ സ്വഭാവം. ചരിത്രത്തിലെ കാലസൂചനകൾ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഓർത്തിരിക്കാൻ ബുദ്ദിമുട്ടാണ്.അതുകൊണ്ടു തന്നെ പ്രധാനപ്പെട്ട വർഷങ്ങൾ മാത്രമേ ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളൂ.
1950 വരെയുള്ള ഇന്ത്യാ ചരിത്രമാണ് കുട്ടികൾക്ക് ഇന്ത്യാ ചരിത്രം എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. മാലിയുടെ ഇതിഹാസ പുരാണകഥകൾ വായിച്ചു രസിച്ചിട്ടുള്ളവർക്ക് അതേ കൗതുകത്തോടെ വായിക്കാവുന്നതാണ് കുട്ടികൾക്ക് ഇന്ത്യാ ചരിത്രം എന്ന പുസ്തകം. കൃതഹസ്തനായ രചയിതാവ് ഒരു ചരിത്ര വസ്തുതയ്ക്കും പോറലേൽപിക്കാതെ ഒറ്റ ശ്വാസത്തിൽ രസകരമായി പറഞ്ഞു തീർക്കുകയാണ് ഇന്ത്യാ ചരിത്രം. നമ്മുടെ നാടിൻറെ ചരിത്രകഥ കുട്ടികൾക്ക് ആസ്വാദ്യകരമാകും വിധം ലളിതമായ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്ന ഒരസാധാരണ പുസ്തകമാണ് മാലിയുടെ കുട്ടികൾക്ക് ഇന്ത്യാ ചരിത്രം.
പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.