കന്നുകാലി വളർത്തലിലും ക്ഷീരഉൽപാദനത്തിലും ഇന്ത്യയാണ് മുൻപന്തിയിൽ എന്ന കാര്യം എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ജൈവസമ്പത്തിൽ ഏറ്റവും മികച്ചതും അമൂല്യവുമായ ഒന്നാണ് നാടൻ പശുക്കൾ. എന്നാൽ പശുക്കളെ വളർത്താനും അവയുടെ പരിപാലനരീതികളെയും പറ്റി അറിയാൻ നാം കൂടുതൽ ഒന്നും ശ്രമിക്കുന്നില്ല. കാരണം കന്നുകാലിവളർത്തൽ നമ്മുടെ സമകാലീക തൊഴിൽ മേഖലയിൽ നിന്ന് തന്നെ പതുക്കെ മാഞ്ഞു പോകുകയാണ്. ഒത്തിരി നന്മകളുള്ള നമ്മുടെ നാടൻ പശുക്കളുടെ ശാരീകമായ പ്രത്യേകതകളും അവയുടെ ഉത്ഭവവും എല്ലാം കൃഷിവകുപ്പ് മുൻഡയറക്ടറും ജൈവ-നാടൻ കൃഷിരീതികളുടെ പ്രചാരകനുമായ പി.ജെ. ജോസഫ് രചിച്ച നാടൻപശുക്കളും പരിപാലനരീതികളും എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പശുക്കളെ വളർത്തുന്നവർക്കും താല്പര്യമുള്ളവർക്കും ഏറെ വിജ്ഞാനപ്രദമായ ഈ പുസ്തകം ആഖ്യാനത്തിന്റെ ലാളിത്യം കൊണ്ടും ഉള്ളടക്കത്തിന്റെ ആഴം കൊണ്ടും വളരെ രസകരമായ വായനാനുഭവമാകുന്നു. നാടൻ പശുക്കളുടെ നാൾവഴി, കേരളത്തിലേക്കുള്ള മറുനാടൻ കാലികളുടെ കടന്നുവരവ്, കേരളത്തിലെ നാടൻ പശുവിനങ്ങൾ, നാടൻ പശുപരിപാലനം, നാടൻ ചികിത്സാപ്രയോഗങ്ങൾ, നാടൻപശുവിനെ ഉപയോഗിച്ചുള്ള പ്രകൃതിസൗഹൃദകൃഷി എന്നിങ്ങനെ സമഗ്രമായിട്ടാണ് നാടൻപശുവിനെ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നത്. കൂടാതെ കേരള കന്നുകാലി വികസനബോർഡ്,കേരള ജൈവ വൈവിധ്യ ബോർഡ്, ആലപ്പുഴയിലെ ഗാന്ധിസ്മാരക കേന്ദ്രം എന്നീ സ്ഥാപനങ്ങൾ കേരളത്തിലെ നാടൻ കന്നുകാലിവർഗ്ഗസംരക്ഷണ രംഗത്ത് നിർവ്വഹിക്കുന്ന പങ്കിനെയും ലേഖകൻ പ്രതിപാദിക്കുന്നു. ഇന്ന് ഇന്ത്യയിലെ നാടൻ ഇനങ്ങൾ പലതും അമേരിക്ക, മെക്സിക്കോ, വെനിസ്വേല തുടങ്ങിയ പലവിദേശരാജ്യങ്ങളിലും ക്ഷീരകർഷകർക്കു പ്രിയപ്പെട്ടതാണെന്നും പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടുന്നു.
നാടൻ പശുക്കളെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അവയുടെ തീറ്റ, കുടി, തൊഴുത്ത്, നാടൻ ചികിത്സാരീതികൾ ഒക്കെ ഈ പുസ്തകം ചർച്ച ചെയ്യുന്നു. കേരളത്തിൽ ജൈവകൃഷി ഒരു ജീവിതശൈലിയാകാൻ അതിന്റെ ആണിക്കല്ലാകേണ്ടത് നാടൻപശുക്കളാണ്. നാടൻപശുക്കളുടെ മഹത്തരമായ ഗുണവിശേഷങ്ങൾക്കു മുന്നിൽ പുറംതിരിഞ്ഞുനിൽക്കുന്ന ഒരു സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്ന വിശിഷ്ടവിജ്ഞാനമാണ് നാടൻപശുക്കളും പരിപാലനരീതികളും എന്ന പുസ്തകം എന്ന് ആമുഖലേഖനത്തിൽ ആർ. ഹേലി വിശേഷിപ്പിക്കുന്നു. പി.ജെ. ജോസഫിന്റെ ഈ പുസ്തകം മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.