ശക്തമായ മഞ്ഞുപെയ്ത്തില്‍ വിറങ്ങലിച്ചു കിടന്ന കാഷ്മീര്‍ താഴ്‌വര പോലും കരഞ്ഞുകാണണം. അവളുടെ മടിത്തട്ടില്‍ ആടിപ്പാടി വളര്‍ന്ന പ്രിയമകള്‍ മുംതാസ് നാടുവിട്ട് പോകുന്ന രാത്രിയാണത്. ഹിമപാതത്തിന് ഒരു കുറവുമില്ലാത്ത ഭൂമിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബോംബുകളിലും ഗ്രനേഡുകളിലും കരിമരുന്നിലും നിന്ന് മുംതാസ് രക്ഷപെട്ടോടട്ടെ എന്ന് മലകളും താഴ്‌വാരങ്ങളും ആശ്വസിച്ചു. വലിയൊരു കാറ്റിലൂടെ അവരവള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു.
തീവ്രവാദികള്‍ കൊലവിളി നടത്തുന്ന കാഷ്മീരില്‍ നിന്ന് ഒരു പെണ്‍കുട്ടി കേരളത്തിലെ ഹൈന്ദവ കുടുംബത്തില്‍ വന്നുചേര്‍ന്നതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയും പരിണതികളിലൂടെയും വികസിക്കുന്ന നോവലാണ് എ.എം.മുഹമ്മദിന്റെ കന്യാകാഷ്മീര്‍. തീവ്രവാദം വേരാഴ്ത്തിപ്പടരുന്ന കാഷ്മീരിന്റെ ദുരന്തമുഖം ആവിഷ്‌കരിക്കുന്നതിനൊപ്പം അന്തസ്സുറ്റ മാന്യത ഉദാരമായ നന്മ പ്രസരിപ്പിക്കുന്നതിന്റെയും കഥ നോവലില്‍ ഇതള്‍ വിരിയുന്നു.
മുംതാസിന് അഭയം നല്‍കിയതിന്റെ പേരില്‍ കേണല്‍ മധുശങ്കറിനും കുടുംബത്തിനും സമൂഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടിവരുന്ന എതിര്‍പ്പുകള്‍ക്കും പീഡനങ്ങള്‍ക്കും കൈയ്യും കണക്കുമില്ല. താന്‍ കാരണം കേണല്‍ സാബിനുണ്ടായ ബുദ്ധിമുട്ടുകളില്‍ മുംതാസിനുമുണ്ട് വലിയ വിഷമം. എന്നാല്‍ ഇതിനൊക്കെ ഉപരിയായി തിന്മക്ക് മുകളില്‍ നന്മ വിജയം നേടുമെന്ന പ്രത്യാശയും കന്യാകാഷ്മീര്‍ പങ്കുവെക്കുന്നു.
ദേശീയതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉദാതമായ മാതൃകയാണ് കന്യാകാഷ്മീര്‍ മുന്നോട്ടു വെക്കുന്നത്. മരുഭൂമിയിലെ പക്ഷി, നിഴല്‍നിലങ്ങള്‍, സഹറ തുടങ്ങിയ നോവലുകളിലൂടെയും നിരവധി കഥാസമാഹാരങ്ങളിലൂടെയും ശ്രദ്ധേയനായ എ.എം.മുഹമ്മദിന്റെ മികച്ച രചനയാണിതെന്ന് നിസ്സംശയം പറയാം.
കേരള സര്‍ക്കാരിന്റെ പ്രഥമ പ്രവാസി സാഹിത്യ പുരസ്‌കാരം, അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ് തുടങ്ങിയവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ എ.എം.മുഹമ്മദ് നേടിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുമുണ്ട് അദ്ദേഹം.