‘സാധാരണരില്‍ അസാധാരണനായ’ എന്ന് വിശേഷിപ്പിയ്ക്കാവുന്ന സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ഭൂമിയുമായി മനസ്സുകൊണ്ടും ശരീരംകൊണ്ടും ഇത്രയേറേ ഗാഢബന്ധം പുലര്‍ത്തിയ മറ്റൊരു സാഹിത്യകാരന്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. മലയാളത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിച്ചസാഹിത്യകാരനും ഇല്ലതന്നെ. ഇങ്ങനെയുള്ള മഹാപ്രതിഭയായ..കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴിയെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുമുള്ള പഠനങ്ങളാണ് ‘തകഴി പഠനങ്ങള്‍’ എന്ന പുസ്തകം.
ഗാന്ധിയനും സാഹിത്യകാരന്മാര്‍ക്കെല്ലാം അതുല്യമാതൃകയുമായിരുന്ന പി കെ പരമേശ്വരന്‍ നായരുടെ സ്മരണാര്‍ത്ഥം തുടക്കമിട്ട പി കെ ട്രസ്റ്റിന്റെ രജതജൂബിലി വര്‍ഷമായ 2015 ല്‍ ചര്‍ച്ചചെയ്യപ്പെട്ട ‘തകഴി പഠനങ്ങള്‍’ ആധാരമാക്കി ആറുസമ്മേളനങ്ങളിലായി പ്രഗത്ഭമതികളായ വ്യക്തികള്‍ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് തകഴി പഠനങ്ങള്‍ എന്ന കൃതിക്കാധാരം.
ജ്ഞാനപീഠപുരസ്‌കാര വേളയിലും കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ വേളയിലും തകഴി നടത്തിയ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള അമ്പത്തിമൂന്ന് പ്രബന്ധങ്ങളാണ് ‘തകഴി പഠനങ്ങളില്‍’ ചേര്‍ത്തിരിക്കുന്നത്. ഇതില്‍ തകഴിയുടെ എഴുത്തുശൈലി, ഭാഷ, തകഴിയുടെ റിയലിസം, പരിസ്ഥിതി ബോധം, രാഷ്ട്രീയം, കാര്‍ഷിക ജീവിതം, പ്രണയകഥകള്‍, കഥകളിലെ മനോവിജ്ഞാനീയം തുടങ്ങിയ വിഷയങ്ങളും, കയര്‍, രണ്ടിടങ്ങഴി, പതിതപങ്കജം എന്നീ നോവലുകളെക്കുറിച്ചും വിവിധങ്ങളായ കഥകളെക്കുറിച്ചുള്ള പ്രത്യേക പഠനവും ചേര്‍ത്തിരിക്കുന്നു.
തകഴി എന്ന സാഹിത്യപ്രതിഭയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഈ പ്രൗഢപ്രബന്ധം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രൊഫ. പത്മന രാമചന്ദ്രനാണ്. അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമുള്ള റഫറന്‍സ് ഗ്രന്ഥമായും തകഴിപഠനങ്ങള്‍ ഉപയോഗിക്കവുന്നതാണ്. പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇപ്പോള്‍ വിപണികളില്‍ ലഭ്യമാണ്.