കുലശേഖരസാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന് വിശ്വസിക്കപ്പെടുന്ന ചേരചക്രവർത്തിയായ കുലശേഖര ആഴ്വാർ രചിച്ച വിഷ്ണുസ്തുതിയാണ് മുകുന്ദമാല. എ ഡി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേരചക്രവർത്തിയായ കുലശേഖര ആൾവാർ രചിച്ച ശ്രീ മുകുന്ദ മാലയുടെ സമ്പൂർണ്ണ മലയാള ആഖ്യാനമാണ് ശ്രീ മുകുന്ദമാല എന്ന ഈ പുസ്തകം. സംസ്കൃത ഭാഷയിലുള്ള ഈ ഗ്രന്ഥം ശ്രീവൈഷ്ണവന്മാർ നിത്യപാരായണത്തിന് ഉപയോഗിക്കുന്നു.
ആഴ്വാർ എന്നാൽ ഭക്തിയിൽ ആഴുന്നവൻ എന്നും ആളുന്നവൻ എന്നുമാണ് അർത്ഥം. വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് തന്നെ കേരളത്തിൽ രചിക്കപ്പെട്ടതും അനേകം നൂറ്റാണ്ടുകളായി ഭാരതത്തിലെമ്പാടും പ്രചാരത്തിലിരിക്കുന്നതുമായ ഭക്തി സ്തോത്രമാണ് ശ്രീ മുകുന്ദമാല. ത്രിലോകത്തിനും നേർവഴി കാട്ടുന്ന ഭഗവാൻ വിഷ്ണുവിനെ സ്മരിക്കുന്ന ശ്ലോകങ്ങൾ ക്ലേശങ്ങളും ആപത്തുകളും നിറഞ്ഞ ലോകത്ത് പാരായണം ചെയ്യുന്നത് അത്യുത്തമമാണ്.
മുകുന്ദമാല എന്നാൽ ‘മുകന്ദന്റെ മാല’ എന്നോ മുകുന്ദന് സമർപ്പിച്ച മാല എന്നോ അർത്ഥം പറയാം. ഈ സ്തോത്ര കാവ്യത്തിൽ തുടർച്ചയായി ശ്രീവല്ലഭ , വരദ , എന്ന് തുടങ്ങി അവസാനം വരെ ഭഗവാനെ വിവിധനാമങ്ങളിലൂടെ ആരാധിച്ച് അർച്ചന ചെയ്യുകയാണ് കവി.സ്തോത്രം തുടങ്ങുമ്പോൾ തന്നെ ഭഗവൽനാമങ്ങൾ ഉച്ചരിക്കുവാൻ ശക്തി തരേണമേ എന്നാണു കവി പ്രാർഥിക്കുന്നത്.ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അവിടുത്തെ ചരണാരവിന്ദത്തിന്റെ സ്മരണം മാത്രം തനിക്ക് ലഭിച്ചാൽ മതിയെന്നാണ് ആഴ്വാർ പ്രാർത്ഥിക്കുന്നത്.
പലയാളുകൾക്കും മുകുന്ദമാല പോലുള്ള ഗ്രന്ഥരത്നങ്ങൾ വായിച്ചു മനസിലാക്കാൻ ബുദ്ദിമുട്ടാണ്. ഈ കുറവ് പരിഹരിക്കാനുള്ള ഒരു എളിയ ശ്രമമാണ് മുകുന്ദമാലയുടെ ഈ മലയാള പരിഭാഷ. വാക്കുകളുടെ അർത്ഥങ്ങളും , അടിക്കുറിപ്പുകളും എല്ലാം വായനക്കാരുടെ പ്രയോജനാർത്ഥം ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ മലയാള ആഖ്യാനം നടത്തിയിരിക്കുന്നത് ജി മോഹൻ കുമാറാണ്. ഡി സി ബുക്സിന്റെ സാധന ഇംപ്രിന്റിലാണ് ഡി സി ബുക്സ് ശ്രീ മുകുന്ദമാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.