മിമിക്രിയെ ഇന്നൊരു കലയായി എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ സാഹിത്യത്തിലെ മിമിക്രി അഥവാ പരകായപ്രവേശം അത്ര നിസ്സാരമല്ല. വായനക്കാര്‍ക്ക് സുപരിചിതരായ എഴുത്തുശൈലികളെ അനുകരിക്കാന്‍ ഒരു പ്രത്യേക കഴിവു തന്നെ വേണം. ആ കഴിവിന്റെ കഥയാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ എഴുത്തനുകരണം… അനുരണനങ്ങളും എന്ന പുസ്തകം.
1984ല്‍ മോസ്‌കോയിലെ ബൈക്കന്നൂരില്‍ നിന്ന് സോയൂസ് എന്ന ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടു. ഇന്ത്യാക്കാരനായ രാകേഷ് ശര്‍മ്മയും ആ പേടകത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പത്രങ്ങള്‍ ആ വാര്‍ത്തയെ ആഘോഷമാക്കി. ഇന്ത്യന്‍ നേട്ടത്തേക്കുറിച്ച് വേറിട്ട ഒരു ലേഖനം വേണമെന്ന് മലയാള മനോരമയിലെ തോമസ് ജേക്കബിന് തോന്നുകയും അദ്ദേഹം തന്റെ ആഗ്രഹം ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയോട് പറയുകയും ചെയ്തു. ഇതില്‍ നിന്നാണ് എഴുതനുകരണത്തിന്റെ തുടക്കം.
മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഒരു സംഘം ബൈക്കന്നൂരില്‍ പോയി ഉപഗ്രഹ വിക്ഷേപണം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ എങ്ങനിരിക്കും? ബഷീര്‍, അഴീക്കോട് തുടങ്ങിയ പ്രമുഖര്‍ എഴുതുന്ന മട്ടിലുള്ള കുറിപ്പുകള്‍ ‘വിഹായസ്സില്‍ കണ്ട വിശേഷം’ എന്ന പേരില്‍ അച്ചടിച്ചുവന്നു. വായനക്കാരും എഴുത്തുകാരും അത്യാവേശത്തോടെയാണ് ഈ നര്‍മ്മലേഖനത്തെ ഏറ്റെടുത്തത്.
പിന്നീടൊരിക്കല്‍ കുങ്കുമത്തിലും ഭാഷാപോഷിണിയിലും മനോരമയില്‍ തന്നെയും അനുകരണകല ആവര്‍ത്തിച്ചു. ഈ കുറിപ്പുകളെല്ലാം സമാഹരിച്ചാണ് എഴുത്തനുകരണം… അനുരണനങ്ങളും എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ചിരപരിചിതരായ എഴുത്തുകാരുടെ അതേ ശൈലീപ്രയോഗങ്ങള്‍ അനുകരിച്ചുള്ള ചൊവ്വല്ലൂരിന്റെ എഴുത്ത് എല്ലാത്തരം വായനക്കാരെയും രസിപ്പിക്കും.
ഇത്തരമൊരു കല തുടങ്ങി വെയ്ക്കാന്‍ നിമിത്തമായ തോമസ് ജേക്കബ് അവതാരിക എഴുതിയിരിക്കുന്ന പുസ്തകത്തില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വിശദമായ ജീവചരിത്രക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്.
The post എഴുത്തനുകരണം… അനുരണനങ്ങളും appeared first on DC Books.