കോഴിക്കോട് സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. പുതുതലമുറലോകത്തിന്റെ ആസക്തികളെ തുറന്നാവിഷ്‌കരിച്ച സംഗീത ശ്രീനിവാസന്റെ ആസിഡ് എന്ന നോവലിനെ ആസ്പദമാക്കി ‘വിമതലൈംഗികാവിഷ്‌കാരവും മലയാളനോവലും‘ എന്ന വിഷയത്തിലാണ് ചര്‍ച്ച.
ആഗസ്റ്റ് 26ന് വൈകിട്ട് 4.30 കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന സംവാദം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വേദി പ്രസിഡന്റ് എ കെ അബ്ദുല്‍ ഹക്കീം അദ്ധ്യക്ഷനാകും. ഓംകാരനാഥന്‍ പുസ്തകാവതരണം നടത്തും. ഉള്ളാട്ടില്‍ അച്ചു, വി.മുസഫര്‍ അഹമ്മദ്, കെ എസ് വെങ്കിടാചലം, ടി വി സുനീത എന്നിവര്‍ പങ്കെടുക്കും. സംഗീത ശ്രീനിവാസന്‍ മറുപടിപ്രസംഗം നടത്തും. സാംസ്‌കാരികവേദി സെക്രട്ടറി കെ വി ശശി സ്വാഗതവും ഇ വി ഹസീന നന്ദിയും പറയും.
മനസ്സില്‍ സാങ്കല്പികമായ ഒരു അപരലോകം സൃഷ്ടിച്ച് അതില്‍ ജീവിക്കുന്ന സിയാദ് എന്ന ചെറുപ്പക്കാരന്റെ കഥപറഞ്ഞ അപരകാന്തി എന്ന നോവലിനു ശേഷം സംഗീത ശ്രീനിവാസന്‍ രചിച്ച പുതിയ നോവലാണ് ആസിഡ്. അപരകാന്തിയിലെന്നപോലെ വിചിത്രമായ മനോനിലകളുടെ അപരിചിതലോകത്തേക്ക് തന്നെയാണ് ആസിഡ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ലെസ്ബിയന്‍ പ്രണയത്തിന്റെ അമ്ലലഹരിയാണ് ആസിഡിന്റെ പ്രമേയം. ഓര്‍മ്മകളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ട് സ്ത്രീകള്‍ നടത്തുന്ന സഞ്ചാരമാണ് ആസിഡ് എന്ന നോവല്‍. കമലയുടെയും ഷാലിയുടെയും പ്രണയത്തിന്റെയും കലഹത്തിന്റെയും കഥയില്‍ രണ്ട് കുട്ടികളുടെ ജീവിതവും പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.
The post ‘വിമതലൈംഗികാവിഷ്‌കാരവും മലയാളനോവലും’-സംവാദം ആഗസ്റ്റ് 26ന് appeared first on DC Books.