2016 ല്‍ മികച്ച വായനാനുഭവം സമ്മാനിച്ച…ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട ലേഖനങ്ങളും പഠനങ്ങളും ഇറങ്ങുകയുണ്ടായി. ഇതില്‍ മികച്ച പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ്.
ഭൂലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഉപജീവനത്തിനായി മലയാളി നടത്തിയ കുടിയേറ്റത്തിന്റെചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന പുസ്തകമാണ് കുടിയേറ്റം.കുടിയേറിപ്പോയവരും കുടിയിറങ്ങി വന്നവരും, ഇരട്ട വീട്, പുതിയ കുടിയിറക്കങ്ങള്‍, പഴയ ഭൂമി പുതിയ ആകാശം, തല നരച്ചവര്‍ ഉറങ്ങുന്ന വീട് തുടങ്ങി പ്രവാസജീവിതവുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകളും ചിന്തകളും, അനുഭവങ്ങളും ചേര്‍ത്തെഴുതിയ പതിനഞ്ച് ലേഖനങ്ങളാണ് ബെന്യാമിന്‍ കുടിയേറ്റം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവാസത്തിന്റെ ആത്മകഥ എന്നു വിശേഷിപ്പിക്കാവുന്ന കുടിയേറ്റം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലടക്കം വിവാവദത്തിനും ചര്‍ച്ചയ്ക്കും തിരികൊളുത്തിയ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മാഗസിനായ ‘വിശ്വവിഖ്യാത തെറി’ ഡി സി ബുക്‌സാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ശ്രീഷമീം എഡിറ്റുചെയ്ത ഏറെ വ്യത്യസ്തതകളുള്ള ഈ ഈ പുസ്തകം പ്രചുരപ്രചാരം നേടിയ ചില പദപ്രയോഗങ്ങളുടെ കീഴാളവിരുദ്ധതയാണാണ് വെളിപ്പെടുത്തുന്നത്. വരേണ്യതയുടെ ആട്ടും തുപ്പുമേല്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കെതിരായ വിളിപ്പേരായാണ് എല്ലാ തെറികളുടെയും ഉത്ഭവമെന്നും പുലയനും പുലയന്റെ മകനും തെറിയായത് സവര്‍ണന്റെ രാഷ്ട്രീയം കൊണ്ടാണെന്നും ഈ പുസ്തകം സ്ഥാപിക്കുന്നു. ഇങ്ങനെ പ്രാചീനകാലം മുതല്‍ പ്രചാരത്തിലിരുന്ന തെറിവാക്കുകള്‍ രൂപപ്പെട്ടതിന്റെ വൃത്താന്തം ഉള്‍പ്പെടെ തെറിയിലെ രാഷ്ട്രീയവും മേലാളസ്വഭാവവും പുരുഷമേധാവിത്വവും കീഴാളവിരുദ്ധതയുമെല്ലാം തുറന്നുകാട്ടുകയാണ് വിശ്വവിഖ്യാത തെറി.
വര്‍ത്തമാനകാല മലയാളിയുടെ സാമൂഹിക സാസ്‌കാരിക ബൗദ്ധിക മണ്ഡലത്തെ സംവദാത്മകമായൊരു തലത്തിലേക്കുയര്‍ത്തുകയും ദലിതെഴുത്ത് എന്ന സംജ്ഞയിലൂടെ പ്രതിബദ്ധതയോടെ ഇടപെടുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഇടതുപക്ഷമില്ലാത്ത കാലം. വേറിട്ട ചിന്തയും കാഴ്ചപ്പാടുകളുംകൊണ്ട് വ്യത്യസ്തവും സമകാലികവുമാകുന്ന കൃതി. കെ കെ കൊച്ച് എഴുതിയതാണ്.
സമ്പദ് വ്യവസ്ഥയിലെ കൃഷി, വ്യവസായം, ഉത്പാദനം, സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നീ മേഖലകളിലെ പ്രവര്‍ത്തന കാര്യക്ഷമതയിലൂടെ നമ്മുടെ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് എങ്ങനെ നയിക്കാം എന്നും വിശദീകരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് കലാമിന്റെ Beyond 2020 -A Vision for Tomorrow’s India. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് വികസനത്തിന്റെ മാറ്റൊലികള്‍-നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം. 2014ലെ ഇന്ത്യ, പാഴാക്കിയ അവസരങ്ങളില്‍ നിന്നും പഠിക്കാന്‍, കാര്‍ഷിക വളര്‍ച്ചയെ ത്വരിതപ്പെടുത്തല്‍ തുടങ്ങി ഇന്ത്യയ്ക്കിതു കഴിയുമോ എന്നിങ്ങനെ നാളത്തെ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാനാവശ്യമായ വികസനമാതൃകകളുടെ വിശദീകരണമടങ്ങിയ പതിനഞ്ച് അദ്ധ്യായങ്ങലാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്തു കേരളത്തിന്റെ സാമ്പത്തികരംഗം ഭദ്രമാക്കുന്ന പ്രവാസികളുടെ അവസ്ഥകളെക്കുറിച്ചുള്ള നേര്‍ച്ചിത്രം രേഖപ്പെടുത്തുന്ന പുസ്തകമാണ് എന്‍ പി ഹാഫിസ് മുഹമ്മദിന്റെ പ്രവാസികളുടെ പുസ്തകം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതുതൊട്ട് മടങ്ങുംവരെയും അതിനുശേഷവുമുള്ള കാര്യങ്ങളും പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും അപഗ്രഥനം ചെയ്യുന്നു. പുറപ്പാട്, മാനസികാവസ്ഥ, കുടുംബം, രക്ഷാകര്‍ത്തൃത്വം, സാംസ്‌കാരികലോകം, മടക്കം എന്നീ ഭാഗങ്ങളിലായി 60 ഓളം ലേഖനങ്ങളുടെ സമാഹാരം. പ്രായോഗികസമൂഹശാസ്ത്രം, മനഃശാസ്ത്രം കൗണ്‍സിലിങ് എന്നീ ശാസ്ത്രശാഖകളുടെ പ്രായോഗിക പാഠങ്ങള്‍ ലളിതമായി ഒരുക്കിയിരിക്കുന്നു. പ്രവാസികളും കുടുംബങ്ങളും സൂക്ഷിച്ചു വെക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമായ ഒരുകൈപ്പുസ്തകമാണിത്.
ഇന്ത്യ ശാസ്ത്ര
സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക ഭരണ നയങ്ങളെക്കുറിച്ചുള്ള പുതിയ വീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് എം പിയും പ്രസാംഗികനും എഴുത്തുകാരനുമായ ശശി തരൂരിന്റെ ഇന്ത്യ ശാസ്ത്ര-നമ്മുടെ കാലത്തെ ചില രാഷ്ട്രീയ ചിന്തകള്‍ എന്ന പുസ്തകം. ഇന്ത്യ അര്‍ദ്ധരാത്രിയില്‍ മുതല്‍, അരനൂറ്റാണ്ട്, പുതുയുഗം പുതു ഇന്ത്യ എന്നീ ഗ്രന്ഥങ്ങളിലൂടെ ശശി തരൂര്‍ തുടക്കമിട്ട എന്താണ് ഇന്ത്യ എന്ന പഠനാന്വേഷണ പരമ്പരയിലെ അന്തിമ പുസ്തകമാണിത്.
വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും
കാല്‍ നൂറ്റാണ്ട് കാലത്തോളം കാസര്‍ഗോഡിനുമേല്‍ പെയ്ത വിഷമഴയില്‍ നനഞ്ഞ് കുതിര്‍ന്ന് ജീവിതം തകര്‍ന്നുപോയ ഒരു ജനതയുടെ തീരാദുരിതങ്ങളുടെ കഥ പറയുകയാണ് എന്‍ രവീന്ദ്രന്റെ വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും എന്ന പുസ്തകം. ലോകത്താകമാനം ആയിരത്തഞ്ഞൂറിലധികം ശാസ്ത്രപഠനങ്ങള്‍ ഈ രാസകീടനാശിനിയുടെ വിഷഭീകരതയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നൂറിലധികം രാജ്യങ്ങള്‍ എന്‍ഡോസല്‍ഫാന്‍ നിരോധിച്ചു കഴിഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ നിരോധനം വന്നിട്ടില്ല. ഈ അവസ്ഥയില്‍ പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്.
കേരളത്തിന്റ സ്ത്രീചരിത്രമുന്നേറ്റങ്ങള്‍
ഏതൊരാണിന്റെയും വിജയത്തിനുപിന്നിലുമുള്ള സ്ത്രീയെ സമൂഹത്തിനുമുന്നിലേക്ക് കൊണ്ടുവരുന്ന പുസ്തകമാണ് സി എസ് ചന്ദ്രികയുടെ കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍..കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളത്തിലെ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തതിന്റേയും കേരളത്തില്‍ സ്ത്രീവാദ വ്യവഹാരങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി എഴുത്തിലൂടെ നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരുന്നതിന്റെയും ഭാഗമായിട്ടാണ് സി എസ് ചന്ദ്രിക കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍. എഴുതിയിട്ടുള്ളത്.കേരള സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലെ വിവിധ മണ്ഡലങ്ങളെ പരിചയപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തക പരമ്പരയിലാണ് കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.