സുഹൃത്തുക്കളോടും വീട്ടുകാരോടുമൊപ്പം സന്തോഷത്തോടെ ചിരിച്ചുകളിച്ച് സമാധാനത്തോടെ ഉറങ്ങാന്‍ കിടന്നിട്ട് പുലരുമ്പോള്‍ ഉണരാന്‍ പറ്റാതെ…വിറങ്ങലിച്ച ശരീരമായി കിടക്കുന്ന അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? നമ്മളുണരുന്നതും കാത്തിരുന്ന് ഒടുവില്‍ നമ്മുടെ ജീവനറ്റ ശരീരത്തിലേക്ക് വീണുകിടന്ന് അലമുറയിടുന്ന പ്രിയപ്പെട്ടവരുടെ മുഖം ചിന്തിക്കാന്‍ പറ്റുന്നുണ്ടോ നിങ്ങള്‍ക്ക്..?
കേള്‍ക്കുമ്പോള്‍ തന്നെ ഒരുള്‍ഭയം തോന്നുന്ന ഇക്കാര്യത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാണ് അല്ലേ..?
മരണമെന്നത് ജനനം പോലെ തന്നെ പരമമായ സത്യമാണെന്നും , ജീവിതത്തില്‍ ആര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണെന്നും ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അതിനുമപ്പുറം, മരണത്തെ കുറിച്ച് എന്താണ് അറിയുക? മരണശേഷം നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റത്തെ കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? …മരണം എന്നുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന്റെ ഉള്ളറയില്‍ നിന്ന് ഉറഞ്ഞുകൂടി വരുന്ന ഒരു ഭയമുണ്ട് എല്ലാവര്‍ക്കും. അപ്പോള്‍ എങ്ങനെയാണ് മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക..? മരണത്തെക്കുറിച്ചുള്ള ഭയം തന്നെ മരണമാണെന്ന് മഹത്ഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഇവിടെ പറഞ്ഞുവരുന്നതും മരണത്തെക്കുറിച്ചല്ല, മറിച്ച് നമ്മുടെയെല്ലാം ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആ ഭയത്തെക്കുറിച്ചാണ്.
മനുഷ്യന്റെ മരണഭയം എന്നു പറയുന്നത് കേവലം വ്യക്തിയുടെ മരണത്തോടുള്ള ഭയംമാത്രമല്ല. ഒരു ജീവജാതിയുടെ മുഴുവന്‍ ഭയങ്ങളും ഉറഞ്ഞുമൂടിക്കിടക്കുന്ന മാനവസംസ്‌കാരത്തിന്റെ ഭയങ്ങള്‍ അപ്പാടെയാണ്. സാമൂഹ്യ ജീവിതത്തിന്റെ നിരന്തര സംഘര്‍ഷങ്ങളും ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും നിര്‍മ്മിക്കുന്ന ഭയങ്ങളും കൂടിച്ചേര്‍ന്നതാണ് അത്. ആവിധം ഭയങ്ങളുടെ സ്വഭാവം തിരയുകയാണ് മരണത്തിന്റെ ആയിരം മുഖങ്ങള്‍ എന്ന പുസ്തകം. മനുഷ്യകുലത്തിന്റെ ഭൂമിയിലെ അതിജീവനം പോലും പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ കോശമരണങ്ങള്‍ മുതല്‍ ലോകാവസാനം വരെയുള്ള മരണത്തിന്റെ ആയിരക്കണക്കിന് ഭാവങ്ങളെ സൂക്ഷ്മവിശകലനം ചെയ്യുകയാണ് ഈ പുസ്തകം. രോഗം, ആത്മഹത്യ, സാംസ്‌കാരിക സമ്മര്‍ദ്ദങ്ങള്‍, അധികാരം, സാങ്കേതികവിദ്യ, പരിസ്ഥിതിബോധം മുതലായവയിലൂടെ മരണഭയം മനുഷ്യാവസ്ഥയെ പുനര്‍നിര്‍വചിച്ചതിന്റെ ചരിത്രമാണിത്.
അമരത്വത്തോടുള്ള മനുഷ്യന്റെ അഭിവാഞ്ഛയെക്കുറിച്ച് ചിന്തിക്കുന്ന ശാരീരികം, മരിക്കാത്ത മനുഷ്യന്‍, അമരത്വത്തിലേക്കുള്ള വഴി, വാര്‍ദ്ധക്യത്തോടുള്ള യുദ്ധം തുടങ്ങി മരണത്തെക്കുറിച്ചുള്ള ആത്യന്തിക തത്വചിന്ത, അവയവദാനം എന്ന പുതിയ സംസ്‌കാരത്തിന്റെ ഉത്ഭവം, പ്രയോഗിക ബോധത്തോടുകൂടിയുള്ള ആരോഗ്യ സുരക്ഷാരീതികള്‍ക്കപ്പുറം ആധുനിക ശാസ്ത്രത്തിന്റെ ഒരു വലിയ വഴിതന്നെ അമരത്വത്തെ പുല്‍കാനാകുമോ എന്ന അന്വേഷണം…പുനര്‍ജന്മ വിശ്വാസങ്ങള്‍ വരെയുള്ള മരണത്തിന്റെ വിവിധ മുഖങ്ങളെ കുറിച്ചുള്ള പഠനവും ചിന്തയുമാണ് മരണത്തിന്റെ ആയിരം മുഖങ്ങള്‍ വിശകലനംചെയ്യുന്നത്.
സന്തോഷവും സ്‌നേഹവും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യവും ഒക്കെയുള്ള ഈ ഭൂമിയില്‍ നിന്ന് ഒരിക്കലും വിട്ടകലാതെ എന്നും ജീവിച്ചിരിക്കണം എന്ന മനുഷ്യന്റെ ആന്തരികപ്രേരണയുടെ വഴികാട്ടികൂടിയായ ഈ പുസ്തകം തയ്യാറാക്കിയത് ജീവന്‍ ജോബ് തോമസാണ്. അദ്ദേഹം പലപ്പോഴായി എഴുതി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് മരണത്തിന്റെ ആയിരം മുഖങ്ങള്‍ എന്ന പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.