ലോകം നമിച്ച എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. ലോകസാഹിത്യത്തിൽ അനുഭവങ്ങളുടെ അടിത്തട്ടിൽ നിന്ന് ഉറവയെടുത്ത ആശയങ്ങളിൽ നിന്നും ജന്മം കൊണ്ട എഴുത്തുകാരൻ. ആശുപത്രിവാസവും , അധോലോകവും , മയക്കുമരുന്നും കൊണ്ടെല്ലാം തുലയാറായ ജന്മത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ്. ലോകസാഹിത്യത്തിലെ പുത്തൻ പ്രകാശഗോപുരത്തിനു വേണ്ടി കാലം കരുതി വച്ച നിമിത്തങ്ങളായിരുന്നു അതെല്ലാം.നല്ലതൊന്നും ഓർക്കാനില്ലാത്ത വർഷങ്ങൾ കടന്ന് പത്രപ്രവർത്തകനായും , ഗാനരചയിതാവായും , നാടകകൃത്തായും , ടെലിവിഷന്‍ പ്രൊഡ്യൂസറായുമെല്ലാം കെട്ടിയാടിയ വേഷങ്ങൾ അവസാനിച്ചത് അനുഗ്രഹീതനായ എഴുത്തുകാരനിലാണ്. പൗലോ കൊയ്‌ലോയുടെ ‘ Winner stands Alone’ എന്ന നോവലിന്റെ മലയാള പരിഭാഷ ‘വിജയി ഏകനാണ്’
1987ല്‍ ദി പില്‍ഗ്രിമേജ് (The Pilgrimage) എന്ന പുസ്തകവുമായി സാഹിത്യത്തിലേക്ക് ചുവടുവെച്ച പൗലോ കൊയ്‌ലോ ദി ആല്‍കെമിസ്റ്റ് , ബ്രിഡ, സഹീര്‍, വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു, പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി ,ഫിഫ്‌ത് മൗണ്ടൻ (The Fifth Mountain), The Mannual of the Warrior of Light, ഇലവൻ മിനിറ്റ്‌സ് (Eleven Minutes), Like the Flowing River, പോർട്ടോബോല്ലോയിലെ മന്ത്രവാദിനി (The Witch of Portobello), വിജയി ഏകനാണ് (Winner stands Alone), അലെഫ് (Aleph), Manuscript found in Asia , The Devil and Miss Prym, Love Letters from a prophet, The Supreme Gift എന്നീ നോവലുകൾ പൗലോ കൊയ്‌ലോയ്‌ക്കു ലോകസാഹിത്യത്തിൽ ചിരപ്രതിഷ്‌ഠ നൽകി.
തന്റെ നഷ്ടപ്രണയത്തെ വീണ്ടെടുക്കാനായി, ഇഗോര്‍ മാലേവ് എന്ന റഷ്യന്‍ വ്യവസായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിച്ചേരുന്നു. തന്റെ സ്‌നേഹഭാജനത്തിന്റെ പുനഃപ്രാപ്തിക്കായി ഇഗോര്‍, ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കാനില്‍ നടത്തുന്ന രക്തരൂഷിതമായ ഇടപെടലുകളെ തന്റെ അനുപമമായ ശൈലിയില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ സിനിമാ-ഫാഷന്‍ ലോകത്തിന്റെ ഇരുണ്ട മുഖങ്ങളും നമുക്കായി അനാവരണം ചെയ്യുകയാണ് വിശ്വവിഖ്യാത എഴുത്തുകാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്‍റെ അനുഗ്രഹീത തൂലികയില്‍ നിന്ന് പിറന്ന തികച്ചും വ്യതസ്തമായ വായനാനുഭവം.
സ്വപ്നങ്ങളെ കൗശലപൂർവ്വം കൈകാര്യം ചെയ്യാൻ അനുവദിക്കുന്ന പുസ്തകമാണിത്. അരങ്ങിനു പിറകിലുള്ള കൗശലക്കാരെ വിശ്വസിക്കാൻ നാം പ്രേരിപ്പിക്കപ്പെടുന്നു. അത്തരത്തിലൊരു കെണിയെ കുറിച്ചാണ് വിജയി ഏകനാണ് എന്ന പുസ്തകത്തിന്റെ പ്രമേയം.
”മനുഷ്യന്റെ ദുരിതം അകറ്റുകയോ സ്നേഹിച്ച പെണ്ണിനെ വീണ്ടെടുക്കുകയോ പോലുള്ള നല്ല ഉദ്ദേശങ്ങളാണെങ്കിൽ കൊലപാതകം പോലും സ്വീകാര്യമാണെന്ന് വിശ്വസിക്കുന്ന റഷ്യൻ കോടീശ്വരൻ – ഇഗോർ
താൻ ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അതേ സമ്പ്രദായത്തിന്റെ പിടിയിലകപ്പെടുന്നത് വരെ മാത്രം നല്ല ഉദ്ദേശങ്ങളോടെ ഇറങ്ങി തിരിച്ച ഫാഷൻ ചക്രവർത്തി – ഹമീദ്.
അതി പ്രശസ്തിയാണ് പരമമായ നേട്ടമെന്ന് കരുതുന്ന ലോകത്ത് പ്രശസ്തി തന്നെ ഒരു ലക്ഷ്യമോ ആത്യന്തിക ബഹുമതിയോ ആണെന്ന് ഇന്നുള്ള മിക്ക ആളുകളെയും പോലെ വിശ്വസിക്കുന്ന ഗബ്രിയേല.”
മനുഷ്യജീവിതത്തെ നിർണയിക്കുന്ന മനസ്സിന്റെ വഴികൾ തന്റെ അന്വേഷണത്തിലൂടെ ലളിതമായ സംജ്‌ഞകളിൽ ആവിഷ്‌കരിക്കാൻ കഴിഞ്ഞതാണ് പൗലോ കൊയ്‌ലോയുടെ രചനകൾ ജനപ്രിയമാകാൻ കാരണം. ഇന്നു ജീവിച്ചിരിക്കുന്നവരിൽ ലോകത്തെമ്പാടും ഏറ്റവും കൂടുതൽ വായനക്കാരുള്ള എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ.
പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ആർ. കെ ജയശ്രീയാണ്.എറണാകുളം മഹാരാജാസ് കോളേജ് അധ്യാപികയാണ് ജയശ്രീ. 2009 ഓഗസ്റ്റിലാണ് ‘വിജയി ഏകനാണ്‘ എന്ന പുസ്തകം ഡി സി ബുക്സ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ നാലാമത്തെ പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.