ജലരേഖകള്‍, കഥപോലെ ചിലതുസംഭവിക്കുമ്പോള്‍, ഗാന്ധി-ഒരു അര്‍ത്ഥ നഗ്ന വായന തുടങ്ങിയ ലേഖന സമാഹാരങ്ങള്‍ക്കുശേഷം റേഡിയോ മാംഗോ യുഎഇ കണ്ടന്റ് ഹെഡും എഴുത്തുകാരനുമായ എസ്.ഗോപാലകൃഷ്ണന്‍ എഴുതിയ പുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘മനുഷ്യനുമായുള്ള ഉടമ്പടികള്‍‘ എന്ന പുസ്തകം. രക്തത്തില്‍ അടിഞ്ഞ കേരളം, ദില്ലിയിലെ ഇരുപതാണ്ടുകള്‍ നല്‍കിയ പുതിയ ആകാശം, യാത്രകള്‍, കാഴ്ചകള്‍,കേള്‍വികള്‍നല്‍കിയ വായനകള്‍ എന്നിവ നല്‍കിയ ചിന്തകളും ഊര്‍ജ്ജവും ആണ് ഇതിലെ ഒരോ ലേഖനത്തിന്റെയും ജീവവായു എന്ന് എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടുന്നു.
‘ശവകുടീരത്തിന്റെ കണ്ണ്’, ‘മനുഷ്യനുമായുള്ള ഉടമ്പടികള്‍’, ‘കപ്പിത്താനും കടലും’, ‘കടല്‍മറ’, ‘ഏട്ടിലെ കടുവ’, ‘സ്ഥായീഭാവങ്ങള്‍’, ‘തഥാഗതം’, ‘ചരിത്രത്തെ നിലയ്ക്കുനിര്‍ത്തിയ ദീന്‍ദയാല്‍’, ‘കവിതയിലെ വീടുനിര്‍മ്മാണം’ തുടങ്ങി ചരിത്രവും വര്‍ത്തമാനവും സമൂഹവും ഒന്നിക്കുന്ന നാപ്പത്തിയഞ്ച് കുറിപ്പുകളാണ് ‘മനുഷ്യനുമായുള്ള ഉടമ്പടികള്‍‘ എന്ന പുസ്തകത്തിലുള്ളത്. മാനുഷികതയുടെ വര്‍ത്തമാനമൂല്യം അളക്കുകയാണ് ഇതിലെ ഒരോ ലേഖനത്തിലൂടെയും ലേഖകന്‍ ചെയ്യുന്നത്. കാലം മനുഷ്യനായി തീര്‍ക്കുന്ന ഉടമ്പടികളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് ഇവയോരോന്നും. ആദര്‍ശങ്ങളും മൂല്യങ്ങളും കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു നൂറ്റാണ്ടിന്റെ വേവലാതികളും നമുക്കിതില്‍ വായിച്ചെടുക്കാന്‍ സാധിക്കും.
അചഞ്ചലമായ ആത്മസ്ഥൈര്യത്തോടെ ജീവിച്ചവരെക്കുറിച്ചെഴുതുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരങ്കലാപ്പ് ബോധമണ്ഡലത്തെ കലുഷമാക്കും. ആദരവും ആശ്ചര്യവും മൂടല്‍ മഞ്ഞുപോലെ കാഴ്ചയെ അനാഥമാക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാശിച്ചുകൊണ്ടെഴുതിയ കുറിപ്പാണ് മനുഷ്യനുമായുള്ള ഉടമ്പടികള്‍. ഫ്രാന്‍സിസ്‌കോ ഗോയ എന്ന ചിത്രകാരന്‍ വരകളില്‍ തീര്‍ത്ത ചിത്രപ്രദര്‍ശനം കണ്ടുമടങ്ങുമ്പോള്‍ ലേഖകന്റെ മനസ്സില്‍ തോന്നിയ ചിന്തകളാണ് വിവരിക്കുന്നത്. എന്താണ് യുദ്ധം, എന്താണ് വിജയം, എന്താണ് യുദ്ധദേശത്തെപട്ടിണി…,എന്താണ് ദേശാഭിമാനം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ മനസ്സിനെ അലട്ടുന്ന ചിത്രങ്ങളാണ് ഗോയുടേത്. എന്തുകൊണ്ട് കേരളത്തിന്റെ മണ്ണില്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ ആരും തയ്യാറാകുന്നില്ല എന്ന ചിന്തയാണ് ഈ ലേഖനത്തിന് അടിസ്ഥാനം. ഇങ്ങനെ ദില്ലിയും ഫോര്‍ട്ട്‌കൊച്ചിയും അയ്യപ്പനും കടമ്പനിട്ടയും കുറിച്ചിട്ട വരികളും എല്ലാം കടന്നുവരുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പുകളടങ്ങിയ പുസ്തകമാണ് മനുഷ്യനുമായുള്ള ഉടമ്പടികള്‍.