വിശ്വമഹാകവി കാളിദാസന്റെ ജീവിതകഥ കാവ്യാത്മകമായ ശൈലിയില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് കെ സി അജയകുമാറിന്റെ കാളിദാസൻ എന്ന നോവൽ. മൂന്നക്ഷരങ്ങൾ കൊണ്ട് മഴവില്ലു വരയുന്ന മായാവിദ്യകൾ കൊണ്ട് നൂറ്റാണ്ടുകൾക്കു ശേഷവും കാളിദാസ കവിതകൾ സഹൃദയലോകത്തെ വശീകരിക്കുന്നു. എന്നാൽ കാളിദാസനെ കുറിച്ചുള്ള ചരിത്രങ്ങൾ ഇന്നും ഒരു പ്രഹേളികയായി നിൽക്കുന്നു. കാളിദാസകാവ്യങ്ങളിലൂടെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കണ്ടെടുക്കുന്ന അപൂര്‍വ്വ സുന്ദരമായ ആ നോവലിലൂടെ വിവിധ വ്യക്തികൾ കടന്നു പോകുന്നത് സമാഹരിച്ചിരിക്കുകയാണ് ‘കാളിദാസൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി എന്ന പുസ്തകത്തിലൂടെ ടി . ടോജി വർഗീസ്.
അദ്ദേഹത്തിന്റെ പേര് കാളിദാസൻ എന്നായിരുന്നുവോ ? അതോ തൂലികാ നാമമോ ?ആരായിരുന്നു കാളിദാസന്റെ മാതാപിതാക്കൾ ? എവിടെയാണ് കാളിദാസൻ ജനിച്ചത് ? എവിടെയാണ് അദ്ദേഹം അഭ്യസിച്ചത് ? അദ്ദേഹം വിവാഹിതനായിരുന്നുവോ ? ഇങ്ങിനെയായിരുന്നു കാളിദാസന്റെ ജീവിതം ? എന്നാണ് അദ്ദേഹം ജനിച്ചത് ? എന്നാണു കാളിദാസൻ മരിച്ചത് ? അങ്ങിനെ ഉത്തരമില്ലാത്ത നൂറായിരം ചോദ്യങ്ങൾ ആ കവികളുടെ രാജകുമാരനെ പറ്റി അവശേഷിക്കുന്നുണ്ട്. ഇവിടെയാണ് കാളിദാസൻ എന്ന നോവലിന്റെ പ്രസക്തി.
‘കാളിദാസൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി എന്ന കൃതി കാളിദാസൻ എന്ന നോവൽ എന്താണെന്നും എങ്ങിനെയാണ് ആ നോവലിനെ കാണേണ്ടതെന്നുമുള്ള കണിശമായ നിരൂപങ്ങളാണ്.പദ്മശ്രീ ദോ . വെള്ളായണി അർജുനൻ , പി നാരായണ കുറുപ്പ് , ഡോ . ആർസു , ഡോ . ഡി ബഞ്ചമിൻ , തുമ്പമൺ തങ്കപ്പൻ , ഡോ .എൻ . അജിത് കുമാർ , ഡോ. പി. രവി , ഡോ. എം.എൻ.രാജൻ , ഡോ . പ്രസാദ് അഞ്ചൽ , ഡോ . ആർ ചന്ദ്രബോസ്, നിർമല രാജഗോപാൽ , ശാന്താ തുളസീധരൻ , സാബു കോട്ടുക്കൽ , ഡോ. പ്രമീള മഹേഷ് , ഡോ . മാത്യു ടി. എം , ഡോ. സോമൻ നെല്ലിവിള , ഡോ. രൺജിത് രവിശൈലം , നിത്യപി. വിശ്വം , സിമി എം കെ , രാജീവ് എം.കെ എന്നെ പ്രമുഖരുടെ കാളിദാസൻ എന്ന നോവലിനെ കുറിച്ചുള്ള പഠനമാണ് ‘കാളിദാസൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി എന്ന ഈ കൃതി.
വിക്രമാദിത്യ ചക്രവർത്തിയുടെ കവിസദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു കാളിദാസൻ എന്ന് അനേകം ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നു എന്നാണു ഡോ . വെള്ളായണി അർജുനൻ പറയുന്നത്.ഒരു നോവലോ ജീവിതകഥയോ അല്ലെങ്കിലും ഒരു വിശിഷ്ട കൃതിയാണ് കാളിദാസൻ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കാളിദാസന്റെ അതുൽകൃഷ്ടമായ കാവ്യമാണ് കുമാരസംഭവം. ശിവപാർവ്വതീ പ്രണയത്തിന്റെ ശൃംഗാരമധുരമായ പല മുഹൂർത്തങ്ങളുടെയും വർണ്ണനയിൽ തെളിയുന്ന കാളിദാസൻ എന്ന കവിയുടെ രതിരസികത്വം മറനീക്കി പുറത്ത് വരികയാണ്. കാളിദാസന്റെ ശാകുന്തളം , വിക്രമോർവ്വശീയം , മാളവികാഗ്നിമിത്രം എന്നീ നാടകങ്ങളിലും കവിയുടെ വ്യക്തിഗതാനുഭവങ്ങൾ പ്രകടമാണ്.ഇത്തരത്തിൽ കെ സി അജയകുമാറിന്റെ കാളിദാസൻ എന്ന നോവലിലൂടെ കടന്നു പോകുമ്പോളുണ്ടാകുന്ന അഭിപ്രായ ഐക്യങ്ങളും , അഭിപ്രായ വ്യത്യാസങ്ങളും എല്ലാം വളരെ കൃത്യമായി ആവർത്തന വിരസതയില്ലാത്തെ ഓരോരുത്തരും പങ്കുവയ്ക്കുന്നു.
കാളിദാസൻ എന്ന നോവലിനെ ആധാരമാക്കി ടി ടോജി വർഗീസ് കെ സി അജയകുമാറുമായി നടത്തുന്ന അഭിമുഖവും ‘കാളിദാസൻ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി’ എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ”കാലം കാളിദാസസത്യത്തെ അടയാളപ്പെടുത്തുന്നു ” എന്ന ഏറ്റവും ഒടുവിലത്തെ ഭാഗം കെ സി അജയകുമാർ എന്ന എഴുത്തുകാരനെയും കാളിദാസൻ എന്ന കൃതിയെയും പറ്റി കൂടുതൽ അടുത്തറിയാൻ സഹായകമാകുന്നു. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.