നൈജീരിയൻ നോവലിസ്റ്റും കവിയുമായ ഹെലൻ ഹബിലയുടെ Oil on Water എന്ന കൃതിയുടെ മലയാള പരിഭാഷയാണ് എണ്ണപ്പാട. നൈജീരിയൻ സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പ്രശസ്ത നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് നന്ദിനി സി മേനോൻ ആണ്.’ഓയിൽ ഓൺ വാട്ടർ കൂടാതെ അമിതാവ് ഘോഷിന്റെ കൽക്കത്താ ക്രോമാസോം എന്ന പുസ്തകവും നന്ദിനി വിവർത്തനം ചെയ്തിട്ടുണ്ട്.
നൈജീരിയയിലെ മിലിട്ടറിയുടെയും ഗ്രാമീണരുടെയും പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവലാണ് ‘ഓയിൽ ഓൺ വാട്ടർ. ബ്രിട്ടീഷ് ഓയിൽ കമ്പനിയിലെ എൻജിനീയറുടെ ഭാര്യയുടെ തിരോധാനത്തിനു പിന്നിലുള്ള രഹസ്യത്തെ പറ്റി പത്രപ്രവർത്തകരായ സാക്കും റൂസഫും നടത്തുന്ന അന്വേഷണത്തിലൂടെയാണ് നോവലിന്റെ കഥ ചുരുളഴിയുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുതു തലമുറ ആഫ്രിക്കന്‍ പ്രവാസി എഴുത്തുകാരുടെ സംഭാവനകളില്‍ , അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ പുസ്തകമാണ് ഓയിൽ ഓഫ് വാട്ടർ . 80 കളിലെ യുവഎഴുത്തുകാരിൽ ശ്രദ്ധേയനായ ഹെലൻ ഹബില തന്റെ തൂലിക ഒരായുധമായി പ്രയോഗിക്കുകയായിരുന്നു. നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ പ്രതിഷേധ സ്വരമായിരുന്നു ഹെബിലയുടെ എഴുത്തുകൾ.
ബിയാഫ്രന്‍ യുദ്ധം നൈജീരിയന്‍ സര്‍ഗ്ഗജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ശ്രദ്ധേയരായ നൈജീരിയന്‍ എഴുത്തുകാര്‍ മിക്കവാറും അതിന്റെ സ്വാധീനത്തില്‍ വന്നിട്ടുള്ളവരാണ്. ചിനുവ അച്ചബെ, വോലെ സോയിങ്ക, ക്രിസ്റ്റഫര്‍ ഒകീബോ, ബുചി എമാചേതാ, കെന്‍ സാരോ വിവാ തുടങ്ങിയ മുതിര്‍ന്ന തലമുറയിലെ എഴുത്തുകാരെ പോലെത്തന്നെ ചിമമാന്‍ഡാ അദീചി, ഹെലന്‍ ഹബില, ഉസോദിന്‍മാ ഇവിയെലാ, ഹെലെന്‍ ഒയെയെമി, ക്രിസ് അബാനി തുടങ്ങിയ പുതുതലമുറ എഴുത്തുകാരും ഇതില്‍ ഉള്‍പ്പെടും.
വെയ്റ്റിംഗ് ഫോർ ഏയ്ഞ്ചൽ , മെഷറിങ് ടൈം , ഓയിൽ ഓൺ വാട്ടർ എന്നിവയാണ് ഹെലൻ ഹബീലയുടെ പ്രശസ്ത കൃതികൾ. കെയ്ൻ പ്രൈസ് (2001) , കോമൺവെൽത്ത് റൈറ്റേഴ്‌സ് പ്രൈസ് (2003) , എമിലി ക്ലാർക് ബാൽഷ് പ്രൈസ് (2007) വിൻഡം -കാബെൽ ലിറ്ററേച്ചർ പ്രൈസ് (2015)എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.