മലയാളത്തിന് ഒരുപിടി മികച്ച പുസ്തകങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2016. പോയവര്‍ഷത്തെ മികച്ച പുസ്തകങ്ങളുടെ കണക്കെടുത്താല്‍ അതില്‍ റഫറന്‍സ് ഗ്രന്ഥങ്ങളേയും ഉള്‍പ്പെടുത്താതെ വയ്യ. എല്ലാക്കാലത്തും ലേഖനം, നിരൂപണങ്ങള്‍, പഠനം തുടങ്ങിയ മേഖലകളിലെ കൃതികള്‍ക്ക് എന്ന പോലെ റഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. അവയില്‍ സ്ഥാനം പിടിച്ച മികച്ച റഫറന്‍സ് പുസ്തകങ്ങളെ പരിചയപ്പെടാം.
മസ്തിഷ്‌കം കഥപറയുന്നു
മനസ്സ്, ശരീരം, മസ്തിഷ്‌കം എന്നിവയ്ക്കിടയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികകളെ ലളിതമായി, സാധാരണക്കാരുടെ ഭാഷയില്‍ യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഡോ വി എസ് രാമചന്ദ്രന്റെ മസ്തിഷ്‌കം കഥ പറയുന്നു എന്ന പുസ്തകം. നാം ലോകത്തെ കണ്ടറിയുന്നതെങ്ങനെ?, എന്താണ് മനസ്സും ശരീരവും തമ്മിലുള്ള ബന്ധം?, ഒരാളുടെ ലൈംഗികവ്യക്തിസ്വത്വം നിര്‍ണ്ണയിക്കുന്നതെന്താണ്?, ഓട്ടിസം എന്ന മാനസിക വളര്‍ച്ചാ വൈകല്യത്തിന്റെ കാരണമെന്തൊക്കെ?, മനുഷ്യനെ മനുഷ്യനാക്കുന്ന കല, ഭാഷ, രൂപകാലങ്കാരം, സര്‍ഗ്ഗാത്മകത, ആത്മാവബോധം, മതപരത, ചിരി, ചിന്ത തുടങ്ങിയ സഹജഗുണങ്ങളെ എങ്ങനെ വിശദീകരിക്കാനാവും? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണീ പുസ്തകം.
മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ലോയും
ദിനംപ്രതിവളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെക്കുറിച്ചും സൈബര്‍ ലോകത്തെ ചതിക്കൂഴികളക്കുറിച്ചുമുള്ള വിശദവിവരങ്ങളാണ് മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ലോയും. എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. കംപ്യൂട്ടറിന്റെ ഉത്ഭവ ചരിത്രം മുതല്‍ വിവിധ സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ പ്രേഗ്രാമുകള്‍, ഹാര്‍ഡ് വെയര്‍ സംവിധാനങ്ങള്‍, പുതിയതും പഴയതുമായ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഡിജിറ്റല്‍ സമ്പ്രദായം, ഇകൊമേസ്, അക്ഷയപദ്ധതി, ഇ ഗവേര്‍ണന്‍സ് വരെയുള്ള അപ്‌ഡേറ്റ് വിവരങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ മാതൃകാ ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ എം അബ്ദുള്‍ സലാമാണ് പുസ്തകം രചിച്ചിരിക്കുന്നത്.
മൊബൈലും ജയിലും
സൈബര്‍ ലോകത്തെയും പ്രധാനപ്രവര്‍ത്തനങ്ങളെയും സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് തയ്യാറാക്കിയ പുസ്തകമാണ് മൊബൈലും ജയിലും- സൈബര്‍ കുറ്റാന്വേഷണത്തിന്റെ വഴികള്‍. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട സൈബര്‍ നിയമങ്ങളും സുരക്ഷയും വിശദമാക്കുന്ന പുസ്തകമാണിത്. എന്താണ് സൈബര്‍ തെളിവുകള്‍, ഇവ ശേഖരിക്കുന്നതെങ്ങിനെ, ഇവയുടെ ശാസ്ത്രീയത എന്ത് എന്നിങ്ങനെയുള്ള അടിസ്ഥാനവിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ ടവറും സിസി ടി വി ദൃശ്യങ്ങളും ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യങ്ങളല്ലാത്ത കേസുകളിലെ കുറ്റാന്വേഷണത്തിന്റെ വിവരങ്ങള്‍ വരെ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. സമീപകാലത്തെ പ്രമാദമായ പലകേസുകളെയും ഉദാഹരണമായി ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.
നമ്മുടെ വള്ളിസസ്യങ്ങള്‍
കേരളത്തിലെ ഔഷധസസ്യങ്ങള്‍, ഉദ്യാനസസ്യങ്ങള്‍, ഫലസസ്യങ്ങള്‍ എന്നീ ഇനത്തില്‍പ്പെട്ട നൂറോളം സസ്യങ്ങളെ കുറിച്ചുള്ള വിവരണമാണ് നമ്മുടെ വള്ളിസസ്യങ്ങള്‍ എന്ന പുസ്തകത്തിനാധാരം. ഇതില്‍ വിവരിക്കുന്ന എല്ലാസസ്യങ്ങളും ഒന്നിനൊന്നുമെച്ചമാണ്. അതായത് ഈ ഭൂവനഗോളത്തി്ല്‍ ആവശ്യമില്ലാത്ത ഒരു സസ്യവുമില്ല എന്ന സത്യത്തിന് അടിവരയിടുന്നതാണ് ഈ ഗ്രന്ഥം. ഡോ. ടി ആര്‍ ജയകുമാരി നമ്മുടെ വള്ളി സസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ സസ്യങ്ങളുടെയും പേര്, ഔഷധഗുണം, ശാസ്ത്രീയ കാര്യങ്ങള്‍ എന്നിവ വളരെ വിസ്തരിച്ച്, ശാസ്ത്രീയമായും സരളമായും വിവരിച്ചിരിക്കുന്നു.
സിനിമാക്കഥ
രണ്ട് രണ്ടര മണിക്കൂര്‍ കരഞ്ഞും ചിരിച്ചും സന്തോഷത്തോടെ നാം കാണുന്ന സിനിമകള്‍ക്ക് പിന്നിലെ കാണാക്കാഴ്ചകളും ചരിത്രവും പ്രതിപാദിക്കുന്ന പുസ്തകമാണ് സിനിമാക്കഥ. പേരുപോലെതന്നെ ഒരു കഥപറയുന്ന ലാഘവത്തോടെ ലളിതമായിട്ടാണ് സിനിമയുടെ ചരിത്രത്തെക്കുറിച്ചും, ഇന്ത്യന്‍ സിനിമെയക്കുറിച്ചും സനിമ പകര്‍ത്തുന്ന കാമറകണ്ണുകളെക്കുറിച്ചും, ശബ്ദദവിന്യാസത്തെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും, സിനിമയുടെ പിറവിയെക്കുറിച്ചുമെല്ലാം സിനിമാക്കഥയില്‍ പ്രതിപാദിച്ചിരിക്കുന്നു. തിരക്കഥാരചനയുടെ സാങ്കേതിക വിവരങ്ങള്‍, സംവിധാനം, എഡിറ്റിങ്, സംഗീതം, ഡി ഐ തുടങ്ങി ഒരു സിനിമ തിയേറ്ററില്‍ പ്രേക്ഷകനുമുന്നില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ലളിതമായി പറഞ്ഞുതരുന്ന പുസ്തകം ഊര്‍മ്മിള ഉണ്ണിയാണ് രചിച്ചിരിക്കുന്നത്.