തിക്തമായ ചില ജീവിതാനുഭവങ്ങള്‍….
അനുഭവങ്ങള്‍ നല്കിയ നോവും കണ്ണീരും…
കണ്ണീരില്‍ നിന്ന് ഊര്‍ജ്ജമാക്കിയ ചില പാഠങ്ങള്‍ നല്കിയ കാഴ്ചപ്പാടുകളും ആശയങ്ങളും….
സൂര്യ കൃഷ്ണമൂർത്തിയുടെ അഭിമുഖം: അനുഭവങ്ങളും ആശയങ്ങളും എന്ന പുസ്തകത്തിന്റെ പ്രമേയങ്ങളാണ് ഇതെല്ലാം. പ്രസംഗങ്ങള്‍, അനുസ്മരണങ്ങള്‍, അഭിമുഖം എന്നിങ്ങനെ മൂന്നുഭാഗങ്ങളായി തിരിച്ച പുസ്തകം നടരാജൻ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതത്തിന്റെ മഹാവിജയത്തിന്റെ കയ്യടികളാണ്. കൊല്ലം ടികെഎം കോളേജിൽ നിന്നും എൻജിനീയറിംഗ് ബിരുദത്തിനു ശേഷം ഐ എസ് ആർ ഒ യിലെ ജോലിയും ഉപേക്ഷിച്ച് കലയുടെ സംഗമവേദിയിലേക്ക് ചുവടുവച്ചു. അവിടെ നിന്നും ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ച് ലോകപ്രശസ്തനായ സൂര്യകൃഷ്ണമൂർത്തിയായി അദ്ദേഹം മാറുകയായിരുന്നു.
മൂന്നു പതിറ്റാണ്ടുകളായി കലയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും പ്രചരിച്ച ‘സൂര്യ’ എന്ന കലാസാംസ്കാരിക സംഘടനയുടെ സാരഥിയാണ് സൂര്യകൃഷ്ണമൂർത്തി. രംഗകലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹം ഇരുനൂറോളം സ്‌റ്റേജ് ഷോകളും , നിരവധി നാടകങ്ങള്‍ രചിച്ച് സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ‘മുറിവുകൾ’ എന്ന തന്റെ ആത്മകഥാപരമായ പുസ്തകത്തിലൂടെയായാണ് സൂര്യ കൃഷ്ണമൂർത്തി സാധാരണക്കാരിലേക്കും കൂടുതൽ അടുത്തത്.
സൂര്യ കൃഷ്ണമൂർത്തിയുടെ വളരെ ജനകീയമായ പ്രസംഗങ്ങളും , വിവിധ ടി വി ചാനലുകളിൽ വന്ന അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പുസ്തക രൂപത്തിലാക്കി ഡിസി ബുക്സ് 2016 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ അഭിമുഖം: അനുഭവങ്ങളും ആശയങ്ങളും‘. പ്രസംഗങ്ങള്‍, അഭിമുഖം എന്നിവയ്ക്കു പുറമെ തന്റെ ജീവിതത്തിലെ വിളക്കുമരങ്ങളായി ചിന്തകളിലും പ്രവർത്തനങ്ങളിലും അദൃശ്യമായി സ്വാധീനിച്ച മഹത്‌വ്യക്തികളുടെ അനുസ്മരണവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൂര്യനും വെളിച്ചവും അഗ്‌നിയും ഗണപതിയും ഒന്നുതന്നെയാണെന്ന അറിവ് പകർന്ന പ്രഭാഷണമാണ് 2015 ൽ തിരുവനന്തപുരത്ത് യോഗക്ഷേമസഭയിൽ സൂര്യ കൃഷ്ണമൂര്‍ത്തി നടത്തിയത്. ‘മഹാഗണപതി’ എന്ന കുറിപ്പിലൂടെ സൂര്യ കൃഷ്ണമൂര്‍ത്തി ആ അറിവിലൂടെയാണ് പുസ്തകം തുടങ്ങുന്നത്. തുടർന്ന് തോപ്പില്‍ ഭാസി, .തിക്കോടിയന്‍, പ്രേംനസീര്‍, മന്‍മോഹന്‍സിംഗ്, ശങ്കര്‍ ദയാല്‍ ശര്‍മ തുടങ്ങിയവരെക്കുറിച്ച് സൂര്യ കൃഷ്ണമൂര്‍ത്തി നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിത രൂപം വായനക്കാർക്കു മുന്നിലേക്കെത്തുകയാണ്. അനുസ്മരണങ്ങള്‍ എന്ന ഭാഗത്തില്‍ ഡോ. എ.പി.ജെ.അബ്ദുള്‍കലാം, മൃണാളിനി സാരാഭായ് തുടങ്ങിയവരെ അനുസ്മരിക്കുകയാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ദേശീയവും വിദേശീയവുമായ 75ല്‍ ഏറെ ബഹുമതികള്‍ നേടിയ സൂര്യ കൃഷ്ണമൂര്‍ത്തി 2003ല്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ മാന്‍ ഓഫ് ദ് ഇയര്‍ ആയി ഇടം നേടി.