താഹ മടായിയുടെ അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും, കൃഷ്ണമൂര്‍ത്തി തയ്യാറാക്കിയ ചിട്ടസ്വരങ്ങള്‍, ജോണ്‍ നാതന്റെ മിഷിമ, റോബര്‍ട്ട് സര്‍വ്വീസ് രചിച്ച ട്രോസ്‌കി എന്നീ പുസ്തകങ്ങളാണ് 2016ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ജീവചരിത്ര ഗ്രന്ഥങ്ങള്‍. കഥ നോവല്‍ കവിത എന്നീ സാഹിത്യകൃതികളെപ്പോലെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത ജീവചരിത്രകൃതികളാണിവ.
അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും
അനുഭവമെഴുത്തില്‍ പുതിയ തലങ്ങളുണ്ടെന്ന് മലയാളത്തിലെ വായനക്കാര്‍ക്ക് കാട്ടിക്കൊടുത്ത താഹാ മാടായി അത്തരത്തില്‍ ചിലരെക്കൂടി പരിചയപ്പെടുത്തുന്ന പുസ്തകമാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും.. എല്ലാവരാലും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതീയന്‍, അടിയന്തിരാവസ്ഥയില്‍ എരിഞ്ഞുതീര്‍ന്ന രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍, എ.കെ.ആന്റണിക്കൊപ്പം പഠിച്ച്, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടും (എതിര്‍ ചേരിയില്‍) ഇന്ന് തെരുവില്‍ കഴിയുന്ന കെ.തങ്കപ്പന്‍ പിള്ള തുടങ്ങി തീക്ഷ്ണമായ ജീവിതവിധികള്‍ ഏറ്റുവാങ്ങേണ്ടിവന്ന കുറേ പച്ചമനുഷ്യരുടെ പുസ്തകമാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും.
ചിട്ടസ്വരങ്ങള്‍
ആലാപന ശൈലിയിലെ പ്രത്യേകതയും ഭാഷാപാണ്ഡിത്യവും കൊണ്ട് കര്‍ണാടക സംഗീതമേഖലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിത താളത്തെക്കുറിച്ചുള്ള പുസ്തകമാണ് ചിട്ടസ്വരങ്ങള്‍. എഴുത്തുകാരനും ചിത്രകാരനുമായ കൃഷ്ണമൂര്‍ത്തിയാണ് ചിട്ടസ്വരങ്ങള്‍ എഴുതിയിരിക്കുന്നത്. സംഗീതപ്രേമികള്‍ക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ചിട്ടസ്വരങ്ങള്‍ വാസുദേവന്റെ സംഗീത വികാസത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനിടയ്ക്ക് മഹാപ്രതിഭകളായിരുന്ന പല സംഗീത കുലപതികളുടെയും ജീവിത ദൃശ്യങ്ങള്‍ കൃഷ്ണമൂര്‍ത്തി ആവിഷ്‌കരിക്കുന്നു.
മിഷിമ
40 നോവലുകള്‍, 20 ചെറുകഥാ സമാഹാരങ്ങള്‍, 18 നാടകങ്ങള്‍, നിരവധി സാഹിത്യലേഖനങ്ങള്‍ എന്നിവ ജാപ്പനീസ് സാഹിത്യത്തിനും സംസ്‌കാരത്തിനും സമര്‍പ്പിച്ച യുക്കിയോ മിഷിമയുടെ ജീവചരിത്രമാണ് മിഷിമ ജീവചരിത്രം .മാരകരോഗം, പ്രതിഭാശോഷണം, ഭ്രാന്ത്, വേദന ആസ്വദിക്കുന്ന മാനസികാവസ്ഥ എന്നിങ്ങനെ മിഷിമയുടെ ക്രൂരമായ ആത്മഹത്യ വിലയിരുത്തപ്പെട്ടു.അദ്ദേഹത്തെക്കുറിച്ച് ഒരുപാട് ജീവചരിത്രങ്ങള്‍ പിറന്നു. മിഷിമയുടെ സംഘര്‍ഷഭരിതമായ ജീവിതത്തിലൂടെയാണ് മിഷിമ ജീവചരിത്രം കടന്നുപോകുന്നത്. ഇരുളടഞ്ഞ കുട്ടിക്കാലം, ന്യൗ വനത്തിലെ യൗ വിരഹാസക്തി, മരണത്തോടുള്ള അഭിവാഞ് ഛ എന്നിവ ഇതില്‍ അവതരിപ്പിക്കുന്നു. മിഷിമയുടെ വ്യക്തിവൈരുദ്ധ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന്റെ കുടും ബാംഗങ്ങളുടെയും പരിചയക്കാരുടെയും ഓര്‍മ്മകളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ട്രോസ്‌കി
ഒക്ടോബര്‍ വിപ്ലവം മുതല്‍ സ്റ്റാലിന്റെ മരണം വരെയുള്ള സോവിയറ്റ് യൂണിയന്റെ ചരിത്രത്തെപ്പറ്റി ആധികാരികമായി എഴുതിയിട്ടുള്ള അദ്ധ്യാപകനും എഴുത്തുകാരനുമായ റോബര്‍ട്ട് സര്‍വീസ് രചിച്ച പുസ്തകമാണ്’ ട്രോട്‌സ്‌കി എ ബയോഗ്രഫി’. ലോകപ്രശസ്തമായ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയണ്‍ ട്രോട്‌സ്‌കി ജീവചരിത്രം. സോവിയറ്റ് യൂണിയന്‍ നിലവില്‍ വരുന്നതിന് സ്റ്റാലിനും ലെനിനുമൊപ്പം സുപ്രധാന പങ്ക് വഹിച്ച ലിയോണ്‍ ട്രോട്‌സ്‌കിയുടെ ജീവിതം തന്നെയാണ് പുസ്തകത്തിന്റെ കാതല്‍. വിപ്ലവകാരി, രാഷ്ട്രീയ നേതാവ്, തത്ത്വചിന്തകന്‍ എന്നീ നിലകളിലുള്ള ട്രോട്‌സ്‌കിയുടെ സാഹസിക ജീവിതത്തെ പ്രതിപാദിക്കുന്നതിനൊപ്പം തന്നെ ട്രോട്‌സ്‌കിയിലെ പിതാവിനെയും ഭര്‍ത്താവിനെയും എഴുത്തുകാരനെയും വരച്ചുകാട്ടുന്ന പുസ്തകമാണ് ട്രോട്‌സ്‌കി ജീവചരിത്രം.