നടപ്പുജീവിതങ്ങളെയും അനുഭവങ്ങളെയും ജൈവപരവും മനഃശാസ്ത്ര പരവുമായ സംജ്ഞകളോടെ സന്നിവേശിപ്പിച്ചുകൊണ്ട് കഥയിൽ നവീനമായൊരു ഭാവുകത്വം കൊണ്ടുവരുന്ന രചനകളാണ് എം കമറുദീന്റെ കഥകൾ. ജനവാസ പ്രദേശങ്ങളെല്ലാം നഗരമാലിന്യങ്ങൾ കൊണ്ട് മൂടപ്പെടുകയാണ്. മലീമസമായ ജലാശയങ്ങളും പുഴകളും മനുഷ്യജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നു. മനുഷ്യനെ കാർന്നു തിന്നുന്ന രോഗങ്ങളും മരണത്തിനു കീഴടങ്ങേണ്ടിവരുന്ന മനുഷ്യ ജന്മങ്ങളും…. ജീവന്റെ ചെടി എവിടെയാണുള്ളത്.
ഇങ്ങനെ മനുഷ്യന്റെ നടപ്പു ജീവിതത്തിന്റെ ഒടുങ്ങാത്ത നിലവിളികളാണ് എം.കമറുദ്ദീന്റെ ചതുപ്പ് എന്ന സമാഹാരത്തിലെ കഥകളില്‍ നിറയുന്നത്. ചതുപ്പ് , അമ്മയുടെ മകന്‍ , പരമാധികാരി, പുലര്‍ച്ചെ ഒരാക്രമണം, യുദ്ധം, ഒരു തടവുകാരന്‍, അമ്മേ ഞങ്ങള്‍ ജെനീലോയെ കൊന്നു, ബാധ എന്നീ കഥകളുടെ സമാഹാരമാണ് ചതുപ്പ്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കാലത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഇവയെല്ലാം.പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി
ജീവന്റെ ചെടി അന്വേഷിക്കുകയും അങ്ങനെയൊന്ന് ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യരെയാണ് ആദ്യ കഥയായ ചതുപ്പിൽ പറയുന്നത്. അമ്മക്ക് ആദ്യഭര്‍ത്താവില്‍ ഉണ്ടായ മകനെ വെറുത്ത സഹോദരങ്ങളുടെ കഥയാണ് ‘അമ്മയുടെ മകന്‍.’ പട്ടിണി കൊണ്ടുപോലും തെറ്റ് ചെയ്യാന്‍ കഴിയാഞ്ഞിട്ടും സമൂഹം എങ്ങനെയാണ് ഒരാളെ കുറ്റവാളിയാക്കുന്നതെന്ന് ‘പുലര്‍ച്ചെ ഒരാക്രമണം’ എന്ന കഥ കാട്ടിത്തരുന്നു.
കഥകള്‍, നോവല്‍, ചരിത്രം, ആരോഗ്യശാസ്ത്രം, വിവര്‍ത്തനം തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളില്‍ സജീവമാണ് എം.കമറുദ്ദീന്‍. അദ്ദേഹത്തിന്റെ തെരുവിന്റെ മറ്റേയറ്റം എന്ന കഥാസമാഹാരവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.