പീഡിതമായ മനുഷ്യജീവിതങ്ങളെ കുറിച്ചുള്ള രൂപകമായി ബെന്യാമിന്‍ കഥകൾ മാറുമ്പോഴും അവയിൽ പറ്റി നിൽക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു. കാണുന്ന കാഴ്ചകളിൽ നിന്നും കേൾക്കുന്ന ശബ്ദങ്ങളിൽ നിന്നും മരുക്കാറ്റിൽ നിന്നും ബെന്യാമിൻ കഥയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ കണ്ടെത്തി സമർത്ഥമായി സന്നിവേശിപ്പിക്കുന്നു. എഴുത്തുകാരന്റെ യുത്തനേസിയ, പെണ്മാറാട്ടം, ഇഎംഎസ്സും പെണ്‍കുട്ടിയും എന്നിങ്ങനെ മൂന്ന് സമാഹാരങ്ങളിലായി പ്രസിദ്ധീകരിച്ച കഥകളും സമാഹരിക്കാത്ത കഥകളും ചേര്‍ന്ന ‘കഥകള്‍ ബെന്യാമിന്‍‘ പുസ്തകത്തിന്റെ ആറാമത്തെ പതിപ്പ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു.
ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ രൂപപ്പെട്ട വഴി തെളിഞ്ഞു കാണാമെന്നതാണ് കഥകള്‍ ബെന്യാമിന്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകത. താന്‍ ഇതുവരെ എഴുതിയ എല്ലാ കഥകളും ഉള്‍പ്പെട്ട സമാഹാരമാണ് പുറത്തിറങ്ങിയിരിക്കുന്നതെന്ന് ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ബെന്യാമിന്‍ പറഞ്ഞു. ‘പരാജയപ്പെട്ട കഥകളും വിജയിച്ച കഥകളും ചേരുന്ന ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ വന്ന വഴി ഈ കഥകളിലുണ്ട്. തിരഞ്ഞെടുത്ത കഥകള്‍ മാത്രം പ്രസിദ്ധീകരിച്ച് ചിലത് ഒളിപ്പിച്ചു വെയ്ക്കാനുള്ള ശ്രമം നടത്തിയിട്ടില്ല.’ ബെന്യാമിന്‍ പറഞ്ഞു.
എഴുതിയ കാലക്രമത്തിലാണ് പുസ്തകത്തില്‍ കഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ബെന്യാമിന്‍ ആദ്യം എഴുതിയ ശത്രു എന്ന കഥ മുതലാണ് പുസ്തകം ആരംഭിക്കുന്നത്. നസ്രാണി ജിഹാദ് എന്ന കഥ പത്തുഭാഗങ്ങളായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച് തുടങ്ങിയിട്ട് മൂന്ന് ഭാഗങ്ങളായപ്പോള്‍ നിന്നുപോയതാണെന്ന് ബെന്യാമിന്‍ പറയുന്നു. അതാത് കാലത്തെ ചിന്താപദ്ധതികളുടെ പ്രതിഫലനവും ഈ കഥകളില്‍ കാണാമെന്ന് ബെന്യാമിന്‍ അഭിപ്രായപ്പെടുന്നു.
ചെരാത് സാഹിത്യവേദിയുടെ കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ബ്രേക്ക് ന്യൂസ്, കൈരളി ടിവി ചെറുകഥാ മത്സരത്തില്‍ സമ്മാനാര്‍ഹമായ പെണ്മാറാട്ടം, ഏറെ പ്രശസ്തമായ ഇഎംഎസ്സും പെണ്‍കുട്ടിയും, ഖസാക്കിന്റെ ഇതിഹാസത്തിന്റെ തുടര്‍ച്ചയെന്നോണം രചിച്ച ഖസാക്കിലേക്ക് വീണ്ടും തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ പ്രമുഖ കഥകളില്‍ ചിലത്.
ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍ , അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ , പ്രവാചകരുടെ രണ്ടാം പുസ്തകം, അബീശഗിന്‍ തുടങ്ങിയവയാണ് ബെന്യാമിന്റെ നോവലുകള്‍ . പുസ്തക വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഈ നോവലുകള്‍ പോലെ തന്നെ ‘കഥകള്‍ ബെന്യാമിനും‘ വായനക്കാര്‍ക്ക് പ്രിയങ്കരമാവുകയാണ്.