പോയകാലത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും കോറിയിട്ട മെയ്ക്കരുത്തും ഉള്‍ക്കരുത്തും നിറഞ്ഞ വാങ്മയരൂപങ്ങളാണ് പഴഞ്ചൊല്ലുകള്‍. പഴമൊഴികളും ശൈലികളും മലയാള ഭാഷയുടെ ഊര്‍ജ്ജമാണ്. പഴയ കാലത്തെ സവിശേഷമായ സാഹചര്യങ്ങളില്‍ നിന്ന് നിര്‍മ്മിക്കപ്പെട്ട ചൊല്ലുകള്‍ കാലപ്രയാണത്തിലും ഒളിമങ്ങാതെ നില്‍ക്കുന്നുവെന്നത് അവയുടെ കാലാതീതമായ നവീനത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ച് കടന്നുപോകുന്ന ഈ ചൊല്ലുകളും ശൈലികളും സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് മൂത്തോറെ വാക്ക്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നമ്മുടെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് മൂത്തോറെ വാക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജ്യോതിഷം, അന്യോപദേശം, ഉത്സവം, ആചാരം, ശിക്ഷാരീതികള്‍, ആരോഗ്യം, കൃഷി, ഐതിഹ്യം എന്നിങ്ങനെ നമ്മുടെ നാടിന്റെ വിഷയവൈവിധ്യം മുഴുവന്‍ പ്രയോജനപ്പെടുത്തിയാണ് മൂത്തോറെ വാക്ക് എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഓരോ പഴഞ്ചൊല്ല് അല്ലെങ്കില്‍ ശൈലിയും എടുത്ത് അര്‍ത്ഥം വിശദീകരിച്ച് അവയുടെ പ്രയോഗ സന്ദര്‍ഭങ്ങളും വിവരിക്കുന്ന രീതിയിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഉദാ: നാഴികയ്ക്ക് നാല്പത് മട്ട് (കൂടെക്കൂടെ അഭിപ്രായം മാറുക), അമക്കിച്ചെരച്ചാലും തലയിലെഴുത്ത് മാറില്ല (മനുഷ്യന്റെ വിധി പോലെയേ ജീവിതം മുന്നോട്ടുപോകൂ)
ഗണപതിക്കു വെച്ചത് കാക്ക കൊണ്ടുപോകുക (ഒരു കാര്യത്തിന്റെ തുടക്കം തന്നെ പിഴയ്ക്കുക)
നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളിര്‍ത്താല്‍ അതുമൊരു തണല് (നിര്‍ലജ്ജന്‍മാര്‍ അവര്‍ക്കുണ്ടാകുന്ന അപമാനത്തെയും ഗുണമായി വിചാരിക്കുന്നു)
മുറിവൈദ്യന്‍ ആളെക്കൊല്ലും (അല്പമാത്രമായ അറിവുള്ളവന്‍ അപകടകാരിയാണെന്ന് മുന്നറിയിപ്പ്)
പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ജനം ടി.വിയുടെ പ്രോഗ്രാം വിഭാഗം മേധാവിയുമായ മനോജ് മനയിലാണ് ഇത്തരം കൗതുകമുണര്‍ത്തുന്ന വാമൊഴിപ്പഴമയെ പുസ്തകത്തിലേക്ക് ആവാഹിച്ചത്.