മുത്തേ പൊന്നേ പിണങ്ങല്ലേ..എന്തേകുറ്റം ചെയ്തുഞാന്‍..എന്ന് നാടന്‍ഭാഷയില്‍ സ്വതസിദ്ധമായ ശൈലിയില്‍ പാടുകയും അഭിനയിക്കുകയും ചെയ്ത അരിസ്റ്റോ സുരേഷ് വളരെപ്പെട്ടന്നാണ് മലയാള ചലച്ചിത്ര സ്‌നേഹികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. പിന്നീട് അദ്ദേഹം തന്നെ എഴുതിയ പാട്ടുകള്‍ പാടി ചാനല്‍ ഇന്റര്‍വ്യുകളില്‍ നിറഞ്ഞു. മണ്ണിന്റെ മണമുള്ള, ആരോടും പരാതികളും പരിഭവങ്ങളുമില്ലാത്ത പ്രണയം തുളുമ്പുന്ന, സമകാലിക പ്രസക്തിയുള്ള ഗാനങ്ങളാണ് അദ്ദേഹമെഴുതിയത്. സുരേഷിന്റെ ചിന്തകളും കാഴ്ചപ്പാടുകളും ജീവിതവും പാട്ടുകളുമൊക്കെ കോര്‍ത്തിണക്കി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് മുത്തേ പൊന്നേ പിണങ്ങല്ലേ..
കഥാകാരന്‍ ഉണ്ണി ആര്‍ അവതാരികയെഴുതിയ മുത്തേ പൊന്നേ പിണങ്ങല്ലേ അരിസ്റ്റോ സുരേഷിന്റെ ആത്മകഥാംശമാണ്. കാരണം അദ്ദേഹം തന്റെ ഓര്‍മ്മകളും പാട്ടുകളുമാണ് ഇതില്‍ പങ്കുവെയ്ക്കുന്നത്. ”എല്ലാ നഗരങ്ങള്‍ക്കുമുള്ളില്‍ ഓരം ചെര്‍ന്ന മനുഷ്യരുണ്ട്. അവരുടെ ജീവിതങ്ങളുമുണ്ട്. ഈ ജീവിതങ്ങള്‍ നഗരത്തിന്റെ വലിയ എടുപ്പുകള്‍ക്കും പകിട്ടുകള്‍ക്കും മുന്നില്‍ അസ്പൃശ്യരാണ്. അതുകൊണ്ടുതന്നെ വലിയ നഗരത്തിന്റെ പേരിലോ തറവാട്ടുപേരിലോ അറിയപ്പെടാനാവില്ല. ചിലകോളനികളുടെ അല്ലെങ്കില്‍ ഇരട്ടപ്പേരുകളിലൊക്കെയാവാം അറിയപ്പെടുക. ഇങ്ങനെ ഓരം ചേര്‍ന്ന ജീവിതത്തിലൊരാളായിരുന്നു സുരേഷ്. ഇന്ന് സുരേഷിനെ നാടറിയുന്നു..സുരേഷിന്റെ പാട്ടുകള്‍ കുട്ടികള്‍ മുതല്‍ അന്യദേശക്കാര്‍ വരെ പാടുന്നു..പാട്ടുകളിലൊന്നില്‍ പോലും ആരോടും വഴക്കില്ല. ശത്രുതയില്ല. സ്‌നേഹം മാത്രം.പ്രണയം മാത്രം…” എന്ന് ഉണ്ണി ആര്‍ സുരേഷിനെക്കുറിച്ച് അവതാരികയില്‍ അഭിപ്രായപ്പെടുന്നു.
വിഷ്‌കംഭം പള്ളിക്കൂടവഴിയില്‍, തെരുവിലെ തൂലിക, പാട്ടിന്റെ പാലാഴി, സിനിമ സിനിമ, റോഡന്‍ പാട്ടുകള്‍, മുത്തേ പൊന്നേ പിണങ്ങല്ലേ..തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് അരിസ്റ്റോ സുരേഷ് തന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ കൊരുത്തിടുന്നത്. ഇവയിലെല്ലാം താന്‍ വര്‍ന്നുവന്ന ചുറ്റുപാടും ജീവിതാന്തരീക്ഷവും പിന്നീട് സിനിമാലോകത്തും പാട്ടിന്റെ വഴിയിലുമൊക്കെ എത്തപ്പെട്ട സാഹചര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
തിരുവനന്തപുരം തമ്പാനൂരിനടുത്തുള്ള അരിസ്റ്റോ എന്ന സ്ഥലത്ത് ചുമട്ടുതൊഴിലാളിയായ സുരേഷ് ഇന്ന് ‘മുത്തേ പൊന്നേ പിണങ്ങല്ലേ ഫെയിം’ അരിസ്റ്റോ സുരേഷിലേക്കും അംഗീകരാങ്ങളിലേക്കും നടന്നടുത്തതിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകം ഡി സി ബുക്‌സ് മുദ്രണമായ ലിറ്റ്മസാണ് പ്രസിദ്ധീകരിച്ചത്. സുരേഷിന്റെ പാട്ടുകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പുസ്തകത്തിനൊപ്പം അദ്ദേഹത്തിന് ഏറെയിഷ്ടമുള്ള ‘പെണ്ണായ പെണ്ണുങ്ങള്‍‘ എന്ന ആല്‍ബവും ഡി സി ബുക്‌സ് മീഡിയ ലാബ് പുറത്തിറക്കിയിരുന്നു.
The post മുത്തേ പൊന്നേ പിണങ്ങല്ലേ… appeared first on DC Books.