നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥ മെയ്ന്‍ കാംഫ് ജര്‍മനിയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള പുസ്തകമെന്ന് പ്രസാധകര്‍. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കഴിഞ്ഞ ജനുവരിയിലാണ് ജര്‍മനിയില്‍ പുസ്തകം പുനഃപ്രസിദ്ധീകരിച്ചത്. ഇതിനകം ആറ് പതിപ്പുകളിലായി 85,000 പ്രതികള്‍ വിറ്റഴിഞ്ഞതായി പ്രസാധകരായ മ്യൂണിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടമ്പററി ഹിസ്റ്ററി(ഐ.എഫ്.സെഡ്) അറിയിച്ചു.
4000 പ്രതികള്‍ അടിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ആവശ്യക്കാരുടെ ആധിക്യം നിമിത്തം കൂടുതല്‍ കോപ്പികള്‍ പുറത്തിറക്കേണ്ടിവന്നു. കഥേതര വിഭാഗത്തില് കഴിഞ്ഞവര്‍ഷം മെയ്ന്‍ കാംഫ് ആയിരുന്നു ഏറ്റവും വിറ്റഴിഞ്ഞത്. പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണം ഹിറ്റ്‌ലറുടെ നാസി പ്രത്യയശാസ്ത്രത്തിന് സ്വീകാര്യത നല്‍കുമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഫാസിസ്റ്റ് ആശയങ്ങളുടെ ഭീകരതയും അനന്തരഫലങ്ങളും ചര്‍ച്ചചെയ്യപ്പെടാന്‍ പുസ്തകം ഉപകാരപ്പെട്ടെന്ന് ഐ.എഫ്.സെഡ് ഡയറക്ടര്‍ ആന്‍ഡ്രിയാസ് വിര്‍ഷിങ് ചൂണ്ടിക്കാട്ടി.
ജയില്‍വാസത്തിനിടയില്‍ ഹിറ്റ്‌ലര്‍ എഴുതിയ മെയിന്‍ കാഫ് 1925ലാണ് പ്രസിദ്ധീകരിച്ചത്. ഹിറ്റ്‌ലറിന്റെ സ്വയംപ്രേരിത തത്വങ്ങളും ജര്‍മനിയുടെ ഉയര്‍ച്ചയും തകര്‍ച്ചയും ജൂതരുമായും മാര്‍ക്‌സിസ്റ്റ് സിന്താന്തവുമായിട്ടുള്ള വിദ്വേഷവുമെല്ലാം ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. 1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരമേറ്റതിനുശേഷം ഈ ആത്മകഥ ചൂടപ്പം പോലെ മില്യന്‍ കോപ്പികള്‍ വിറ്റിരുന്നു. നാസി സര്‍ക്കാരിന്റെ ലേബലായി കണക്കാക്കിയിരുന്ന ഈ പുസ്തകം 1936 മുതല്‍ പുതുതായി വിവാഹിതരാവുന്നവര്‍ക്ക് നല്‍കണമെന്ന് ഹിറ്റ്‌ലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം രണ്ടുവര്‍ഷത്തിനുമുമ്പ് ലോസ്ആഞ്ജലിലിസില്‍ നടന്ന ഒരു ചടങ്ങില്‍ ഹിറ്റ്‌ലറിന്റെ കൈയൊപ്പ് പതിഞ്ഞ ആത്മകഥയുടെ രണ്ട് കോപ്പികള്‍ ലേലത്തില്‍ പോയത് 64,850 (40 ലക്ഷം രൂപ) ഡോളറിനാണ്.