ഉത്തരാധുനിക മലയാള കവിതയുടെ പരിണാമ ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്ത കവിതകള്‍ സമ്മാനിച്ച കവിയാണ് സെബാസ്റ്റ്യന്‍. മലയാളത്തിന് ഈടുറ്റ സംഭാവനകള്‍ നല്‍കിയ..അദ്ദേഹത്തിന്റെ കവിതകള്‍ 2011 ല്‍ സെബാസ്റ്റ്യയന്റെ കവിതകള്‍ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. 2011 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. മഹാകവി പി സ്മാരക പുരസ്‌കാരം, മുല്ലനേഴി പുരസ്‌കാരം, പി ഭാസ്‌കരന്‍ പുരസ്‌കാരം, വി സി ബി സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള
സെബാസ്റ്റ്യയന്റെ കവിതകള്‍..’തുറന്നു തുരന്ന് മണ്ണിന്റെ സ്വര്‍ഗ്ഗീയതകളിലേക്ക്’, ‘ഇതു നീ കണ്ണില്‍ എഴുതണം’, ‘തിരിഞ്ഞിരിക്കുന്ന വീടുകള്‍’, ‘ഒരു ദേഹമുണ്ട് അത്രമാത്രം’, ‘ഒറ്റയ്ക്കു നില്‍ക്കുന്ന രാത്രി’, ‘പാട്ടിട്ടു മുറിക്കിയത്’ എന്നിങ്ങനെ ആറു ഭാഗങ്ങളായാണ് എഴുതിയരിക്കുന്നത്. ഇവയില്‍ നൂറില്‍പരം കവിതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദൈര്‍ഘ്യം കുറഞ്ഞവയെങ്കിലും ഭാവനയുടെ ആഡംബരമില്ലാത്ത വലിയൊരു ആശയത്തെ വഹിക്കുന്നവയാണ് ഇതിലെ ഒരോ കവിതയും. എന്നാല്‍ എരിവും പുളിവും അന്വേഷിച്ചെത്തുന്നവര്‍ക്ക് സംതൃപ്തിനല്‍കുന്നവയല്ല ഇതിലെ കവിതകളെങ്കിലും സുതാര്യമായ ഒരുകവിതാ ചര്‍മ്മമാണ് സെബാസ്റ്റ്യയന്റെ കവിതകളെ വ്യതിരക്തമാക്കുന്നത്. ഒരോ കവിതയിലും ജീവിതത്തിന്റെ നിഷ്‌കളങ്കമായ അനുഭവമേഖലകളെയാണ് പരിഗണിക്കുന്നത്.
എന്നാലും സുരക്ഷിതവും നിഷ്‌ക്രിയവുമായ ജീവിതത്തിന്റെ പകല്‍വെളിച്ചംപകരുന്ന ഒരു കൂട്ടം കവിതകള്‍കൂടിയുണ്ട് സെബാസ്റ്റ്യന്റേതായിട്ടുണ്ട്. ‘ഒരു ദേഹമുണ്ട് അത്രമാത്രം’ എന്ന ഭാഗത്ത് സൂചിപ്പിക്കുന്ന കവിതകളെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഒരാധിയും തീണ്ടാത്ത ജീവിച്ചുപോകലിന്റേതുമാത്രമായ ഉടലുകളുടെ സഞ്ചാരമാണ് ഇവയുടെയെല്ലാം ആധാരം.
ഒന്നും തരുന്നില്ല.
ഒന്നും ഉണ്ടാക്കുന്നില്ല
ഒരു ചലനവും ഉയര്‍ത്തുന്നില്ല.
ഒരു ദേഹമുണ്ട് അത്രമാത്രം.
എന്ന് ‘അദ്ദേഹം’ എന്ന കവിതയില്‍ എഴുതുന്നത് അതുകൊണ്ടാണ്. എന്നാല്‍ മാറ്റിവയ്ക്കപ്പെട്ട അവയവങ്ങളും അവസ്ഥകളുമുള്ള മനുഷ്യരേയും അദ്ദേഹത്തിന്റെ പല കവിതകളിലും കാണാം. ഇങ്ങനെ തുറന്ന ലോകത്തെ ഒട്ടുമിക്ക കാഴ്ചകളും അദ്ദേഹം തന്റെ കവിതകളില്‍ ആവാഹിച്ചിരിക്കുന്നു. കവിതയുടെ ജാഗ്രത്തായ പുതുകാലത്ത് സെബാസ്റ്റ്യന്റെ അടയാളവാക്യങ്ങള്‍ ഈ പുസ്തകം തരുന്നുണ്ട്. അയത്‌നലളിതമായി സംവദിക്കുകയും പല മാനങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന സമകാലികതയുടെ രേഖാചിത്രമാണ് സെബാസ്റ്റ്യയന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.