അല്ലാഹുവിന്റെ അന്ത്യദൂതനാണ് മുഹമ്മദ് നബി. മനുഷ്യനായ പ്രവാചകൻ. മനുഷ്യരാശിയുടെ മാർഗ്ഗദർശനമായിരുന്നു നിയോഗലക്ഷ്യം. നമുക്ക് ചുറ്റുമുള്ള മുസ്ലിങ്ങളുടെ ജീവിതത്തിൽ കാണപ്പെടുന്നതല്ല യഥാർത്ഥ ഇസ്‌ലാം. അത്യുദാത്തതവും നിത്യനൂതനവുമായ ഒരു ജീവിതവ്യവസ്ഥയാണത്. ഈ ഗ്രന്ഥം സൂക്ഷ്മമായി വായിക്കുന്ന ആരുടെ മുന്നിലും സത്യത്തിന്റെ രാജപാത തെളിഞ്ഞുവരുമെന്നതിൽ സംശയമില്ല. ശുദ്ധവും സനാതനവുമായ ദിവ്യഭാവനകളിലൂടെ മനസ്സിനെ വെളിച്ചത്തിലേക്കു നയിക്കാനും നന്മയുടെയും വിശുദ്ധിയുടെയും ലോകത്തേക്കുയര്‍ത്താനും മനുഷ്യനെ പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണ് വാണിദാസ് എളയാവൂരിന്റെ പ്രവാചക കഥകള്‍.
അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ ; വാണിദാസ് എളയാവൂർ എന്ന പി.വി. ഗംഗാധരൻ നമ്പ്യാരുടെ കർമ്മമേഖലകളാണിതെല്ലാം. 36 വർഷത്തെ അദ്ധ്യാപനത്തിനുശേഷം കൂടാളി ഹൈസ്‌കൂളിൽനിന്ന് റിട്ടയർ ചെയ്‌തു. വിശിഷ്‌ട അദ്ധ്യാപകനുളള രാഷ്‌ട്രപതിയുടെ അവാർഡ് നേടി. സാഹിതിയസാംസ്‌കാരിക വിദ്യാഭ്യാസരംഗങ്ങളുമായി ഉറ്റ ബന്ധം. കേരള സർക്കാരിന്റെ ടെക്‌സ്‌റ്റ് ബുക് കമ്മറ്റി, സിലബസ് ഇവാല്വേഷൻ കമ്മറ്റി, ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്, തുഞ്ചൻസ്‌മാരക മാനേജിങ്ങ് കമ്മറ്റി, നാഷണൽ കൗൺസിൽ ഫോർ ചൈൽഡ് എഡ്യൂക്കേഷൻ നിർവാഹക സമിതി, കേരള ഗ്രന്ഥശാലാ സംഘം അഡ്വൈസറി ബോർഡ് എന്നിവയിൽ അംഗമായിരുന്നു വാണിദാസ് എളയാവൂർ.
സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന്‍ മാനവസമൂഹത്തെ പ്രേരിതമാക്കുന്ന കഥകളാണ് ‘പ്രവാചക കഥകള്‍. പ്രവാചകനായ മുഹമ്മദ് നബിയുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതത്തിലെ സംഭവശകലങ്ങളുടെ അനാര്‍ഭാടമായ അവതരണമാണിത്. വെളിച്ചത്തിന്റെയും വിശുദ്ധിയുടെയും കാരുണ്യത്തിന്റെയും ഈ കഥകള്‍ ആധുനിക ഭൗതിക നാഗരികത ആത്‌മീയരംഗത്തുണ്ടാക്കിയ ശൂന്യതയില്‍നിന്നും സാംസ്‌കാരികമേഖലയില്‍ സൃഷ്‌ടിച്ച ജീര്‍ണതയില്‍നിന്നും സമൂഹത്തെ മോചിപ്പിക്കുന്നു.
അനന്യലബ്‌ധമായ ആത്‌മീയാനുഭവം നല്‍കുന്ന ഇരുന്നൂറോളം കഥകളാണ് പ്രവാചക കഥകളിലുള്ളത്.
പ്രവാചകന്റെയും അദ്ദേഹത്തിന്റെ പാഠശാലയിൽ നിന്ന് പരിശീലനം നേടിയ ശിഷ്യന്മാരുടെയും ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത അതിമനോഹരങ്ങളായ അദ്ധ്യായങ്ങളാണ് വാണിദാസ് എളയാവൂർ ‘പ്രവാചക കഥകളിൽ അടുക്കിവച്ചിരിക്കുന്നത്. സംഭവങ്ങൾ സത്യസന്ധമായും സുന്ദരമായും സമർപ്പിക്കുന്നതിൽ എഴുത്തുകാരൻ അസാധാരണമായ വിജയം നേടിയിരിക്കുന്നു എന്ന് പുസ്തകത്തെ ആധാരമാക്കി പറയാം. ഏതു സാധാരണക്കാരനും മനസിലാകും വിധം മികച്ച അവതരണശൈലിയും ഭാഷയും പുസ്തകത്തിന്റെ സവിശേഷതകളാണ്. എന്തു പറയുന്നു എന്നതും എങ്ങനെ പറയുന്നു എന്നതും പ്രസക്തമാണ്. ഒരുപറ്റം ദൈവദാസന്മാരുടെ ജീവിതത്തിൽ നിന്നും പറിച്ചെടുത്ത അത്യാകർഷകമായ കുസുമങ്ങളാണ് പ്രവാചക കഥകളിൽ ചേതോഹരമായി കോർത്തിണക്കിയിരിക്കുന്നത്.
ഇസ്‌ലാമിന്റെ ചൈതന്യം അതിന്റെ പൂർണ്ണതയോടെ സ്ഥാപിതമായപ്പോൾ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മാതൃകായോഗ്യമായ സമൂഹം സംജാതമായി.സ്വന്തം ജീവിതം കൊണ്ട് ദൈവവാക്യങ്ങൾക്ക് പ്രായോഗിക മാതൃകകൾ രചിച്ച ആ സമൂഹത്തിന്റെ ഐതിഹാസികമായ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത് അതിമനോഹരമായി അടുക്കിവെച്ച അനേകം സംഭവങ്ങളുടെ സമാഹരണമാണ് പ്രവാചക കഥകളിൽ.
വാണിദാസ് എളയാവൂർ 1935 ജൂൺ 4-ന് കണ്ണൂർ ജില്ലയിൽ എളയാവൂര് എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ് എം.വി. കൃഷ്‌ണൻനമ്പ്യാർ. മാതാവ് പടിഞ്ഞാറേവീട്ടിൽ അമ്മാളുഅമ്മ. സംഗം വാരിക, താളം ത്രൈമാസിക, സോഷ്യലിസ്‌റ്റ് വ്യൂ സായാഹ്‌ന ദിനപത്രം എന്നിവയുടെ പത്രാധിപരായിരുന്നു. ചിലമ്പൊലി, ചന്ദനത്തൈലം, കഥ പറയുന്ന കോലത്തുനാട്, കഥചൊരിയും നാട്, കഥകളുറങ്ങുന്ന കടലോരം, കഥകളുടെ നാട്, വിചാരമേഖല തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവ്. രചനയിൽ ഒരനുശീലനം എന്ന പ്രബന്ധത്തിന് എൻ.സി.ഇ.ആർ.ടി.യുടെയും ഏകകബോധിനി എന്ന ഗ്രന്ഥത്തിന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെയും അവാർഡ് ലഭിച്ചിട്ടുണ്ട്.
പുസ്തകം വായിക്കാൻ .. ക്ലിക്ക് ചെയ്യൂ