”പുഴയുടെ അടിയേറ്റിട്ടും പിഞ്ഞിപ്പോവാതൊരു പുഴപ്പൂവും സ്‌നേഹത്തിന്റെ നീലിച്ച മഹാകാശം വിളിക്കും വരെ ഞങ്ങള്‍ പുറത്തേക്കു തലനീട്ടില്ലെന്ന് അടച്ചിരിക്കുന്ന പുസ്തകക്കൂട്ടവും കുറ്റിപ്പെന്‍സിലാല്‍ വരകരയുന്ന ‘പട്ടുപോയവരും’ വെയില്‍ മുറിച്ചു ഭാരമേന്തിടുന്ന ശകടതാളവും എവിടെപ്പോയെന്റെ പച്ചകള്‍ ‘
പ്രകൃതിയുടെ മനം നിറച്ച് മാനവീയം വീഥിയിൽ വേറിട്ടൊരു പുസ്തക പ്രകാശനം. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വിനോദ് വൈശാഖിയുടെ ” കൈതമേൽ പച്ച ” കവിതാ സമാഹാരമാണ് പരിസ്ഥിതി സംരക്ഷണത്തിന് ഒന്നിച്ചു മുന്നേറാനുള്ള സന്ദേശവുമായി കവിത പൂത്ത മാനവീയം വീഥിയിൽ ആഹ്വാനം ചെയ്യപ്പെട്ടത്.
മണ്ണും ഭക്ഷണവും, വെള്ളവും , ഭാഷയും , മലിനമാകാതെ സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ സാമൂഹ്യ പ്രവർത്തകരും , എഴുത്തുകാരും , രാഷ്ട്രീയ പ്രവർത്തകരും ഒത്തുകൂടിയ സംഗമത്തിന്റെ ആവേശത്തിൽ പുസ്തക പ്രകാശനത്തിനെത്തിയ പ്രിയ കവയിത്രി സുഗത കുമാരിയും വികാരാധീനയായി. പ്രകൃതിക്കായി നാലു പതിറ്റാണ്ട് പിന്നിട്ട പോരാട്ടത്തിൽ തനിക്ക് കല്ലേറ് മാത്രമാണ് ഇതുവരെ കിട്ടിയത്. എന്നാൽ ഈ നിമിഷം തന്റെ മനം നിറഞ്ഞുവെന്നും ടീച്ചർ പറഞ്ഞു. ബഹിരാകാശത്തു വരെ മാലിന്യം നിറയുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന് ഉറച്ച നിലപാടുമായുള്ള ഒത്തുചേരലിൽ പ്രിയ കവയിത്രി സന്തോഷവതിയായി.
വിനോദ് വൈശാഖിയുടെ പാരിസ്ഥിതിക കവിതകളുടെ സമാഹാരം ‘ കൈതമേൽ പച്ച” സുഗതകുമാരിയും , പോളിറ് ബ്യൂറോ അംഗം എം.എ ബേബിയും ഒരു കൂട്ടം ചിത്രകാരന്മാരും ചേർന്ന് പ്രകാശനം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനു പോലും ഭീഷണി ഉയരുന്ന രാജ്യത്തെ വർത്തമാനകാല ദുരന്താവസ്ഥയ്‌ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ എം എ ബേബി അഭ്യർത്ഥിച്ചു. നോട്ടു നിരോധനത്തിനെതിരെ അഭിപ്രായം പറഞ്ഞ എം ടി യുടെ നേർക്ക് വാളോങ്ങിയ സംഘപരിവാർ ഭീകരതയെ ബേബി അപലപിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം ടി എൻ സീമ , സുസ്മേഷ് ചന്ദ്രോത്ത് , ഡോ. സി ആർ പ്രസാദ് , എഴാച്ചേരി രാമചന്ദ്രൻ , കെ . ജി സൂരജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കവിയരങ്ങും , ആൽമരങ്ങൾ കവിതയുടെ ദൃശ്യാവിഷ്കാരം , നാടൻപാട്ട്, നാടകം , സ്കിറ് , വാദ്യോപകരണവാദനം , മാജിക് ഷോ , പാവനാടകം , തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.