വയനാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍ ചരിത്രരേഖകള്‍ കണ്ടെടുത്തു. സംസ്ഥാന പുരാരേഖാ വകുപ്പ് നടപ്പാക്കുന്ന ജനകീയ പുരാരേഖാലയം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റയിലെ പുരാതന തറവാടായ പുഴമുടി തറവാട്ടില്‍നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. ഹരിജന്‍ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായുള്ള മഹാത്മാ ഗാന്ധിയുടെ വയനാടന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങളും കത്തും അടങ്ങുന്ന രേഖകളും, 1914ലെ ഒന്നാം ലോകമഹായുദ്ധം, 1920ലെ മലബാര്‍ ലഹളയുടെ പരാമര്‍ശം എന്നിവയുള്ള കത്തും ലഭിച്ചിട്ടുണ്ട്. കൂടാതെ 15 മുളക്കരണികങ്ങളും (മുളാരേഖകള്‍) ലഭിച്ചിരുന്നു. വട്ടെഴുത്താണ് ഇവയില്‍ കൂടുതലുമുള്ളത്. കല്‍പ്പറ്റ എന്‍എംഎസ്എം കോളേജിലെ ചരിത്രവിഭാഗവും പുരാരേഖാ വകുപ്പുമാണ് രേഖകള്‍ ഏറ്റെടുത്തത്.
ഇതില്‍ മുണ്ടേരി ഗ്രൂപ്പ് പ്ലാന്ററായിരുന്ന ടി എ സുന്ദരയ്യര്‍ പുഴമുടി കേളുക്കുട്ടി നായര്‍ക്ക് 1934ല്‍ അയച്ച കത്താണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഹരിജന്‍ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായുള്ള മഹാത്മാ ഗാന്ധിയുടെ വയനാടന്‍ സന്ദര്‍ശനമാണ് കത്തിലെ ഉള്ളടക്കം.
കത്തിലെ ഉള്ളടക്കം
‘പുഴമുടി കേളുക്കുട്ടി നായര്‍ അവര്‍കള്‍ക്ക്, മഹാത്മാജി 14 ഞായറാഴ്ച 9 മണിക്കെ വരുന്നുള്ളുവെന്ന് ഇന്നലെ വൈകുന്നേരം കമ്പി കിട്ടിയിരിക്കുന്നു. അതുകൊണ്ട് അന്ന് നേരത്തെ വരുമല്ലോ. കൂടാതെ മഞ്ഞിലേരിക്ക് ആളെ അയച്ചിട്ടില്ല. ഇന്നോ നാളെയോ അയക്കാന്‍ പറയണം. മരുമകനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തരക്കേടില്ലെന്ന് തോന്നുന്നു. ബസ്സ് ഗതാഗതം തുടങ്ങി. കുട്ടികളെ അയക്കാന്‍ ഏര്‍പ്പാട് ചെയ്യുക. ശേഷം ഞായറാഴ്ച കാലത്ത് തിരുനെല്ലിയില്‍വച്ച്, ചുരുക്കുന്നു. 5 ക സംഭാവന അയച്ചുകിട്ടി സന്തോഷം’.
14ന് രാവിലെ ഒമ്പതിനാണ് ഗാന്ധിജി വയനാട്ടിലെത്തിയത്. ഹരിജന്‍ വെല്‍ഫെയര്‍ സെന്റര്‍ വയനാട്ടില്‍ തുടങ്ങുകയായിരുന്നു ലക്ഷ്യം. ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ സഹോദരി, യു ഗോപാലമേനോന്‍, ശ്യാംജി സുന്ദര്‍ദാസ്, കെ കേളപ്പന്‍, കെ മാധവമേനോന്‍ എന്നിവരാണ് ഗാന്ധിജിയോടൊപ്പമുണ്ടായിരുന്നത്. ഹരിജന്‍ വെല്‍ഫെയര്‍ ഓഫീസ് മടക്കിമലയില്‍ ഗാന്ധിജി ഉദ്ഘാടനംചെയ്തു. ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാന്‍ നൂറുകണക്കിനാളുകള്‍ ജില്ലയുടെ എല്ലാഭാഗത്തുനിന്നും എത്തിയിരുന്നതായും ചരിത്രം പറയുന്നു.
1933ല്‍ സിവില്‍ നിയമലംഘന സമരം പിന്‍വലിച്ചതോടെ ഹരിജനോദ്ധാരണത്തിനും അയിത്തോച്ചാടനത്തിനുമായി ഗാന്ധിജി ഇന്ത്യയിലുടനീളം സഞ്ചരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് 1934ല്‍ കേരളത്തിലും എത്തിയത്. ഗാന്ധിജിയുടെ നാലാമത്തെ കേരള സന്ദര്‍ശനമായിരുന്നു അത്. 1934 ജനുവരി 14നാണ് വയനാട്ടില്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങളാണ് സുന്ദരയ്യരുടെ കത്തിലുള്ളത്. കത്തിലുള്ളത് തിരുനെല്ലിയില്‍ സ്വീകരണം എന്നാണെങ്കിലും കല്‍പ്പറ്റ മടക്കിമലയിലാണ് അന്ന് സ്വീകരണം കൊടുത്തത്. തിരുനെല്ലിയിലേക്കുള്ള യാത്രാക്ലേശമായിരിക്കാം സംഘാടകരെ പിന്തിരിപ്പിച്ചത്. തിരുനെല്ലി സുബ്ബയ്യ ഗൗഡറും എ എം ധര്‍മരാജ അയ്യരും മണിയങ്കോട് കൃഷ്ണഗൗഡരുടെ കുടുംബവുമായിരുന്നു സംഘാടകര്‍.