വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും നിധിശേഖരം ഇന്ത്യയിലുണ്ടെന്നും അതുകൊണ്ടാണ് രുചികരവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതെന്നുമാണ് പ്രശസ്ത പാചകവിദഗ്ധനും സിനിമാനിര്‍മ്മാതാവും എഴുത്തുകാരനും എ.ആര്‍.സി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ഷെഫ് പ്രദീപിന്റെ അഭിപ്രായം. അവയില്‍ ഭൂരിഭാഗവും ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ളതാണെന്നും മരുന്നുകള്‍ക്ക് ഉപയോഗിക്കാാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മുപ്പത് വര്‍ഷത്തിലധികം ഹോട്ടല്‍ ബിസിനസ്സില്‍ പ്രവര്‍ത്തിപരിചയമുള്ള ഷെഫ് പ്രദീപ് ഒരുക്കിയ വിഭവങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും പ്രിയം ഏറെയാണ്. 2007ല്‍ 515 വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കിക്കൊണ്ട് ബുഫെ നടത്തി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ഷെഫ് പ്രദീപ് രുചിയുടെ ആരാധകര്‍ക്കായി ഒരുക്കിയ ഇംഗ്ലിഷ് പാചകപുസ്തകമാണ് ഇന്ത്യന്‍ റസിപ്പീസ്.
തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ പാചകക്കുറിപ്പുകളുടെയും പൊടിക്കൈകളുടെയും പുസ്തകമാണ് ഇന്ത്യന്‍ റസിപ്പീസ എന്ന് ഷെഫ് പ്രദീപ് പറയുന്നു. മാത്രമല്ല വീടുകളിലെ ആവശ്യത്തിനും വ്യാവസായികമായ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ വിഭവങ്ങളാണ് അദ്ദേഹം ഈ പാചകപുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്.
ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ജ്യൂസുകള്‍, സൂപ്പുകള്‍, വെജിറ്റേറിയന്‍ വിഭവങ്ങള്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, റൊട്ടികള്‍, റൈസുകള്‍, സ്റ്റാര്‍ട്ടറുകള്‍, ലഘുഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം വിഭവങ്ങളുടെയും പാചകക്കുറിപ്പുകള്‍ പരിചയപ്പെടുത്തുന്നുണ്ട് അദ്ദേഹം. രുചികരവും ആരോഗ്യകരവുമായ ഭക്ഷണ ശീലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന പുസ്തകമാണ് ഇന്ത്യന്‍ റസിപ്പീസ്.