വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ജീവിതം പ്രമേയമാകുന്ന നോവലാണ് വാല്‍കൈറീസ്. തന്റെ സ്വപ്‌നങ്ങള്‍ കൈയ്യെത്തും ദൂരത്ത് പ്രാപ്യമാകുന്നുണ്ടെങ്കിലും അവ നേടിയെടുക്കാന്‍ പറ്റാതെ വരുമ്പോള്‍ അദ്ദേഹം തന്റെ ഗുരുവായ ‘ജെ’യെ സമീപിക്കുന്നു. തന്റെ കാവല്‍മാലാഖയെ കണ്ടെത്താന്‍ ജെ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു.
പൗലോ കൊയ്‌ലോയും അദ്ദേഹത്തിന്റെ പത്‌നിയും കൂടി മൊഹാവി മരുഭൂമിയിലുള്ള ദേവദൂതികളായ വാല്‍കൈറീസുകള്‍ എന്ന പോരാളി വനിതകളെ കണ്ടെത്താന്‍ പുറപ്പെടുകയാണ്. നാല്‍പ്പത് ദിവസം നീണ്ടുനിന്ന അന്വേഷണത്തിന്റെ കഥ പറയുന്ന നോവലാണ് വാല്‍കൈറീസ്-ദേവദൂതികളുമായൊരു സമാഗമം. എന്തുകൊണ്ടാണ് നമുക്കേറ്റവും പ്രിയപ്പെട്ടവയെ നാം നശിപ്പിക്കുന്നത്.എന്ന ചോദ്യമാണ് ഈ പുസ്തകത്തിലൂടെ പൗലോകൊയ്‌ലോ നേരിടുന്നത്.
ഭൂതകാലവുമായുള്ള ഏറ്റുമുട്ടലാണ് ഈ കൃതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ആധുനികകാല സാഹസിക നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഈ കൃതിയില്‍ മനുഷ്യമനസ്സിലെ ആശങ്കകളും ഭീതിയും അവയ്‌ക്കെതിരെയുള്ള പോരാട്ടവും വിഷയമാകുന്നു. ഭൂതകാലത്തോട് ക്ഷമിച്ച് ഭാവിയില്‍ വിശ്വാസമര്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറാനുള്ള സന്ദേശം കൂടി നല്‍കുന്നു ഈ നോവല്‍. പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ എ യു രതീഷാണ് വാല്‍കൈറീസ് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 2011ലാണ് പുസ്തകം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഇപ്പോള്‍ പുസ്തകത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി.
ആല്‍കെമിസ്റ്റ്, അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍, അലെഫ്, തീര്‍ത്ഥാടനം, ബ്രിഡ, വിജയി ഏകനാണ്, ഇലവന്‍ മിനിറ്റ്‌സ്, അഡല്‍റ്റ്‌റി, ചാരസുന്ദരി തുടങ്ങി പൗലോ കൊയ്‌ലോയുടെ ഒട്ടുമിക്ക പുസ്തകങ്ങളും ഡിസി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.