‘ദാരിദ്ര്യത്തിന് അതിര്‍ത്തി ഇല്ല സാറേ.. അതു കൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും ‘(ചെറുകഥ: എലിവാണം)
ജി.ആര്‍.ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’ എന്ന പതിനാറ് ചെറുകഥകളുടെ സമാഹാരമായ പുസ്തകം വായിച്ച് മടക്കി വച്ചപ്പോള്‍….ഒരു കാര്യം ഉറപ്പിച്ച് പറയാനാവുമായിരുന്നു..കഥകളിലെ ഓരോരോ ചെറിയ കഥാപാത്രങ്ങള്‍ പോലും ചില ചെറിയ (?) വലിയ സത്യങ്ങള്‍ വിളിച്ചു പറയുന്നവയാണെന്ന്.
‘എലിവാണത്തിലെ’ മുനിയാണ്ടി എന്ന ഒരു എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ഈ വലിയ ലോകത്തെ വിലയിരുത്തുന്നുണ്ട് അയാളുടെ വാക്കുകളിലൂടെ.’ചട്ടമ്പി സദ്യ’ എന്ന കഥ സമകാലീന സാമൂഹിക തി•കളില്‍ സര്‍വ്വസാധാരണം എന്ന് പറയപ്പെടുന്ന കൈക്കൂലിയ്‌ക്കെതിരെയുള്ള കഥാകാരന്റെ കാര്‍ക്കിച്ചു തുപ്പലാണ് എന്ന് തന്നെ തോന്നിപ്പോകും.
‘പാലത്തിലാശാന്‍ ” എന്ന കഥയും ‘ഫര്‍ണസ്” എന്ന കഥയും ചെറിയ ഒരു രഹസ്യ സ്വഭാവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നു എന്ന തോന്നലില്‍ മാത്രമാക്കി വായന അവസാനിപ്പിക്കുന്നവയായിരുന്നു.-ഈ പുസ്തകത്തിലെ ആസ്വാദനം ഏറ്റവും കുറവ് ഈ കഥകള്‍ വായിച്ചപ്പോള്‍ മാത്രമായിരുന്നു.
മുച്ചിറിയന്റെ കഥയാണ് ഏറ്റവും ചെറുത്.. എങ്കിലും ആരും ചെറുതല്ല എന്നീ കഥ പറഞ്ഞു വയ്ക്കുന്നു.കലാലയ രാഷ്ട്രീയത്തിന്റെ രണ്ടിരകള്‍ കാലങ്ങള്‍ക്കു ശേഷം ഒരു തീവണ്ടിയില്‍ കണ്ടുമുട്ടുന്ന സന്ദര്‍ഭം വളരെ ഒതുക്കത്തോടെ പറഞ്ഞു തീര്‍ക്കുന്ന ആഖ്യാന രീതി എടുത്തു പറയേണ്ടത് തന്നെ.
‘ഉറങ്ങാതിരിക്കുക. കള്ളനെ പിടിക്കാം’, ‘ഒരു പെണ്ണും ചെറുക്കനും പിന്നെ.. ആരാണ് ആ മുറിയില്‍?’ എന്ന രണ്ട് കഥകളും സ്വവര്‍ഗ്ഗാനുരാഗം വിഷയമായി കൈകാര്യം ചെയ്തിരിക്കുന്നു. ഈ രണ്ട് കഥകളും പറഞ്ഞു തീരുന്നിടത്താണ് കഥയുടെ സത്തയിലേയ്ക്ക് വായനക്കാരന്‍ ചിന്തിക്കാന്‍ തുടങ്ങുന്നത്. പറയാതെ പറയുന്ന കുറെ ചിന്തകളുണ്ടതില്‍.
‘ഓവര്‍ ബ്രിഡ്ജിലെ ബവ്‌റജിസ് ക്യൂ !’ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുടിയന്‍മാരുടെ ചില മര്യാദകള്‍ പറഞ്ഞു വച്ചിരിക്കുന്നു. ”ഇലക്ട്രിക് ഞരമ്പുള്ള രാമകൃഷ്ണ’ എന്തുകൊണ്ടോ വലിയ സ്വാധീനം വായനയില്‍ ഉണ്ടാക്കിയില്ല. ടെലിപ്പതിയുടെ ഒരു സാദ്ധ്യത ഉപജീവനമാക്കിയ രാമകൃഷ്ണയും കഥ പറയുന്ന ആളും ശൃംഗേരിയുമെല്ലാം കഥാപാത്രങ്ങളാകുന്നു.
‘ഭരണിയിലെ ഭ്രൂണം” എന്ന കഥ മനസ്സില്‍ ഒരു വിങ്ങലുണ്ടാക്കും. മ്യൂസിയത്തിലെ ഫോര്‍മാലിനില്‍ കാഴ്ചവസ്തുവായി മാറിയ ഒരു ഭ്രൂണത്തിനോടുള്ള കാവല്ക്കാരന്റെ മനോവ്യാപാരങ്ങള്‍ അസാധാരമായ വിധത്തില്‍ പറഞ്ഞു വച്ചിരിക്കുന്നു.
വിചിത്രയുടെ കഥയും നൊമ്പരപ്പെടുത്തും. ഭാര്യാഭര്‍തൃബന്ധത്തിന്റെ ഊഷ്മളത പറഞ്ഞു വയ്ക്കുന്നതിനോടൊപ്പം മക്കള്‍ മാതാപിതാക്കരുടെ സ്വാതന്ത്ര്യങ്ങളിലേയ്ക്ക് നടത്തുന്ന അനാവശ്യ ഇടപെടലുകളെ വിമര്‍ശിക്കുന്നുണ്ട് കഥയില്‍.’നമ്മുടെ സ്‌നേഹത്തിന്റെ ഒരു അവശേഷിപ്പ് മാത്രമാണ് മക്കള്‍.നമ്മളാണ് സത്യം .. ‘ എന്ന് വിചിത്ര ഭര്‍ത്താവിനോട് പറയുന്നുവെങ്കിലും മൂലയിലേയ്ക്ക് ഒതുക്കപ്പെടുന്ന ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടുകയും രോഷാകുലയുമാകുന്നുണ്ട് അവള്‍. സമൂഹം നെറ്റി ചുളിക്കുന്ന രോഗത്തിന് ഇരയാകേണ്ടി വന്ന ഭര്‍ത്താവിന് അന്ത്യം വരെ കൂട്ടാകുന്നുണ്ട് വിചിത്ര.
‘വില്ലന്‍ ‘ എന്ന കഥയാണ് എന്നെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും.കഥയിലെ 93 വയസ്സുള്ള അച്ഛന്‍ 71 വയസ്സുള്ള മകന്റെ തിരിച്ചുവരവില്‍ ചിലവിടുന്ന ഒന്ന് രണ്ട് ദിവസത്തെ സംഭവങ്ങള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നാല്‍പ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കണ്ട് തിരിച്ച് പോകുന്ന മകനില്‍ വായനക്കാരന്‍ എത്തി നില്‍ക്കുമ്പോള്‍…പൊട്ടിച്ചിരിക്കുന്ന അച്ഛന്റെ വാക്കുകളില്‍ നാമും ചിരിച്ച് പോകും. ഒന്നുകൂടി ഈ കഥ ആദ്യം മുതല്‍ വായിച്ചാല്‍ വേറൊരു വായനാനുഭവം തന്നെയായിരിക്കും കിട്ടുക എന്നതില്‍ സംശയം ഇല്ല.
ഇന്ദുഗോപന്റെ മിക്ക കഥകള്‍ക്കും ഈ പ്രത്യേകത ഉണ്ട്.ഒന്ന് കൂടി വായനക്കാരനെ ചിന്തിപ്പിക്കാനുള്ള കഴിവ്. ജാസ്മിന്റെ കഥ, അവളുടെ രണ്ട് വിവാഹത്തകര്‍ച്ചകളുടെ കഥ പറയുന്നതിനോടൊപ്പം വീണ്ടും ഒരു വിവാഹത്തിനൊരുങ്ങുന്ന അവളുടെ കഥയാണ്. അതേ സമയം സമൂഹമെന്ത് കരുതും എന്ന് വിചാരിച്ച് ബന്ധം വേര്‍പ്പെടുത്താന്‍ കഴിയാതെ അപമാനം സഹിച്ച് ജീവിക്കുന്ന ജാസ്മിന്റെ സുഹൃത്ത് ഒത്തിരി പേരെ പ്രതിനിധാനം ചെയ്യുന്നവളാണ് എന്നും കഥയില്‍ വായിച്ചെടുക്കാം.
ഈ പുസ്തകത്തിലെ ഏറ്റവും ഒടുവിലത്തെ കഥയാണ് ‘‘കൊല്ലപ്പാട്ടി ദയ’‘. തമിഴ് നാട്ടുകാര്‍ അമ്മൂമ്മയുടെ അമ്മയെ വിളിക്കുന്നതാണ് കൊല്ലപ്പാട്ടി എന്ന പേര്. തമിഴ്‌നാട്ടിലെ ചില ആചാരങ്ങള്‍ കഥയുടെ ആത്മാവായി ഭവിക്കുന്നുണ്ട്. ചെറിയ ഒരു സസ്‌പെന്‍സോടെ വായിച്ച് പോകാം.എല്ലാ കഥകളിലും വായനക്കാരനെ ഒന്നുകൂടി ചിന്തിപ്പിച്ച് അവന്റെ തന്നെ നിഗമനങ്ങളിലൂടെ സ്വയം ഒന്നു വിമര്‍ശിക്കുവാനുള്ള ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്.
സമൂഹത്തിലെ ആനുകാലിക വിഷയങ്ങള്‍ ഇന്ദുഗോപന്റെ ശൈലിയില്‍ എന്ന് പറയുമ്പോള്‍ അദ്ദേഹം തന്റേതായ ഒരു സിഗ്‌നേച്ചര്‍ ഓരോ കഥയിലും പതിപ്പിച്ചിട്ടുണ്ട് എന്നാണ് പറയാന്‍ തോന്നുന്നത്. കാരണം വായിച്ചു ശീലിച്ച ചില രീതികളില്‍ നിന്നും വ്യത്യസ്തതയുള്ള ആഖ്യാനം തന്നെ.
ചൂഷിതരും, ദരിദ്രരും, കള്ളനും. എല്ലാവര്‍ക്കും ഉണ്ട് വേറെ ആരും കാണാത്ത കേള്‍ക്കാത്ത കഥകള്‍.കഥാകൃത്തിന്റെ ഭാവനയായി ഒരിക്കലും ഈ കഥകളെ വായിച്ച് മടക്കി വയ്ക്കാനാകില്ല. ഇതില്‍ അനുഭവങ്ങളുടെ തീഷ്ണതയുണ്ട്, അനീതികള്‍ക്കെതിരെ എഴുത്തിലൂടെ പൊട്ടിപ്പടരുന്ന അസഹിഷ്ണുത ഉണ്ട്. എവിടെയൊക്കെയോ കേട്ട് മറന്ന ചില വാര്‍ത്തകളിലെ മനുഷ്യര്‍ കഥാപാത്രങ്ങളായി വന്ന് വീണ്ടും നമ്മെ ചിലത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സ്വയം അനുഭവിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ പച്ചയായ ജീവിതങ്ങളുടെ തീവ്രത ഓരോ കഥകളിലും കഥാകാരന്‍ വിവരിച്ചു തരുന്നു എന്ന തിരിച്ചറിവോടെ വായിച്ചു തീര്‍ത്തു ജി.ആര്‍.ഇന്ദുഗോപന്റെ കഥാസമാഹാരം.