ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മലയാളികളുടെ തൊഴില്‍പരമായ കുടിയേറ്റത്തിന് അരനൂറ്റാണ്ടിനപ്പുറം പഴക്കമുണ്ട്. കുടിയേറ്റക്കാരില്‍ ചിലര്‍ അതിസമ്പന്നരായി. ചിലര്‍ക്ക് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പെടുക്കാനായി. ചിലരാകട്ടെ വിശേഷിച്ചൊന്നും നേടാതെ മടങ്ങി. ഇവരുടെയെഇവരുടെയെല്ലാം സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തെ മാറ്റി മറിച്ചത്. അതിപ്പോഴും തുടരുന്നു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗണ്യമായ സംഭാവനകള്‍ ചൊരിയുന്ന പ്രവാസി മലയാളികളുടെ സാമൂഹിക മാനസിക പരിസരങ്ങളെക്കുറിച്ച് ഗൗരവത്തിലുളള പഠനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അവരുടെ ജീവിതങ്ങളെ നിരീക്ഷിക്കാനും അപഗ്രഥിക്കാനും ലളിതമായി അവതരിപ്പിക്കാനുമുളള ഒരു ശ്രമമാണ് എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ പ്രവാസികളുടെ പുസ്തകം എന്ന കൃതി. പ്രവാസത്തിന്റെ വിവിധ മുഖങ്ങളുടെ ഒരു നേര്‍ച്ചിത്രം രേഖപ്പെടുത്തുന്ന പുസ്തകമാണിത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതുതൊട്ട് മടങ്ങുംവരെയും അതിനുശേഷവുമുള്ള കാര്യങ്ങളും പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഈ പുസ്തകം അപഗ്രഥനം ചെയ്യുന്നു.
പുറപ്പാട്, മാനസികാവസ്ഥ, കുടുംബം, രക്ഷാകര്‍ത്തൃത്വം, സാംസ്‌കാരികലോകം, മടക്കം എന്നീ ഭാഗങ്ങളിലായി 60 ഓളം ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രായോഗികസമൂഹശാസ്ത്രം, മനഃശാസ്ത്രം കൗണ്‍സിലിങ് എന്നീ ശാസ്ത്രശാഖകളുടെ പ്രായോഗിക പാഠങ്ങളും ഇതില്‍ ലളിതമായി വിവരിച്ചിരിക്കുന്നു. പ്രവാസികളും കുടുംബങ്ങളും സൂക്ഷിച്ചു വെക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമായ പ്രവാസികളുടെ പുസ്തകം രണ്ടര വര്‍ഷക്കാലത്തെ പരിശ്രമം കൊണ്ടാണ് എന്‍.പി.ഹാഫിസ് മുഹമ്മദ് രചിച്ചിരിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗം കോ ഓര്‍ഡിനേറ്ററായ എന്‍.പി.ഹാഫിസ് മുഹമ്മദിന് മികച്ച അധ്യാപകനുളള എം.എം.ഗനി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമിയുടെയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.