കേരളത്തിന്റെ കായല്‍ ചന്തവും നെല്‍പ്പാട കാഴ്ചകളും കൂടി ചേര്‍ന്ന സ്ഥലമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന കുട്ടനാട് കേരളത്തില്‍ ഇന്നും സജീവ നെല്‍കൃഷി നടക്കുന്ന ചുരുക്കം പ്രദേശങ്ങളില്‍ ഒന്നാണ്. വിശാലമായ നെല്‍പ്പാടങ്ങളും കായല്‍ പരപ്പുകളും സമ്മാനിക്കുന്ന ഹരിത ഭംഗി തന്നെയാണ് കുട്ടനാടിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇതിനെക്കാളെറെ കുട്ടനാടിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തെ കുറിച്ചും ഭക്ഷണത്തെക്കുറിച്ച് അറിയാനുള്ള ആകാംഷയാണ് വിദേശ വിനോദ സഞ്ചാരികളെയും വിദ്യാര്‍ത്ഥികളടങ്ങിയ പഠനയാത്രാ സംഘങ്ങളെയും കുട്ടനാട്ടില്‍ എത്തിക്കുന്നത്. കുട്ടനാടന്‍ കാഴ്ചകളും ഭക്ഷണ രുചിയും അറിഞ്ഞില്ലെങ്കില്‍ പിന്നെ മലയാളിയാണ് എന്ന് പറഞ്ഞിട്ട് എന്തുകാര്യം…?
ഭക്ഷണ കാര്യത്തില്‍ മധ്യ തിരുവിതാംകൂറിലെ ഈ പ്രദേശം പേരു കേട്ടതാണ്. നല്ല നാടന്‍ ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നവര്‍ ഹോട്ടലുകളൊക്കെ ഉപേക്ഷിച്ച് കുട്ടനാട്ടിലെ ഷാപ്പുകളിലേക്കാണ് വെച്ചുപിടിക്കുക. കുട്ടനാട്ടിലെ ഷാപ്പുകളില്‍ നല്ല മുന്തിരി കള്ള് കിട്ടുമെന്ന് മാത്രമല്ല, കപ്പയും, തലക്കറിയുമടക്കം കുട്ടനാടന്‍ സ്‌പെഷ്യലുകളും കിട്ടും. കുടുംബങ്ങള്‍ ഷാപ്പില്‍ ഭക്ഷണം കഴിക്കാനെത്തുമെന്ന പ്രത്യേകതയും ഇവിടുണ്ട്. കാരി ഫ്രൈയും, പൊടിമീന്‍ ഫ്രൈയും, കക്കയും, വാളക്കറിയുമെല്ലാം കപ്പയും മീനും എല്ലാം ഇവിടുത്തെ സ്‌പെഷ്യല്‍ ഐറ്റംസാണ്. ഷാപ്പുകളില്‍ മാത്രമല്ല കുട്ടനാടിന്റെ മണ്ണിലുള്ള ഒരോ അടുക്കളയിലും ഈ രുചിയുടെ ഓളങ്ങള്‍ തന്നെയാണ് അലയടിക്കുന്നത്.
കുട്ടനാടിന്റെ സെപ്യല്‍ രുചികൂട്ടുകളെ പരിചയപ്പെടുത്തുന്ന പാചകപുസ്തകമാണ് കുട്ടനാടന്‍ രുചികള്‍. കോഴിഫ്രൈ, താറാവ് കറി, താറാവ് റോസ്റ്റ് ഉള്‍പ്പടെയുള്ള നോണ്‍വെജ് വിഭവങ്ങളും വേപ്പിലക്കട്ടി, ചള്ളാസ്, വട്ടയപ്പം മലര്‍ വിളയിച്ചത്, അവല്‍ ഉപ്പുമാവ് തുടങ്ങിയ വെജിറ്റേറിയല്‍ വിഭവങ്ങളും രുചിചോരാതെ പരിചയപ്പെടുത്തുന്നുണ്ട് കുട്ടനാടന്‍ രുചികള്‍ എന്ന പുസ്തകത്തില്‍.
കാലമെത്രമാറിയാലും മാറാതെ നിലനില്‍ക്കുന്ന കുട്ടനാടിന്റെ സ്വന്തം രുചികൂട്ടുകളെ മലയാളി വീട്ടമ്മമാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് അദ്ധ്യാപികയായ അന്നമ്മയാണ്. തലമുറകളായി കൈമാറിവന്നതും സ്വന്തം നിരീക്ഷണങ്ങളിലൂടെ പരീക്ഷിച്ച് വിജയിക്കുകയും ചെയ്ത പാചകകുറിപ്പുകളാണ് കുട്ടനാടന്‍ രുചികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി സി ലൈഫ് ഇംപ്രിന്റില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന് തനിമകൂട്ടാന്‍ അരവിന്ദ് വട്ടക്കുളം വരച്ച ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്…