അഭിജ്ഞാനശാകുന്തളത്തിന്റെ അനുബന്ധമെന്ന നിലയില്‍ വള്ളത്തോള്‍ നാരായണമേനോന്‍ രചിച്ച ഖണ്ഡകാവ്യമാണ് അച്ഛനും മകളും ഭര്‍തൃപരിത്യക്തയായ ശകുന്തള പുത്രനു മൊത്ത് കശ്യപാശ്രമത്തില്‍ താമസിക്കുമ്പോള്‍ ശകുന്തളയുടെ പിതാവായ വിശ്വാമിത്രന്‍ അവിടെ അതിഥിയായി വന്നു. ശകുന്തളയെയും ഭരതനെയും വിശ്വാമിത്രന്‍ തദവസരത്തില്‍ കണ്ടു. ശകുന്തളയെ ദുഷ്യന്തന്‍ പരിത്യജിച്ചതാണെന്ന് അറിയുന്ന മഹര്‍ഷി ക്രുദ്ധനായി രാജാവിനെ ശപിക്കാന്‍ മുതിര്‍ന്നു. ശകുന്തള പിതാവിനെ സാന്ത്വനപ്പെടുത്തി. ഭര്‍തൃസമാഗമവും ചിരകാലദാമ്പത്യജീവിതവും ഉണ്ടാകട്ടെ എന്നനുഗ്രഹിച്ചു വിശ്വാമിത്രന്‍ തിരിച്ചുപോയി. ഇതാണ് കാവ്യത്തിന്റെ ഇതിവൃത്തം.
ഭര്‍ത്തൃപരിത്യക്തയായ ശകുന്തള ഹേമകൂടത്തിലുള്ള കശ്യപാശ്രമത്തില്‍ താമസിക്കുന്നകാലത്ത് ഒരു ദിവസം വിശ്വാമിത്രമഹര്‍ഷി കശ്യപപ്രജാപതിയെ സന്ദര്‍ശിക്കാന്‍, ശിഷ്യന്‍ ശുനശ്ശേഫനുമൊന്നിച്ച്, അവിടെ ചെല്ലുന്നുതായിട്ടാണ് കാവ്യം ആരംഭിത്കുന്നത്. ഗുരുപാദരെക്കാണാന്‍ അവസരമറിഞ്ഞുവരുന്നതിനു ശിഷ്യനെ ആശ്രമത്തിലേക്ക് അയച്ച് വിശ്വാമിത്രന്‍ ആശ്രമോപാന്തത്തിലുള്ള ഒരു അശോകച്ചുവട്ടില്‍ കാത്തുനില്ക്കുമ്പോള്‍ ‘ഞാന്‍ കാട്ടിത്തരാമേ മുത്തച്ഛനെ’ എന്നുപറഞ്ഞുകൊണ്ട് സുകുമാരനായ ഒരു ബാലന്‍ പാഞ്ഞെത്തുന്നു. ബാലനില്‍ അനിതരസാധാരണമായ വാത്സല്യം തോന്നിയ മഹര്‍ഷി അവനെ വാരിയെടുത്തു ലാളിക്കാന്‍ തുടങ്ങുമ്പോള്‍ ‘അമ്മേ ഞാനിതാ’ എന്നു ബാലന്‍ വിളിച്ചുപറഞ്ഞതുകേട്ട് ഒരു യുവതി അവിടെ പ്രവേശിക്കുന്നു.
‘മുഷിഞ്ഞ വസ്ത്രങ്ങളും മെടഞ്ഞ വാര്‍കൂന്തലും
മെലിഞ്ഞ ലാവണ്യൈകഭൂഷമാമുടലുമായ്
അത്തലിന്‍ സ്വരൂപം പോലാവന്ന യുവതി’
മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി തന്റെ വിവാഹപര്യന്തമുള്ള കഥ പറഞ്ഞതില്‍നിന്ന് അവള്‍ മേനകയില്‍ ജനിച്ച സ്വന്തം പുത്രിയാണെന്നും ബാലന്‍ ദൗഹിത്രനാണെന്നും അദ്ദേഹത്തിനു മനസ്സിലായി. തുടര്‍ന്ന് ഭര്‍ത്താവായ ദുഷ്യന്തനാല്‍ പരിത്യക്തയാണവളെന്നു വ്യക്തമായപ്പോള്‍ മഹര്‍ഷിയുടെ ഭാവം പകര്‍ന്നു. അദ്ദേഹം ക്രുദ്ധനായി, സ്വപുത്രിയെ അപമാനിച്ച രാജാവിനെ ശപിക്കാന്‍ മുതിര്‍ന്നു. പതിദേവതയായ ശകുന്തള സാന്ത്വനവാക്കുകള്‍കൊണ്ടു പിതാവിന്റെ കോപം ശമിപ്പിച്ചു. അദ്ദേഹം മകള്‍ക്ക് അചിരേണ ഭര്‍ത്താവോടുകൂടി ചേരാന്‍ അനുഗ്രഹാശിസ്സുകള്‍ നല്കി. ഇതാണ് ഈ ഖണ്ഡകാവ്യത്തിലെ കഥാവസ്തു.
ഇതിഹാസത്തിന്റെ അടിത്തറയിലാണ് ഇതിവൃത്തം കെട്ടിപ്പടുത്തിട്ടുള്ളതെന്നുവരികിലും എക്കാലത്തും മനുഷ്യസമുദായത്തെ സ്പര്‍ശിക്കുന്ന പ്രമേയമാണ് ഇതിലുള്ളത്. വിശ്വാമിത്രന്റെ തപോനിഷ്ഠയെ ഉലച്ച കാമത്തിന്റെ ദോഷങ്ങള്‍ അദ്ദേഹത്തിന്റെ പുത്രിയുടെ ജീവിതത്തെക്കൂടി ബാധിച്ചതായി കാളിദാസന്‍ സൂചിപ്പിച്ചു. ആ കാമചാപല്യത്തിന്റെ പ്രായശ്ചിത്തമാണ് വള്ളത്തോള്‍ ഈ കാവ്യത്തിലൂടെ വിശ്വാമിത്രനെക്കൊണ്ട് നിര്‍വഹിപ്പിച്ചിരിക്കുന്നത്. സവിശേഷസാഹചര്യങ്ങളില്‍ അപത്യസ്‌നേഹം ഉദ്ബുദ്ധമായി ഒരു പുതിയ ആളായിട്ടാണ് വിശ്വാമിത്രന്‍ കശ്യപാശ്രമത്തില്‍ നിന്നുമടങ്ങുന്നത്. ദൗഹിത്രാശ്‌ളേഷംകൊണ്ടു നിര്‍വൃതിപൂണ്ട വിശ്വാമിത്രനോടു കവി ചോദിക്കുകയാണ്:
‘ഞാനൊന്നു ചോദിക്കട്ടെ സാദരം മഹാമുനേ,
ധ്യാനത്തിലുള്‍ച്ചേരുന്നാസച്ചിദാനന്ദം താനോ,
മാനിച്ചീയിളംപൂമെയ് പുല്കലിലുളവായോ
രാനന്ദമിതോ ഭവാന്നധികം സമാസ്വാദ്യം?’
ആശ്രമചതുഷ്ടയത്തില്‍ ഗാര്‍ഹസ്ഥ്യത്തിനു മുഖ്യസ്ഥാനം നല്കണമെന്ന കവിയുടെ അഭിപ്രായം ഇവിടെ ഊന്നി ഉറപ്പിച്ചിരിക്കയാണ്. വള്ളത്തോളിനു സഹജമായുള്ള രചനാസൗകുമാര്യവും അര്‍ഥകല്പനാസൗഷ്ഠവവും രസഭാവപരിസ്ഫൂര്‍ത്തിയും ഈ കാവ്യത്തിലും തെളിഞ്ഞുവിളങ്ങുന്നു.
ആധുനിക കവിത്രയങ്ങളിലൊരാളും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍ രചിച്ച അച്ഛനും മകളും 1993ലാണ് ആദ്യമായി പദ്ധീകരിച്ചത്. ഇതിന്റെ ഡി സി പതിപ്പ് ഇറങ്ങിയത് 2003ലാണ്. ഇപ്പോള്‍ പുസ്തകത്തിന്റെ 12-ാമത് ഡി സി പതിപ്പിറങ്ങി. വിദ്വാന്‍ സി നായര്‍ തയ്യാറാക്കിയ അവതാരികയോടുകൂടിയാണ് അച്ഛനും മകളും പുറത്തിറക്കിയിരിക്കുന്നത്.