പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി. ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പത്മപുരസ്‌കാരങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ പട്ടിക നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കേന്ദ്രസർക്കാരിന്റേതാണ്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയവരെ ജാതി,മത പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ പേര് പട്ടികയിൽ ഇത്തവണയും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പേര് സജീവ പരിഗണനയിലുണ്ട്.
കേരള സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ അക്കിത്തവും സുഗതകുമാരിയുമാണ് മുന്നിൽ നിൽക്കുന്നവർ. സുഗതകുമാരിക്ക് പത്മഭൂഷണ്‍ നല്‍കണമെന്ന് താല്പര്യമുള്ളവര്‍ ബി.ജെ.പി നേതൃത്വത്തിലുണ്ടെങ്കിലും സാങ്കേതികമായ ചില പ്രശ്നങ്ങളാൽ സാധ്യത കുറവാണ്. സുഗതകുമാരിയുമായും അവര്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് കേസുകളും ആരോപണങ്ങളും നിലനില്‍ക്കുന്നതിനാലാണ് സുഗതകുമാരിയുടെ പേര് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിഗണിക്കപ്പെടാതെ പോയത്. സുഗതകുമാരിയുടെ പേരില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാലും കുറേക്കൂടി സീനിയറായ എഴുത്തുകാരന്‍, ബി.ജെ.പിയുടെ സഹയാത്രികന്‍ എന്നീ പരിഗണനകള്‍ കൂടി കണക്കിലെടുത്തും അക്കിത്തത്തിന് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങളില്‍ ഒന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്.
വ്യവസായ പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവുമായ കെ.രവീന്ദ്രനാഥന്‍ നായരുടെ പേര് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയിൽ ഇടം നേടി. ബിഷപ്പ് മാര്‍ ക്രിസോസ്റ്റം, കെ.ഇ.മാമ്മന്‍ എന്നിവരുടെ പേരുകള്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള പ്രമുഖര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയിലുണ്ട്. ഡോ.എം.ആര്‍.രാജഗോപാല്‍, ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍, കഥകളി രംഗത്തുനിന്ന് ചേമഞ്ചേരി കുഞ്ഞുരാമന്‍നായർ എന്നിവരുടെ പേരുകളും സംസ്ഥാന സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെടുന്നു. ഗായകന്‍ പി.ജയചന്ദ്രന്‍, സംഗീതജ്ഞരായ ജയന്‍, ഡോ.ഓമനക്കുട്ടി എന്നിവരുടെ പേരുകള്‍ക്കും സാധ്യതയുള്ളതായി ഒരു ഓൺലൈൻ മാധ്യമം പറയുന്നുണ്ട്. ഊരാളിക്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പലേരി, സി.പി.എം സഹയാത്രികനും ഭിഷഗ്വരനുമായ ഡോ.ബി.ഇക്ബാല്‍ എന്നിവരുടെ പേരുകളും സംസ്ഥാന സര്‍ക്കാര്‍ പട്ടികയിലുണ്ടെങ്കിലും രാഷ്ട്രീയമായ കാരണങ്ങളാല്‍ തിരസ്‌കരിക്കപ്പെടാനാണ് സാധ്യത.