വേഗതയുടെ ലോകത്ത് ആഹാരം കഴിക്കല്‍ മാത്രമല്ല, പാചകം ചെയ്യലും അതിവേഗമുള്ളതായി മാറിയേപറ്റൂ. പലപ്പോഴും അതിനു കഴിയാത്തതിനാല്‍ ഭക്ഷണം പുറത്തുനിന്നാകാം എന്ന തീരുമാനത്തിലേക്ക് കുടുംബങ്ങള്‍ എത്തിച്ചേരുന്നു. അമിതമായ ഹോട്ടല്‍ ഭക്ഷണം വായൂക്ഷോഭം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും എന്നറിഞ്ഞുകൊണ്ടുതന്നെ ആ വഴിയേ സഞ്ചരിക്കാന്‍ നാം നിര്‍ബന്ധിതരായി മാറുന്നു. എല്ലാത്തിനും കാരണം സമയക്കുറവ് തന്നെ!
ആഹാരം പാകം ചെയ്യുന്ന ജോലി എളുപ്പമാക്കാന്‍ ഉതകുന്ന കുറേ പാചകക്കുറിപ്പുകള്‍ കിട്ടിയാല്‍ എങ്ങനിരിക്കും? വയര്‍ ചീത്തയാക്കാതെ അല്പസമയം കൊണ്ട് തയ്യാറാക്കാവുന്ന രുചികരവും പോഷകസമ്പുഷ്ടവുമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കിയ ഒരു പാചകപുസ്തകം ഡി സി ബുക്‌സ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചു. നിമിഷ പാചകം എന്ന ഈ പുസ്തകം തയ്യാറാക്കിയത് മാലതി എസ് നായരാണ്.
ബ്രേക്ഫാസ്റ്റ് വിഭവങ്ങള്‍, ജ്യൂസുകള്‍, പെട്ടന്നു തയ്യാറാക്കാവുന്ന ചോറുകള്‍, കറികള്‍, വിവിധ തരം ചായകളും കാപ്പികളും, പലഹാരങ്ങള്‍, അച്ചാറുകള്‍, ചമ്മന്തികള്‍, പായസങ്ങള്‍ തുടങ്ങി180 ഓളം വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ നിമിഷ പാചകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി അതിഥികള്‍ വന്നുചേര്‍ന്നാലും, യാത്ര കഴിഞ്ഞുവരുമ്പോഴും ഒന്നും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാതെ ജീവിക്കാന്‍ സഹായകമാണ് ഈ പുസ്തകം.
ഗൃഹാതുരത്വവും പൈതൃകവും പേറുന്ന നാടന്‍ വിഭവങ്ങളുണ്ടാക്കാന്‍ വിദഗ്ധയാണ് നിമിഷപാചകം തയ്യാറാക്കിയ മാലതി എസ് നായര്‍. അവരുടെ തറവാട്ടുപാചകം എന്ന പുസ്തകവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.