“കഥകളുടെ വിപുലമായ ഒരു കഥാസമാഹാരം മലയാളത്തില്‍ വരുന്നു എന്നുള്ളത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ഇപ്പോള്‍ ലോകഭാഷകളില്‍ നിന്ന് ഇങ്ങനെയൊരു കഥാസമാഹാരം വരുമ്പോള്‍ നമ്മുടെ പുതിയ വായനക്കാര്‍ക്കും പുതിയ എഴുത്തുകാര്‍ക്കും നമ്മുടെ ഭാഷ കടന്നുവന്നിട്ടുള്ള നിരവധി ഘട്ടങ്ങളെ ഓര്‍മ്മിക്കാനും പുതയകഥകള്‍ക്കുള്ള പ്രമേയത്തിനുള്ള പശ്ചാത്തലമൊരുക്കുക കൂടിയാണ് ഇതിലൂടെ നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ സ്വാഗതാര്‍ഹമായ ഒരു പദ്ധതിയാണിത്.”
ലോക സാഹിത്യകാരന്മാരുടെ കഥകള്‍ മൊഴിമാറ്റം ചെയ്ത് ലോക ക്ലാസിക് കഥകള്‍ എന്നപേരില്‍ ഡി സി ബുക്‌സ് പുറത്തിറക്കുന്ന ബൃഹദ്‌സമാഹാരത്തെ കുറിച്ച് മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കഥാകൃത്ത് ഇ സന്തോഷ് കുമാറിന്റെ അഭിനന്ദനവാക്കുകളാണിത്. കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും ‘ക്ലിഷേ’യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് ഇ സന്തോഷ്‌കുമാര്‍.
ഇദ്ദേഹത്തെ പോലെ കഥാസാഹിത്യത്തെയും മലയാള ഭാഷയെയും അടുത്തറിഞ്ഞ എഴുത്തുകാരും വായനക്കാരും വലിയ പിന്തുണയാണ് ലോക ക്ലാസിക് കഥകളുടെ പ്രസിദ്ധീകരണത്തിന് നല്‍കുന്നത്. മലയാള സാഹിത്യലോകത്തെ അതികായന്മാരായ എം ടി, സക്കറിയ, എം മുകുന്ദന്‍ തുടങ്ങിയവര്‍ മൊഴിമാറ്റം ചെയ്ത കഥകളാണ് ലോക ക്ലാസിക് കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4000 പേജുകളിലായി ആയിരക്കണക്കിന് കഥകളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.