മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്ന കാവ്യപ്രസ്ഥാനമാണ് മണിപ്രവാളസാഹിത്യം. ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളില്‍ ഒരു നവസരണി വെട്ടിത്തുറന്ന പ്രസ്ഥാനമാണിത്. ഭാഷാ സംസ്‌കൃത യോഗോമണിപ്രവാളം എന്നാണ് മണിപ്രവാളത്തിന് ലീലാതിലകാചാര്യന്‍ നല്‍കുന്ന നിര്‍വചനം. അതായത് വിഭക്തിയന്ത സംസ്‌കൃതവും ഭാഷയും (കേരളഭാഷ)തമ്മിലുള്ള ചേര്‍ച്ചയാണ് മണിപ്രവാളം. ഉത്തമം, ഉത്തമകല്പം, മധ്യമം, മധ്യമകല്പം, അധമം എന്നിങ്ങനെ അഞ്ചുതരം മണിപ്രവാളമുണ്ടെന്നും ആചാര്യന്‍ പറയുന്നു. ശൃംഗാരരസപ്രധാനമായ കാവ്യങ്ങളാണ് മണിപ്രവാളത്തില്‍ ഉണ്ടായിട്ടുള്ളത്. അതില്‍ ഏറ്റവും ആദ്യമുണ്ടായ കൃതിയാണ് വൈശികതന്ത്രം. ഏറ്റവും ഒടുവിലത്തേത് ചന്ദ്രോത്സവവുമാണ്.
കിട്ടിയിട്ടുള്ളതില്‍ ഏറ്റവും പ്രാചീനമായ മണിപ്രവാളകാവ്യമാണ് വൈശികതന്ത്രം. പേരുപോലെ തന്നെ വശീകരണ മന്ത്രം ഉപദേശിക്കുന്നതാണ് ഈ കാവ്യത്തിന്റെ കാതല്‍. പല വൃത്തങ്ങളിലായി എഴുതിയ 260ല്‍പ്പരം ശ്ലോകങ്ങളാണ് വൈശികതന്ത്രത്തിലുള്ളത്. അനംഗസേന എന്ന യുവതിയ്ക്ക് അവളുടെ അമ്മ സ്വകുലധര്‍മ്മമായ വേശ്യാവൃത്തി ഉപദേശിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം. ഇതിലൂടെ വേശ്യാവൃത്തി സമൂഹത്തിലെ ഏറ്റവും മഹത്തായ വൃത്തിയായി കാണുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു എന്ന് ഈ കൃതി വിളിച്ചോതുന്നു.
വേശ്യാവൃത്തിയെ പ്രതിപാദിക്കുന്ന വൈശികതന്ത്രം അജ്ഞാനകര്‍ത്തൃകമാണ്. എന്നാല്‍ ഇതിന്റെ രചയിതാവിനെക്കുറിച്ച് ഭാഷാപണ്ഡിതര്‍ക്കിയില്‍ പല അഭിപ്രായങ്ങളാണുള്ളത്. മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ ഇതില്‍നിന്നുള്ള അനേകം ശ്ലോകങ്ങള്‍ എടുത്തുചേര്‍ത്തിട്ടുള്ളതിനാല്‍ കവി മന്ത്രാങ്കം വിരചിതമായ ക്രി.വ. 11-ാം ശതകത്തിനു മുമ്പ് ജീവിച്ചിരുന്നിരിക്കണം എന്ന് ഉള്ളൂരും 13-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധമാണ് ഇതിന്റെ രചനാകാലമെന്നാണ് ഇളംകുളം കുഞ്ഞന്‍പിള്ളയും അഭിപ്രായപ്പെടുന്നത്.
മണിപ്രവാള കാലത്തെ പ്രാചീനകൃതിയായി കണക്കാക്കുന്ന വൈശികതന്ത്രത്തിന്റെ പാഠവും പഠനവും വ്യഖ്യാനവും ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുകയാണിപ്പോള്‍. വിവിധ ഗവ. കോളജുകളില്‍ മലയാളവിഭാഗം അധ്യാപകനായി സേവനമനുഷ്ഠിച്ച പ്രൊഫ.സുന്ദരം ധനുവച്ചപുരമാണ് ഭാഷാചരിത്രത്തിലെ ഈ പ്രാചീനകൃതിക്ക് വ്യാഖ്യാനവും പഠനവും തയ്യാറാക്കിയിരിക്കുന്നത്. ഭാഷാപണ്ഡിതര്‍ക്കും മലയാളം ഐശ്ചികമായി തിരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാഗവേഷകര്‍ക്കും ആശ്രയിക്കാവുന്ന റഫറന്‍സ്ഗ്രന്ഥമായും ഈ കൃതിയെകണക്കാവുന്നതാണ്.
പ്രൊഫ.സുന്ദരം ധനുവച്ചപുരത്തിന്റെ ഇനിയും ബാക്കിയുണ്ട് ദിനങ്ങള്‍ എന്ന കവിതാസമാഹാരം, ടാഗോര്‍ കവിതകള്‍ എന്ന കാവ്യപരിഭാഷയും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.