ആത്മാന്വേഷികളുടെ അഭയസ്ഥാനമായ ഹിമാലയം ലോക ജനതയ്ക്കു മുഴുവന്‍ എന്നും വിസ്മയങ്ങളുടെ കലവറയായിരുന്നു. പുരാണേതിഹാസങ്ങളില്‍ മാത്രമല്ല സാഹിത്യത്തിലും ഈ പ്രദേശം അതുലസ്യമായ സ്ഥാനം വഹിക്കുന്നു. കാളിദാസകൃതികള്‍ തന്നെ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. പില്‍ക്കാലത്ത് ഹിമാലയാനുഭവങ്ങളും യാത്രസ്മരണകളും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായിത്തീര്‍ന്നു. ശ്രീ എം രചിച്ച ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന രചന അവയില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു.
1948 നവംബര്‍ 6ന് തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ശ്രീ.എം (മധുകര്‍നാഥ്) എന്ന പേരില്‍ ആത്മീയനുഭൂതികളുള്ള ഒരു യോഗിയായിത്തീര്‍ന്നത്. 40 വര്‍ഷം മുമ്പ് ഇസ്ലാംമായ ഒരു ബാലന്‍ ഹിമാലയത്തിലേക്ക് ധ്യാനിക്കാന്‍ പോവുക എന്നത് സാധാരണ സംഭവമായിരുന്നില്ല. പിന്നീട് “അപ്രെന്‍ടൈസ്ഡ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ എ യോഗീസ് ഓട്ടോബയോഗ്രഫി‘ എന്ന പേരില്‍ അദ്ദേഹം ആ അനുഭവങ്ങള്‍ പുസ്തകമാക്കിയപ്പോള്‍ ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ തേടിയെത്തി. ആ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ.
ഹിമാലയത്തില്‍ യോഗിവര്യന്മാര്‍ക്കൊപ്പം, അത്ഭുതങ്ങള്‍ക്കും അസാധാരണ പ്രവര്‍ത്തികള്‍ക്കും ദൃക്‌സാക്ഷിയായ ഒരാളുടെ ജീവിതകഥയാണ് ഗുരുസമക്ഷം പങ്കുവയ്ക്കുന്നത്. 9ാം വയസ്സില്‍ മതങ്ങളുടെ മതില്‍ക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാകും എന്ന് വിശ്വസിക്കുന്ന നാഥ് പരമ്പരയില്‍പ്പെട്ട ഗുരു മഹേശ്വര്‍ നാഥ് ബാബാജിയുടെ ശിഷ്യനായതും 19ാം വയസ്സില്‍ ഹിമാലയത്തില്‍ യാത്രചെയ്ത് നിരവധി ഋഷികളെയും യോഗിമാരെയും കണ്ടതും ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങിയതുമെല്ലാം ഒന്നൊഴിയാതെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
ശ്രീ ഗുരുബാബയുടെ നിര്‍ദേശപ്രകാരം ജനനന്മയ്ക്കും ആധ്യാത്മിക വളര്‍ച്ചയ്ക്കുള്ള പാത പറഞ്ഞുകൊടുക്കാനും ഒക്കെയായി ഹിമാലയത്തില്‍ നിന്നും താഴ്‌വരയിലെത്തി പ്രവര്‍ത്തിച്ച കാലഘട്ടത്തിലാണ് ശ്രീ എം ഗുരുസമക്ഷം എന്ന ആത്മകഥ രചിച്ചത്. 2012ല്‍ പ്രസിദ്ധീകരിച്ച ഗുരുസമക്ഷം വിവര്‍ത്തനം ചെയ്തത് കോളജ് അധ്യാപകനായിരുന്ന ഡി തങ്കപ്പന്‍ നായരാണ്. പ്രസിദ്ധീകരിച്ച് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുസ്തകത്തിന്റെ പതിനൊന്നാമത് പതിപ്പും പുറത്തിറങ്ങി.