മാതാപിതാ ഗുരുദൈവം എന്നാണ് ചൊല്ല്. മാതാവും പിതാവും കഴിഞ്ഞാല്‍ അടുത്തസ്ഥാനംം ഗുരുവിനാണ്. ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതയ്ക്ക് മാഹാത്മ്യം കല്പിച്ച പാരമ്പര്യമാണ് ആര്‍ഷഭാരതത്തിന്റേത്. ഗുരുദക്ഷിണയായി പെരുവിരല്‍ ദാനം ചെയ്ത ഏകലവ്യന്റെയും, ഗുരുപുത്രനു വേണ്ടി യുദ്ധങ്ങള്‍ നയിച്ച് ഒടുവില്‍ സാക്ഷാല്‍ യമധര്‍മ്മന്റെ രാജധാനിയിലെത്തിയ ശ്രീകൃഷ്ണബലരാമന്‍മാരുടെയും, ഗുരുവിന്റെ ഉദരത്തില്‍ നിന്ന് രണ്ടാം ജന്‍മം നേടിയ കചന്റെയും, ഗുരുനിന്ദയ്ക്ക് പ്രായശ്ചിത്തമായി ഉമിത്തീയില്‍ നീറി മരിച്ച സുകുമാരകവിയുടെയും കഥകളാണ് നമ്മള്‍ കോട്ടു വളര്‍ന്നത്. എന്നാല്‍ മാറിയ തലമുറയ്ക്ക് ഈ കഥകള്‍ ആരാണ് പറഞ്ഞുകൊടുക്കാന്‍ ആരുമില്ല എന്നതാണ് സത്യം.
പക്ഷേ ഇത്തരം കഥകളും അറിവുകളും പറഞ്ഞുതരുന്ന മുത്തച്ഛന്‍മാരുടെയും മുത്തശ്ശിമാരുടെയും സ്ഥാനം ഇന്ന് പുസ്തകങ്ങള്‍ക്കുമാത്രമാണുള്ളത്. അജ്ഞാനാന്ധകാരത്തെ അകറ്റുന്ന ഏതാനും ഗുരുക്കന്‍മാരുടെയും അറിവിനായി ആത്മസമര്‍പ്പണം ചെയ്ത ശിഷ്യന്‍മാരുടെയും കഥകളാണ് ഗുരുശിഷ്യകഥകള്‍ എന്ന പുസ്തകം. ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പുറത്തിറക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് അരവിന്ദനാണ്. കുട്ടിക്കാലത്ത് എവിടെന്നിന്നൊക്കെയോ കേട്ടിട്ടുള്ളതോ, മറവിയില്‍ മറഞ്ഞുകിടന്നിരുന്നതോ, അറിയാന്‍ പാടില്ലാത്തതോ ആയ 21 കഥകളാണ് ഗുരുശിഷ്യകഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ധൗമ്യ മഹര്‍ഷിയുടെയും ഉപമന്യുവിന്റെയും കഥ പറഞ്ഞാണ് ഗുരുശിഷ്യകഥകള്‍ ആരംഭിക്കുന്നത്. ഉത്തങ്കന്റെ ഗുരുദക്ഷിണ, മൃതസഞ്ജീവനിമന്ത്രം അഭ്യസിക്കാന്‍ കചന്‍ അനുഷ്ഠിച്ച ത്യാഗങ്ങളുടെ കഥ പറയുന്ന കചനും മൃതസഞ് ജീവനിമന്ത്രവും, ഏകലവ്യന്റെ ഗുരുദക്ഷിണ, കര്‍ണ്ണന് ഗുരുശാപം ഏല്‍ക്കാനിടയായ കഥ തുടങ്ങി മധുരമനോഹരമായ കഥകളാണ് ഇതിലുള്ളത്.
അരവിന്ദന്‍ രചിച്ച ഈ പുസ്തകത്തെ ഗുരുശിഷ്യകഥകളുടെ അമൃതപ്രവാഹമെന്നാണ് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ വിശേഷിപ്പിക്കുന്നത്. ഈ കൃതി വായിക്കുമ്പോള്‍ ധര്‍മ്മനിഷ്ഠ, സത്യവ്രതം, സദാചാരബോധം സന്‍മാര്‍ഗ്ഗചിന്ത തുടങ്ങിയ മാനുഷികമൂല്യങ്ങള്‍ നമ്മുടെ മനസ്സിനെ വിശുദ്ധമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ബാല്യത്തില്‍ ഇത്തരം കഥകള്‍ പഠിക്കുന്നവര്‍ ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാനുള്ള പ്രാപ്തി നേടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പുരാണേതിഹാസങ്ങളില്‍നിന്ന് കണ്ടെടുത്ത ഈ കഥകള്‍ കുട്ടികളെ സല്‍ഗുണസമ്പന്നരാക്കുക, ഗുരുഭക്തി വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഗുരുശിഷ്യകഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. കൊച്ചുകൂട്ടുകാര്‍ക്ക് മനസ്സിലാവാത്ത പദങ്ങള്‍ പുസ്തകത്തിന്റെ ഒടുവില്‍ നല്‍കിയിരിക്കുന്നതാണ് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. ഓരോ കഥകള്‍ക്കുമുള്ള അര്‍ത്ഥസൂചി പ്രത്യേകം നല്‍കിയിരിക്കുന്നതു കൊണ്ട് തീരെ ചെറിയ കുട്ടികള്‍ക്കുപോലും അനായാസം അര്‍ത്ഥം മനസ്സിലാക്കി വായിക്കാന്‍ സാധിക്കും. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.