മലയാള സാഹിത്യത്തിന്റെ പ്രകാശഗോപുരമായ ഖസാക്കിന്റെ ഇതിഹാസ കഥാകാരൻ ഒ വി വിജയൻ
ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും ഒ.വി.വിജയന്‍ മലയാളിയുടെ മനസ്സില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രസക്തി അദ്ദേഹത്തെ സജീവ ചേതസ്സാക്കി നിലനിര്‍ത്തുന്നു. ഓരോ ചെറു ചലങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ആത്മതപം ഓരോ രചനകളിലെയും ഓരോ ശബ്ദങ്ങളെയും ത്രസിപ്പിക്കുന്ന ജീവകണങ്ങളാക്കുന്നു.
ഒ.വി. വിജയന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു ഖസാക്കിന്റെ ഇതിഹാസത്തെ. പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന വിജയൻ തന്റെ സഹോദരിയായ ഒ.വി. ഉഷയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടിൽ അവധിക്കാലത്ത് താമസിച്ചിരുന്നു. അവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകൾ തീർത്തത്. മലയാള നോവൽ സാഹിത്യത്തെ ക്ലാസിക് തലത്തിലേക്കുയർത്തിയ കാലാതിവർത്തിയായ കൃതിയായി ഖസാക്കിന്റെ സ്വാധീനം യുവതലമുറയുടെ അക്ഷരങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കിടക്കുന്നു
എഴുതി പന്ത്രണ്ടുവർഷത്തോളം വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടു നടന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് 1990-ലാണ് പുസ്തകത്തിന്റെ ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്.
മനുഷ്യന്റെയുള്ളിലെ അസ്ത്വിത്വവിഷാദവും പാപബോധവുമാണ് ഈ നോവലിന്റെ അന്തർധാരയെന്ന് പൊതുവിൽ പറയാവുന്നതാണ്. പാപത്തിൽ നിന്ന് പാപത്തിലേയ്ക്കുള്ള പ്രയാണത്തിലൂടെ ജീവിതത്തിന്റെ അർഥങ്ങളന്വേഷിക്കുന്ന ഒരു പര്യവേഷകനാണ് ഖസാക്കിലെ രവി. സങ്കീർണമായ ഒരുപിടി മാനസികതലങ്ങൾ നമുക്ക് ഈ നോവലിൽ അനുഭവവേദ്യമാകും. പുണ്യപാപചിന്തകളാൽ മഥിക്കപ്പെടുന്ന രവി, പുണ്യപാപസങ്കൽപ്പങ്ങളെ അപ്രസക്തമാക്കുന്ന മൈമുന, വ്യവസ്ഥാപിത – ആത്മാർഥ പ്രണയത്തിന്റെ മാതൃകയായ പദ്മ, നിഷ്കളങ്കവും വിശുദ്ധവുമായ സ്നേഹത്തിന്റെ മൂർത്തഭാവമായ കുഞ്ഞാമിന, മന്ദബുദ്ധിയെങ്കിലും ജീവിതത്തിന്റെയും ജൈവരാശികളുടെയും വളർച്ചകളെക്കുറിച്ച് അനുവാചകനെ ബോധവാനാക്കുന്ന അപ്പുക്കിളി, “നിനക്ക് അച്ഛന്റെ തനിഛായ ആണ്“ എന്ന് എപ്പോഴും പറയുന്ന യുവതിയായ അമ്മയിൽ നിന്ന് ഈഡിപ്പസ് കോമ്പ്ലക്സ് കാരണം ഒളിച്ചോടുന്ന മാധവൻ നായർ .. അങ്ങനെ സ്നേഹത്തിന്റെയും ധർമ്മാധർമ്മങ്ങളുടെയും പുണ്യപാപസങ്കൽപ്പങ്ങളുടെയും, ജീവിതാർഥങ്ങളുടെയും വിവിധവശങ്ങൾ സന്ദേഹിയായ വിജയൻ ഖസാക്കിലൂടെ അന്വേഷിക്കുന്നു. ഇവയ്ക്കൊന്നും ലളിതമായ, സ്പഷ്ടമായ ഉത്തരങ്ങൾ വിജയൻ പക്ഷേ നൽകുന്നില്ല. കഥ വായനക്കാരന് വിടുന്ന, അവനെ കഥയുടെ അനന്തരമനനം ഏറ്റെടുക്കുവാൻ നിർബന്ധിതനാക്കുന്ന എഴുത്തിന്റെ മാന്ത്രികനിലയിൽ വിജയൻ നോവലിനെ പ്രതിഷ്ഠിക്കുന്നു.
പുതുതലമുറയ്ക്ക് മലയാള സാഹിത്യത്തിലെ കാലാതിവർത്തിയായ കൃതികളുടെ പരിഭാഷ്യം പകർന്നു നൽകേണ്ടത് നമ്മുടെ കർത്തവ്യമാണ്. “ഖസാക്കിന്റെ ഇതിഹാസം” പോലെ ഭാഷയിലും പ്രമേയത്തിലും ഔന്നത്യത്തിൽ നിൽക്കുന്ന മലയാളനോവൽ സാഹിത്യചരിത്രത്തിന്റെ മാസ്റ്റർപീസായി നിലകൊള്ളുന്നു. പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.