അനേകം ആചാര്യപരമ്പരകളുടെ നിരീക്ഷണ പരീക്ഷണങ്ങളുടെ ആകെത്തുകയാണ് ഭാരതീയ നിര്‍മ്മാണതന്ത്രമായ വാസ്തുശാസ്ത്രം. ഈ ശാസ്ത്രം ശാസ്ത്രതത്ത്വങ്ങള്‍, വിശ്വാസസംഹിതകള്‍, ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍ എന്നീ മൂന്നു വ്യത്യസ്തമായ ഇഴകള്‍ കെട്ടിപ്പിണഞ്ഞ് ബലവത്തായ ഒരു ചരടാണ്. ഈ ഇഴകളുടെ പിരിമുറുക്കം നഷ്ടപ്പെടുമ്പോള്‍ വാസ്തുശാസ്ത്രത്തിന്റെ തിളക്കം കുറയുന്നു. സംസ്‌കൃതഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന മൂലശാസ്ത്രഗ്രന്ഥങ്ങളിലെ ശാസ്ത്രസത്യങ്ങളെ ഭാഷാജ്ഞാനക്കുറവുകൊണ്ട് സാധാരണ തച്ചുശാസ്ത്രക്കാര്‍ക്ക് അപഗ്രഥിക്കാന്‍ കഴിയാറില്ല. ഇത് ഈ ശാസ്ത്രത്തിനു ധാരാളം പോരായ്മകള്‍ വരുത്തിവെക്കുന്നുണ്ട്. ഈ കുറവുകള്‍ ഒരു പരിധിവരെ പരിഹരിക്കുന്ന ഡോ. പി വി ഔസേഫിന്റെ ഏറ്റവും പുതിയ പുസ്തമാണ് വാസ്തു പ്രശ്‌നോപനിഷത്ത്.
വാസ്തുശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ക്കും സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ മനസസ്സിലാക്കാന്‍ കഴിയും വിധം ഗവേഷണപരമായ കാഴ്ചപ്പാടോടെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് വാസ്തു പ്രശ്‌നോപനിഷത്ത് എന്ന പുസ്തകത്തില്‍ നടത്തിയിരിക്കുന്നത്, വാസ്തുശാസ്ത്ര നിര്‍ദ്ദേശപ്രകാരം നല്ല ഭൂമി- ചീച്ചഭൂമി എന്താണ്? സൂത്രവിന്യാസം? എന്താണ് വേധ ദോഷം? ഗൃഹരൂപകല്പനയുടെ അടിസ്ഥാന അളവുകള്‍ എന്തൊക്കെയാണ്? എന്താണ് വാസ്തു പുരുഷമണ്ഡലം? തുടങ്ങി ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കാനാഗ്രിക്കുന്ന ഒരാളുടെ മുന്നില്‍ ഉയര്‍ന്നുവരാവുന്ന വാസ്തുശാസ്ത്രസംബന്ധിയായ ഒട്ടനവധി ചോദ്യങ്ങളെ വിശകലനം ചെയ്യുന്ന, അവയ്ക്ക് വ്യക്തമായ ഉത്തരം നല്കുന്ന കൃതിയാണിത്.
പഴമയുടെ മണമുള്ള നാലുകെട്ടുകള്‍ ഉള്‍പ്പെടെ ഇന്നിന്റെ സമൂഹം ആവശ്യപ്പെടുന്ന ആധുനിക സജ്ജീകരണങ്ങളുള്ള ഫഌറ്റുകളും ബെഹുനില കെട്ടിടങ്ങളും എല്ലാം നിര്‍മ്മിക്കുന്നതിനുള്ള കണക്കുകള്‍ സ്ഥാനം , തുടങ്ങി ചെറിയവസ്തുക്കളുടെയും വലിയനിര്‍മ്മിതികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒരു പോലെ ബാധകമായ വാസ്തുശാസ്ത്രത്തെ ലളിതമായും പ്രായോഗിക വീക്ഷണത്തിലും അവതരിപ്പിക്കുകയാണ് വാസ്തു പ്രശ്‌നോപനിഷത്ത്. ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകം ഡി സി ബുക്‌സിന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്.
തൃശൂരിലെ വെള്ളാറ്റഞ്ഞൂരില്‍ 1951ലാണ് ഡോ. പി വി ഔസോഫ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പാര്‍ളിക്കാട് വ്യാസ കോളജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ്, പാവറട്ടി സംസ്‌കൃത വിദ്യാപീഠം എന്നിവിടങ്ങളിലായി പഠനം നടത്തി. ഗുരു തോന്നല്ലൂര്‍ മാധവവാര്യരുടെ ശിഷ്യനായി പാരമ്പര്യശാസ്ത്രം അഭ്യസിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സംസ്‌കൃതം എംഎയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റും നേടി. മുണ്ടത്തിക്കോട് സ്‌കൂളില്‍ സംസ്‌കൃതം അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ വാസ്തുവിദ്യാ വിഭാഗം അദ്ധ്യക്ഷനായിരുന്നു. വാസ്തു ശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.