മാല്‍ഗുഡി ദിനങ്ങള്‍, മാല്‍ഗുഡിയിലെ കടുവ തുടങ്ങിയ ശ്രദ്ധേയമായ കൃതികളിലൂടെ ആര്‍.കെ.നാരായണ്‍ മാല്‍ഗുഡി എന്ന സാങ്കല്‍പിക ഗ്രാമത്തെയും അവിടുത്തെ നന്മതിന്മകള്‍ നിറഞ്ഞ ഒട്ടേറെ മനുഷ്യരെയും ലോകഭൂപടത്തില്‍ വരച്ചിട്ടു. 14 നോവലുകളും ഒട്ടനവധി ചെറുകഥകളും മാല്‍ഗുഡിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രചിച്ചു. 1960ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ‘ദി ഗൈഡ്’ അക്കൂട്ടത്തില്‍പെട്ട ഒന്നാണ്.
സ്വതസിദ്ധമായ നര്‍മ്മവും ലാളിത്യവും കലര്‍ന്ന രീതിയില്‍ മാല്‍ഗുഡിയുടെ കഥാകാരന്‍ രചിച്ച ‘ദി ഗൈഡ്’ വഴികാട്ടി എന്നപേരില്‍ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ സച്ചിദാനന്ദന്‍ പുഴങ്കരയാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്. ഒരു മലയാള നോവലെന്ന പോലെ ആസ്വാദ്യമായ വഴികാട്ടിയുടെ മൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
ഒരുവിധം എല്ലാ കൊള്ളരുതായ്മകളുമായി നടക്കുന്ന റെയില്‍വേ രാജുവിന്റെ സംഭവബഹുലമായ ജീവിതകഥയാണ് വഴികാട്ടി പറയുന്നത്. ഒരേസമയം കടയുടെ കരാറുകാരനായും മാല്‍ഗുഡിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വഴികാട്ടിയായും പ്രവര്‍ത്തിക്കുന്ന രാജു യാദൃച്ഛികമായി ഒരു നര്‍ത്തകിയെ കണ്ടുമുട്ടി. അവളുടെ ഭര്‍ത്താവിനെ ഒഴിവാക്കി അവളെ സ്വന്തമാക്കിയ രാജു അവള്‍ക്ക് പ്രസിദ്ധയായ നര്‍ത്തകി എന്ന പദവി വാങ്ങിക്കൊടുക്കുന്നതിലും വിജയിച്ചു. എന്നാല്‍ വിധിവൈപരീത്യത്താല്‍ തന്ത്രങ്ങള്‍ പരാജയപ്പെട്ട് രാജു ജയിലിലായി.
ജയിലില്‍ നിന്നിറങ്ങിയ രാജുവിന്റെ ജീവിതത്തില്‍ വീണ്ടും അത്ഭുതങ്ങള്‍ നടന്നു. ഒരു സ്വാമിയുടെ വേഷത്തില്‍ ജനങ്ങളുടെ മുഴുവന്‍ വഴികാട്ടിയായി അയാള്‍ മാറി. ഇത്തരത്തില്‍ ഏറ്വെ സങ്കീര്‍ണ്ണമായ ഇതിവൃത്തമാണ് അയത്‌നലളിതമായി നോവലില്‍ ഇതള്‍ വിരിയുന്നത്.
അടുക്കള, പച്ച, ഇവളെ വായിക്കുമ്പോള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളിലൂടെയും ഹിറ്റ് സിനിമാഗാനങ്ങളിലൂടെയും ശ്രദ്ധേയനായ സച്ചിദാനന്ദന്‍ പുഴങ്കര നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ആദ്ധ്യാത്മിക രചനകളുടെ തര്‍ജ്ജമയില്‍ വ്യാപൃതനാണ് ഇപ്പോള്‍ അദ്ദേഹം.