ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ നാലാം ദിനം പിന്നിട്ടപ്പോള്‍ കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും ആവേശം പകര്‍ന്നത് എഴുത്തുകാരനും എം പിയുമായ ശശീതരൂരാണ്. അദ്ദേഹത്തിന്റൊപ്പം വേദിപങ്കിടാന്‍ ഗാനരചയിതാവും തിക്കഥാകൃത്തുമായ ജാവേദ് അക്തറും ആന്‍ഡ്രൂ റോബര്‍ട്ട്‌സും ഉണ്ടായിരുന്നു.
ഈസ്റ്റിന്ത്യകമ്പനി ഇന്ത്യയോട് ചെയ്ത ക്രൂരതകള്‍ വിവരിക്കുന്ന തന്റെ പുതിയ പുസ്തകം ആന്‍ ഇറ ഓഫ് ഡാര്‍ക്കന്‍സുമായി എത്തിയ ശശീതരൂരിനെ കരഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. ബ്രിട്ടീഷ് സമൂഹം ഇന്ത്യയോട് ചെയ്ത ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ ശശിതരൂര്‍, ഇന്ത്യന്‍ നവോത്ഥാനം ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ നിന്നുണ്ടായതല്ല എന്ന് അയ്യങ്കാളിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി തെളിയിച്ചു. മാത്രമല്ല ഇന്ത്യയെകീഴടക്കാന്‍ നമ്മുടെ വ്യാപാരത്തെ നിയന്ത്രിച്ചാല്‍ മതിയെന്ന് ഈസ്റ്റിന്ത്യാ കമ്മറ്റിക്ക് അറിയാമായിരുന്നു എന്നും ഇക്കാരണത്താലാണ് നമ്മുടെ തുറമുഖങ്ങള്‍ നിയന്ത്രണവിധേയമാക്കിയതെന്നും അദ്ദേഹം ചൂട്ടിക്കാട്ടി. അമിതമായി നികുതി ഈടാക്കുക, കൊള്ളനടത്തുക, എന്നിവയും കമ്പനിയുടെ രീതികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിരുന്നു ലോകത്തില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയിരുന്നത്. എന്നാല്‍ മത്സരങ്ങള്‍ ഒഴിവാക്കാനായി അവര്‍ മുര്‍ഷിദാബാദിലും ധാക്കയിലുമുള്ള മില്ലുകള്‍ നശിപ്പിച്ചു. നെയ്ത്തുകാരെപ്പോലും വെറുതേവിടാന്‍ അവര്‍ തയ്യാറാകാതെ അവര്‍ അവരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. ഒടുവില്‍ ഏറ്റവും വലിയ തുണികയറ്റുമതിക്കാര്‍ ഇംഗ്ലണ്ടിന്റെ വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചു. – തരൂര്‍ പറഞ്ഞു. കൂടാതെ അന്ന് ഇന്ത്യയുടേത് നവീനമായ ബാങ്കിങ് സംവിധാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാത്തവണത്തെയും പോലെ ജാവേദ് അക്തറിനെ കാണാനും അദ്ദേഹത്തിന്റെ സംഭാഷണം കേള്‍ക്കാനുമായി ആയിരങ്ങളാണ് സദസ്സില്‍ വന്നുനിറഞ്ഞത്. യുവതലമുറ ബുദ്ധിയുള്ളവരാണെന്നും അവരുടെ സാധ്യതകളെ തെറ്റിദ്ധരിച്ചവരാണ് നിലവാരം കുറഞ്ഞ കലാസൃഷ്ടികള്‍ അവര്‍ക്കായി ഉണ്ടാക്കുന്നതെന്നും ജാവേദ് പറഞ്ഞു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെകുറിച്ചുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തലുകളോടുകൂടിയ ജീവചരിത്രം എഴുതിയ ആന്‍ഡ്രൂ റോബര്‍ട്ട്‌സ് തന്റെ എഴുത്തുഭവങ്ങളും സദസ്യരുമായി പങ്കിട്ടു. സാഹിത്യോത്സവം തിങ്കളാഴ്ച സമാപിക്കും.