കല്യാശ്ശേരി തീസിസ്, 100 മില്ലി കാവ്യജീവിതം, ഹിരോഷിമയുടെ പ്യൂപ്പ, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍, ഒ.വി.വിജയന്റെ കാമുകി, സഹയാത്രിക, പ്രതിനായകന്‍ തുടങ്ങി പ്രമേയപരമായി വ്യത്യസ്തത പുലര്‍ത്തുന്ന എട്ട് കഥകളുടെ സമാഹാരമാണ് അബിന്‍ ജോസഫിന്റെ കല്ല്യാശ്ശേരി തീസിസ്. പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. പ്രസിദ്ധീകരിച്ച അടുത്തമാസങ്ങളില്‍ തന്നെ രണ്ടാമത് പതിപ്പ് ഇറങ്ങുന്ന അപൂര്‍വ്വ പുസ്തകങ്ങളുടെ ഗണത്തിലാണിപ്പോള്‍ അബിന്റെ കല്ല്യാശ്ശേരി തീസിസ്.
സഖാവ് എന്‍.സി.ആര്‍ നാരായണനെ പാര്‍ട്ടി പുറത്താക്കിയതിന്റെ പിറ്റേന്ന്, അരിയങ്കോട്ട് നൂറുദീന്‍ മുസല്യാര്‍ പുറപ്പെട്ടുപോയ ദിവസം, ചിദംബരം ചെട്ടിയാരുടെ കൈയില്‍ നിന്ന് ഒരു ആയുര്‍വേദഗ്രന്ഥം വാങ്ങാന്‍ അഞ്ചാം പീടികയില്‍ വണ്ടിയിറങ്ങിയ രണ്ടുപേരില്‍ ഒരാളുടെ ശവം ഇന്നുവരെ കണ്ടെത്തിയിട്ടില്ല..എന്ന് തുടങ്ങുന്ന തൊണ്ണൂറ്റി രണ്ടില്‍ കാണാതായ അച്ഛനെത്തേടി ഒരു മകന്‍ നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ വിഷയമാക്കിയാണ് പുസ്തകത്തിലെ കല്ല്യാശ്ശേരി തീസിസ്.എന്ന കഥ രചിച്ചിട്ടുള്ളത്.
കുന്നുങ്കുളത്തെ അംബ്രോസുവൈദ്യരടെ പട്ടഷാപ്പില്‍ വച്ച് ജോണ്‍ എബ്രഹാമിനെ ആദ്യമായി കണ്ടുമുട്ടിയ രാത്രിമുതല്‍ സദാനന്ദന്‍ വക്കീലിന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അയാളുടെ ജീവിതഗതിയും പറയുന്ന കഥയാണ് 100 മില്ലികാവ്യജീവിതം. ഇങ്ങനെ ജീവിതത്തിന്റെ ഉപ്പും മുളകും പുരട്ടി, അലങ്കാരങ്ങളില്ലാത്ത ഭാഷയിലാണ് ഇതിലെ എട്ടുകഥകളും അവതരിപ്പിക്കുന്നത്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂര്‍ണ്ണവുമായ മുഖം അനാവരണം ചെയ്യുന്നവയാണ് ഇതിലെ കഥകളെല്ലാം.
പത്രപ്രവര്‍ത്തകനായ അബിന്‍ ജോസഫിന് കല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്‌മെന്റ്, കലാകൗമുദി കഥാപുരസ്‌കാരം, അങ്കണം അവാര്‍ഡ്, രാജലക്ഷ്മി കഥാപുരസ്‌കാരം, അകം മാസിക കഥാ അവാര്‍ഡ്, ഉറൂബ് അവാര്‍ഡ്, കണ്ണൂര്‍ യൂൂണിവേഴ്‌സിറ്റി കഥാപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അബിന്‍ ജോസഫിന്റെ ആദ്യ കഥാസമാഹാരമാണ് കല്ല്യാശ്ശേരി തീസിസ്.