“നാളയീ പീതപുഷ്പങ്ങള്‍ കൊഴിഞ്ഞിട്ടും
പാതയില്‍ നിന്നെത്തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവി
കൊല്ലം മുഴുക്കേ ജയിലിലാണോ…”
ഇടക്കാലത്ത് നമ്മുടെയെല്ലാം ചുണ്ടുകളില്‍ നിന്നും മായാതെ നിന്ന വരികളാണിത്. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കീഴടങ്ങേണ്ടിവന്നുവെങ്കിലും നവമാധ്യമങ്ങളിലെല്ലാം തരംഗമായിരുന്നു സഖാവ് എന്ന ഈ കവിതയും അതിന്റെ ദൃശ്യാവിഷ്‌കാരവും. എന്നാല്‍ ഇപ്പോള്‍ മറന്നുതുടങ്ങിയ ഈ കവിതവീണ്ടും യുവഹൃദയങ്ങളിലേക്ക് എത്തുകയാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സഖാവ് എന്ന പുസ്തകത്തിന്റെ രണ്ടാമത് പതിപ്പിലൂടെ..
കോട്ടയം സിഎംഎസ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന കാലത്ത് സാം മാത്യു എഴുതിയ കവിതയാണ് സഖാവ്. മരങ്ങള്‍ ഒരുപാടുള്ള കോളജ്ക്യാംപസിലെ ഒരു പൂമരത്തിന് അവിടുത്തെ വിദ്യാര്‍ത്ഥിയായ ഒരു സഖാവിനോട് തോന്നുന്ന പ്രണയം പശ്ചാത്തലമാക്കി രചിച്ച കവിത തലശ്ശേരി ബ്രണ്ണന്‍ കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്യദയാലാല്‍ പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് ‘സഖാവ്’ ഉള്‍പ്പെടെ സാംമാത്യുവിന്റെ ശ്രദ്ധേയങ്ങളായ മറ്റ് കവിതകളും ഉള്‍പ്പെടുത്തി ഡി സി ബു്ക്‌സ് സഖാവ് എന്ന പേരില്‍ തന്നെ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കുകയായിരുന്നു. ആ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണിപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. പഠനകാലത്തും അല്ലാത്തപ്പോഴുമൊക്കയായി സാം മാത്യു രചിച്ച ചെറുതും വലുതുമായ കവിതകളുടെ സമാഹമാണ് സഖാവ്. സാമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “തുറക്കാത്ത വാതിലുകള്‍ക്കുനേരെ കല്ലെറിഞ്ഞതിന്റെയും കേള്‍ക്കാത്തവര്‍ക്ക് കുറുകെ കമ്പുനാട്ടിയതിന്റെയും പറയാതെ കൊണ്ടു നടന്നത് കരളില്‍ മുളച്ചതിന്റെയും രേഖകളാണ് ഇതിലെ കവിതകള്‍.”
ഒഴിവുകാലം, ഇരിപ്പിടം, വിദൂരം, പടര്‍പ്പ്, കിളിര്‍പ്പുകള്‍, കണ്ടുകെട്ടല്‍, പുതപ്പ്, മിച്ചം, തോട്ടം, ഛര്‍ദ്ദില്‍, പ്രണയം, മടക്കം, നുണ, സ്മാരകങ്ങള്‍ തുടങ്ങി നൂറോളം കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ചെറുതെങ്കിലും വാക്കിന്റെ അര്‍ത്ഥംകൊണ്ട് വലുതായ വ്യത്യസ്തമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നു ഇതിലെ കവിതകള്‍.